നിര്‍മല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയതെന്ന് ചെന്നിത്തല; അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ്; ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ല; രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി; നിയസഭയില്‍ വാക് പോര്

നിയസഭയില്‍ വാക് പോര്

Update: 2025-03-17 11:48 GMT

തിരുവനന്തപുരം: രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്ന് മുഖ്യമന്ത്രി. ഡല്‍ഹി കേരളഹൗസില്‍, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം നടന്നെന്നാണ് ചെന്നിത്തല പറയുന്നത്.

എംപിമാര്‍ക്ക് വിരുന്ന് നല്‍കാനാണ് ഗവര്‍ണര്‍ പോയത്. ഫ്‌ലൈറ്റിലിരുന്നപ്പോള്‍ വിരുന്നിന് വരാന്‍ തന്നെ ഗവര്‍ണര്‍ വീണ്ടും ക്ഷണിച്ചു. നിര്‍മ്മലാ സീതാരാമന്‍ േ്രബക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞാണ് ഗവര്‍ണറെ കൂടി വിളിച്ചത്. ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ല. രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നും അല്ല പോയത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മല സീതാരാമനുായി നാടിനെതിരായ കാര്യങ്ങളല്ല നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ധനമന്ത്രി വരുന്ന കാര്യം ഗവര്‍ണറെ അറിയിച്ചപ്പോള്‍ കൂടെ വരാമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് തന്റേതായ രാഷ്ട്രീയമുണ്ട്, നിര്‍മ്മല സീതാരാമനും ഗവര്‍ണര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മൗലിക അവകാശങ്ങളും ലംഘിച്ച അടിയന്താരാവസ്ഥയെ അമിതാധികാര പ്രയോഗം എന്നാണ് സിപിഎം വിശേഷിപ്പിച്ചതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

'കേരള ഹൗസിലെ വിരുന്നില്‍വച്ച് താന്‍ ഗവര്‍ണറെ ക്ഷണിച്ചതാണന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നിര്‍മല സീതാരാമന്‍ ബ്രേക്ക് ഫാസ്റ്റിന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ക്ഷണിച്ചത്. ഗവര്‍ണര്‍ അത് സ്വീകരിച്ചു. ഗവര്‍ണറുടെ അത്താഴവിരുന്നില്‍ പങ്കെടുക്കില്ലെന്ന് ആദ്യം അറിയിച്ചിരുന്നു. വിമാനത്തില്‍വച്ച് കണ്ടപ്പോള്‍ അത്താഴവിരുന്നിന്റെ കാര്യം ഗവര്‍ണര്‍ വീണ്ടും അറിയിച്ചു. വിമാനത്തില്‍ അടുത്തടുത്ത സീറ്റില്‍ ആണ് ഇരുന്നത്. നിര്‍മല സീതാരാമനെ കണ്ടതില്‍ എന്തോ വലിയ കാര്യമുണ്ടെന്നാണ് ചെന്നിത്തല പറയുന്നത്'- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, എന്ത് അനൗദ്യോഗിക സന്ദര്‍ശനമാണ് നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ബിജെപി ഫാസിസ്റ്റ് അല്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാട് മുഖ്യമന്ത്രിയുടെ ലൈനായി മാറുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ സിപിഎം ബിജെപിയുമായി കൈകോര്‍ക്കുന്നതിന്റെ റിഹേഴ്‌സല്‍ ആയിരുന്നു ഡല്‍ഹിയില്‍ നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപിയുമായി സിപിഎം ധാരണ ഉണ്ടാക്കി. ഗവര്‍ണര്‍ ബിജെപിക്കും മുഖ്യമന്ത്രിക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് അതറിയാന്‍ അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളോട് അഭിപ്രായം ചോദിക്കുന്നു. ഉത്തരം വളഞ്ഞാല്‍ മോന്തായവും വളയുമെന്ന അവസ്ഥയാണ്. അനധികൃത പരോള്‍ അനുവദിക്കുന്നു. നാട്ടില്‍ ക്രിമിനല്‍ വാഴ്ചയാണ്. ലഹരി മാഫിയ കേരളത്തില്‍ വിളയാടുന്നു. കോടിയേരി തുടങ്ങിയ ജനമൈത്രി പൊലീസിനെ പിണറായി ജനവിരുദ്ധ പൊലീസാക്കി. പൊലീസിനെ മുഴുവനായും രാഷ്ട്രീയവത്കരിച്ചു. കൊല്ലും കൊലയും പിടിച്ച് പറിയും ആണ് എല്ലായിടത്തും. ഒരുമാസത്തിനകത്ത് 70 പേര്‍ കൊല്ലപ്പെട്ടു. തുഷാര്‍ ഗാന്ധിയെ തടഞ്ഞവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി പറഞ്ഞു വിട്ടു. നിര്‍മല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയത്? അത് ജനങ്ങള്‍ക്ക് അറിയണം. കേന്ദ്ര ധനമന്ത്രി അനൗദ്യോഗികമായി വന്ന് മുഖ്യമന്ത്രിയെ കണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയമുണ്ട്. ഗവര്‍ണറുടെ മധ്യസ്ഥതയിലാണ് കൂടിക്കാഴ്ച നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയത്.

