പ്രതിപക്ഷ നേതാവിന്റേത് കോണ്‍ഗ്രസിന്റെ അഭിപ്രായം; അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിര്‍ക്കും; പിന്തുണയുമായി കെ മുരളീധരന്‍; സജി ചെറിയാന്‍ പറഞ്ഞത് പച്ചയായ വര്‍ഗീയത, ബിജെപിക്കാര്‍ക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വര്‍ഗീയത പറയാനായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ്
പ്രതിപക്ഷ നേതാവിന്റേത് കോണ്‍ഗ്രസിന്റെ അഭിപ്രായം
തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ യോജിക്കുന്നതില്‍ തെറ്റില്ല എന്നാല്‍ സ്വര്‍ണം കട്ടവര്‍ക്ക് ആരും വോട്ടുചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പ്രതിപക്ഷനേതാവ് പറയുന്നത് കോണ്‍ഗ്രസിന്റെ അഭിപ്രായമാണ്. പ്രതിപക്ഷ നേതാവിന് പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും കെ മുരളീധരന്‍വ്യക്തമാക്കി.
വി ഡി സതീശനെ ആക്രമിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ല. ശക്തമായി എതിര്‍ക്കുകയും ചെയ്യും. സതീശനെ മാത്രമല്ല ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിക്ക് പുറത്തുള്ള ആര് വിമര്‍ശിച്ചാലും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശവും വിദ്വേഷ പ്രസ്താവനകളെയുമാണ് ഞങ്ങള്‍ വിമര്‍ശിച്ചത്. അത് ഒരു സമുദായത്തിനെതിരായ വിമര്‍ശനം അല്ല. വെള്ളാപ്പള്ളി നടേശന്‍ ഒരു കടുത്ത വര്‍ഗീയവാദിയാണ് എന്നൊന്നും താന്‍ പറയില്ല. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശത്തോട് മാത്രമാണ് വിമര്‍ശിക്കുന്നത്. സാമുദായിക ഐക്യം നല്ലതാണ്. അത് തങ്ങള്‍ക്ക് എതിരാണെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
പരിപൂര്‍ണമായി സംഘപരിവാര്‍ അജണ്ടയിലേക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മാറി എന്നതിന്റെ തെളിവാണ് സജി ചെറിയാന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. പച്ചവര്‍ഗീയതയാണ് സജി ചെറിയാന്‍ പറഞ്ഞത്. ബിജെപിക്കാര്‍ക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വര്‍ഗീയത പറയാനായിട്ടില്ല. ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നതില്‍ എം എ ബേബിയും ഗോവിന്ദനുമടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയപ്പോള്‍ ഒരു അക്ഷരം ആരും മിണ്ടിയില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും സംഘപരിവാറിന്റെ കേരളത്തിലെ ബി ടീം ആയി മാറിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞത് പാര്‍ട്ടിയുടെ അഭിപ്രായമാണ്. കാന്തപുരത്തിന്റെ കേരള യാത്രയുടെ അന്തസ് കെടുത്തും വിധം പ്രസ്താവന നടത്തിയത് പിണറായി വിജയനാണ്. മാറാട് വിഷയം വലിച്ചിഴച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ശക്തമായ മറുപടി നല്‍കുകയാണ് ഉണ്ടായത് അതില്‍ തെറ്റില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. സാമുദായിക നേതാക്കന്മാരെ എല്ലാവരും സന്ദര്‍ശിക്കാറുണ്ട്. അതിനെ തിണ്ണ നിരങ്ങുക എന്നാരും പറയാറില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയോളം യോഗ്യന്‍ കോണ്‍ഗ്രസില്‍ വേറെ ആരുണ്ടെന്ന എന്‍എസ്എസ് അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ പറയണ്ടാന്ന് പറയാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
