'കേരളത്തിലുള്ളവർ തമിഴ്നാട്ടിലും കർണാടകത്തിലും പോകാറില്ലേ?'; അയൽസംസ്ഥാനങ്ങളിലെ ഹൈ സ്പീഡ് റെയിൽ കേരളത്തിനും ഗുണമെന്ന വിചിത്ര വാദവുമായി അശ്വിനി വൈഷ്ണവ്
ദില്ലി: തമിഴ്നാട്ടിലും കർണാടകത്തിലും കേന്ദ്രം പ്രഖ്യാപിച്ച ഹൈ സ്പീഡ് റെയിൽവേ കോറിഡോറുകൾ കേരളത്തിനും ഗുണകരമാകുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് എങ്ങനെയാണ് ഇത് ഗുണകരമാകുക എന്ന ചോദ്യത്തിന്, "കേരളത്തിലുള്ളവർ തമിഴ്നാട്ടിലും കർണാടകത്തിലും പോകാറില്ലേ?" എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. റെയിൽവേയുടെ പുതിയ അതിവേഗ പദ്ധതികളിൽ കേരളത്തെ തഴഞ്ഞ് അയൽസംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രതികരണം.
അതേസമയം, കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ വിമർശിച്ചു. തമിഴ്നാടിനും കർണാടകയ്ക്കും അതിവേഗ റെയിൽ ഇടനാഴികൾ ലഭിച്ചപ്പോൾ, കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴികളിൽ കേരളത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ്, നിലവിൽ പ്രഖ്യാപിക്കാത്ത ഇടനാഴികൾ പോലും കേരളത്തിന് പ്രയോജനം ചെയ്യുമെന്ന മന്ത്രിയുടെ വാദം ശ്രദ്ധ നേടിയത്.
അതിനിടെ, കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനമുണ്ടാകില്ലെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. എന്നിരുന്നാലും, കേരളത്തിനായുള്ള അതിവേഗ റെയിൽ പദ്ധതിയിൽ താൻ ഇപ്പോഴും പ്രതീക്ഷ പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് നാളെ പൊന്നാനിയിൽ ഓഫീസ് തുറക്കുന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, കേന്ദ്ര അനുമതി ലഭിക്കുമെന്നും ഇ. ശ്രീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പദ്ധതി വൈകുന്നതിന് പ്രധാന കാരണം സംസ്ഥാന സർക്കാരാണെന്ന് ഇ. ശ്രീധരൻ കുറ്റപ്പെടുത്തി. കെ-റെയിൽ വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കാത്തതാണ് വലിയ തിരിച്ചടിയായത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഇതിനായി കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഇപ്പോൾ മുന്നോട്ട് വെക്കുന്ന ആർആർടിഎസ് (റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) പദ്ധതി വെറുമൊരു 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണെന്നും, ഇത് മണ്ടൻ തീരുമാനമാണെന്നും ശ്രീധരൻ രൂക്ഷമായി വിമർശിച്ചു.