കേന്ദ്ര സര്‍ക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. ഞങ്ങള്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടിപി കേസ് പ്രതികളുടെ പരോളിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിലപാടെടുത്തു. കോവിഡ് കാലം കൂടി നോക്കുമ്പോള്‍ പരോള്‍ വലിയ സംഖ്യയായി തോന്നാം. കോവിഡ് കാലത്ത് 651 ദിവസം വരെ പരോള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കേസിലെ പ്രതികള്‍ക്ക് മാത്രം പരോള്‍ നല്‍കില്ലെന്ന് പറയാനാവില്ല. ഛിദ്ര ശക്തികളെ തലപൊക്കാന്‍ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ട്. വര്‍ഗീയ ശക്തികള്‍ക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തില്‍ ഭരണം നിലനിര്‍ത്തുന്നതുമായ സംവിധാനമല്ല കേരളത്തില്‍. അതിന് ആത്മധൈര്യം വേണം. അവരില്‍ നിന്ന് ഓശാരം പറ്റാതിരിക്കണം. ഞങ്ങളുടെ ആളുകളെ പിടിച്ചു വയ്ക്കരുത് വിടൂ എന്ന് പറയാന്‍ ഒരു വര്‍ഗീയശക്തിക്കും കഴിയില്ല. ഈ ഭരണത്തോട് അങ്ങനെ കല്‍പ്പിക്കാന്‍ ധൈര്യമുള്ള ഒരു ശക്തിയും കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണത്തിന്റെ കരിമ്പുക ഉയര്‍ത്തി സര്‍ക്കാരിനെ അപമാനിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണ്. കാറ്റും വെളിച്ചവും കടന്നുവരുമ്പോള്‍ കരിമ്പുക അവരുടെ മുഖത്തേക്ക് തന്നെ പടരും. തങ്ങള്‍ക്ക് പറ്റിയ തെറ്റ് അംഗീകരിച്ച് ഖേദപ്രകടനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. മിനിമം അത്രയെങ്കിലും ചെയ്താലേ ജനമധ്യത്തില്‍ അല്‍പമെങ്കിലും വിശ്വാസ്യത ഉണ്ടാകൂവെന്ന് തിരിച്ചറിയണം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വാളയാര്‍ കേസില്‍ എന്തൊക്കെയാണ് പ്രതിപക്ഷം ചെയ്തത്? സംസ്ഥാന പോലീസിന്റെ അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞു, സിബിഐ വരണമെന്ന് പറഞ്ഞു, ഒരാളെ തോളിലേറ്റി നടന്നു, സ്ഥാനാര്‍ത്ഥിയാക്കി കേരളത്തിലുട നീളം പ്രസംഗിപ്പിച്ചു. സിബിഐ വന്നപ്പോള്‍ എന്തായി? നിങ്ങള്‍ കൊണ്ടുനടന്നയാള്‍ തന്നെ ഇപ്പോള്‍ പ്രതിയായി.

രാഷ്ട്രീയ നേട്ടത്തിനായി എകെജി സെന്റര്‍ സിപിഎം തന്നെ ആക്രമിച്ചു എന്നാണ് നിങ്ങള്‍ പറഞ്ഞതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നും പറഞ്ഞു. ഒടുവില്‍ പ്രതികളെ പിടികൂടിയപ്പോള്‍ അയാള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളുടെ സന്തതസഹചാരിയാണെന്ന് വ്യക്തമായി. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നതാണോ ഇത്? സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസില്‍ ബിജെപിക്കൊപ്പം നിന്ന കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകരാണ് തീവച്ചതെന്ന് പ്രചരിപ്പിച്ചു. ആ കേസിലും ഒടുവില്‍ സംഘപരിവാറുകാര്‍ അറസ്റ്റിലായി. പ്രചരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ പറഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News