കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ആരോഗ്യ രംഗം വെന്റിലേറ്ററില്‍; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക ഇപ്പോഴും ബാക്കി; നയപ്രഖ്യാപനം 'അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചത്'; വിമര്‍ശവുമായി വി ഡി സതീശന്‍

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ആരോഗ്യ രംഗം വെന്റിലേറ്ററില്‍

Update: 2026-01-20 07:43 GMT

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് സതീശന്‍ പഖഞ്ഞു ആരോഗ്യമേഖലയിലെ അവകാശ വാദം തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. ലോകത്തുളള എല്ലാ പകര്‍ച്ചവ്യാധികളുമുളള സംസ്ഥാനമായി കേരളം മാറിയെന്ന് സതീശന്‍ ആരോപിച്ചു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക ഇപ്പോഴും ബാക്കിയാണെന്നും സതീശന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ അവസ്ഥയിലാണ്. ക്രമസമാധാനം ഇന്നോളമില്ലാത്ത രീതിയില്‍ പ്രതിസന്ധിയിലാണ്. മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണ്. അവര്‍ക്ക് കുടപിടിച്ച് കൊടുക്കുകയാണ് സര്‍ക്കാര്‍. ഗുണ്ടകള്‍ തെരുവില്‍ സൈ്വര്യവിഹാരം ചെയ്യുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കാര്‍ഷിക രംഗം തകര്‍ച്ചയിലാണ്. കൃഷിയില്‍ നിന്ന് ആളുകള്‍ പിന്‍വാങ്ങുകയാണ്. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് അധികാരത്തിലെത്തിയത്. പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്ന് പോലും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. വര്‍ഗീയ വാദം ഉയര്‍ത്തിയ മന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയാണ് മതേതരത്വം പറയുന്നത്. ഏറ്റവും മോശമായി പ്രവര്‍ത്തിച്ച സര്‍ക്കാരാണിതെന്നും നയപ്രഖ്യാപന രേഖയ്ക്ക് ഒരു പ്രസക്തിയുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയിലും വി ഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ ആസൂത്രണം ചെയ്തതാണിത്. ഒരു മന്ത്രിയോ രാഷ്ട്രീയ നേതാവോ പറയാത്ത പരാമര്‍ശമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. ഇതുവരെ മന്ത്രി സജി ചെറിയാനെ തിരുത്തിക്കാന്‍ തയ്യാറായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വര്‍ണക്കൊള്ളയില്‍ ശ്രദ്ധതെറ്റിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുരുതര ക്രമക്കേടാണ് ശബരിമലയില്‍ സംഭവിച്ചത്. പിന്നില്‍ അന്താരാഷ്ട്ര മാഫിയയുമുണ്ട്. കുറ്റക്കാര്‍ പുറത്തുവരണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം, നയപ്രഖ്യാപന പ്രസംഗം തിരുത്തിയ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. നയപ്രഖ്യാപന പ്രസംഗം തിരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും പറഞ്ഞ പ്രതിപക്ഷം ഈ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിന് ഒപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News