ലേലു അല്ലു...ലേലു അല്ലു! പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍; ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവില്ലെന്നും സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവു എന്നും ബിജെപി നേതാവ്; കേസ് അവസാനിപ്പിച്ച് സിപിഎം നേതാവ്

പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി ഗോപാലകൃഷ്ണന്‍

Update: 2025-03-27 10:35 GMT

കൊച്ചി: മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പരസ്യമായി മാപ്പ് പറഞ്ഞു. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഖേദം പ്രകടിപ്പിച്ചത്.

മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചര്‍ക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.

സത്യം മാത്രമേ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയാവൂ എന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. 'തെളിവുകള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ എന്റെ കൈവശം തെളിവോ രേഖകളോ ഇല്ല' -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തന്റെ മകന് മരുന്ന് കമ്പനിയോ മരുന്ന് കച്ചവടമോ ഇല്ലന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.

2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. പി കെ ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെ, മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം. പി കെ ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശ്രീമതി ടീച്ചറുടെ മകന്‍ സുധീറിന് എതിരായി സംസാരിച്ചത് പി ടി തോമസ് സംസാരിച്ചതിന് പിന്നാലെയാണ്. അതിന് കൃത്യമായ തെളിവില്ല എന്ന് പിന്നീട് മനസ്സിലായി. അതിനാലാണ് ഇവിടെ വെച്ച് ഖേദം പ്രകടിപ്പിച്ചത്.

അഞ്ച് വര്‍ഷം മുന്‍പാണ് ചാനല്‍ ചര്‍ച്ചയില്‍ ഈ വിഷയം സംസാരിച്ചത്. പിന്നീട് കണ്ണൂര്‍ കോടതിയില്‍ വെച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. ടീച്ചറുടെ മാനസിക വിഷമം മൂലം വീണ്ടും കേസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.രാഷ്ട്രീയമായി അകല്‍ച്ച ഉണ്ടാകും. ടീച്ചര്‍ക്ക് ഉണ്ടായ മാനസിക വിഷമത്തില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികള്‍ അവസാനിച്ചതായും ശ്രീമതി അറിയിച്ചു.


Tags:    

Similar News