കെ സി രാമചന്ദ്രന് 1308, അണ്ണന്‍ സിജിത്തിന് 1305, ട്രൗസര്‍ മനോജിന് 1295, ടി കെ രജീഷിന് 1167: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത; പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് പരോള്‍ കൊടുത്ത് സംരക്ഷിക്കുന്നതെന്ന് നിയമസഭയില്‍ കെ കെ രമ

ടി പി വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാരിന്റെ ഉദാരമനസ്‌കത

Update: 2025-03-17 11:11 GMT

തിരുവനന്തപുരം: ആര്‍ എം പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിക്കുന്നതില്‍ ഉദാരമനസ്‌കരായി സര്‍ക്കാര്‍. പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ കിട്ടുന്നതിനെ ടി പിയുടെ ഭാര്യയും എം എല്‍ എയുമായ കെ കെ രമ തിങ്കളാഴ്ച നിയമസഭയില്‍ ചോദ്യം ചെയ്തു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേസിലെ മൂന്നുപ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചെന്നും, ആറുപ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും ഫെബ്രുവരിയില്‍, സഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.

ടി പി കേസിലെ പ്രതികള്‍ക്ക് ഇത്രയധികം ദിവസത്തെ പരോള്‍ എങ്ങനെയെന്ന ചോദ്യമാണ് രമ ഉയര്‍ത്തിയത്. ടി പി കേസിലെ പ്രതികള്‍ക്ക് ഇഷ്ടംപോലെ പരോളും ജാമ്യവുവും കിട്ടുന്നുണ്ട്. കേസുമായി ഒരു ബന്ധവുമില്ല എന്നാണ് സര്‍ക്കാര്‍ 24 മണിക്കൂറും ആണയിടുന്നത്. പക്ഷേ പ്രതികളെ ജയിലില്‍ നിര്‍ത്താന്‍ സൗകര്യമില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാലും എങ്ങനെയാണ് ടി പി കേസിലെ പ്രതികള്‍ക്ക് മാത്രം ഇങ്ങനെ പരോള്‍ കിട്ടുന്നതെന്നും രമ ചോദിച്ചു.

ടി പി കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്റെ വിവരങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു രമയുടെ ചോദ്യങ്ങള്‍. കെ സി രാമചന്ദ്രന്‍ എന്ന പ്രതിക്ക് 1308 ദിവസത്തെ പരോള്‍ കിട്ടി. അണ്ണന്‍ സിജിത്ത് എന്ന പ്രതിക്ക് 1305 ദിവസത്തെ പരോളാണ് ലഭിച്ചത്. ട്രൗസര്‍ മനോജിന് 1295 ദിവസത്തെ പരോളും ടി കെ രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചെന്ന് രമ ചൂണ്ടികാട്ടി. നിങ്ങള്‍ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോള്‍ കൊടുത്ത് അവരെ നിങ്ങള്‍ സംരക്ഷിക്കുന്നതെന്ന വിമര്‍ശനവും സര്‍ക്കാരിനെതിരെ രമ ഉന്നയിച്ചു.

അതിനിടെ രമയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാനത്തില്‍ ജമീല രംഗത്തെത്തിയത് ശ്രദ്ധേയമായി. പരോള്‍ പ്രതികളുടെ അവകാശമെന്ന് പറഞ്ഞ കാനത്തില്‍ ജമീല, യു ഡി എഫ് സര്‍ക്കാരാണ് കേസിലെ പ്രതികള്‍ക്ക് ആദ്യം പരോള്‍ നല്‍കിയതെന്നും ചൂണ്ടികാട്ടി. പ്രതികളുടെ പരോളിന്റെ കാര്യത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അനാവശ്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോള്‍ അനുവദിച്ചത്. കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമായിരുന്നു.

Tags:    

Similar News