എഡിജിപി വിഷയമായാലും പൂരം കലക്കലായാലും പാര്‍ട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി; പല സെക്രട്ടറിമാര്‍ വേണ്ട; ജനയുഗത്തിലെ ലേഖനവും പരസ്യപ്രസ്താവനകളും അതൃപ്തിയായതോടെ പ്രകാശ് ബാബുവിന് ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം; വി എസ് സുനില്‍ കുമാറിനെയും വെറുതെ വിട്ടില്ല
പ്രകാശ് ബാബുവിനും സുനില്‍ കുമാറിനും ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം
തിരുവനന്തപുരം: സിപിഐയില്‍ ഇത് ആത്മപരിശോധനയുടെയും വിമര്‍ശനത്തിന്റെയും തിരുത്തലിന്റയും കാലമാണ്. സംസ്ഥാന കൗണ്‍സിലില്‍, പ്രകാശ് ബാബുവിനെയും വി എസ് സുനില്‍ കുമാറിനെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമര്‍ശിച്ചതാണ് ഒടുവിലത്തെ വാര്‍ത്ത. പാര്‍ട്ടിയില്‍ പല സെക്രട്ടറിമാര്‍ വേണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് താനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, സംസ്ഥാന വിഷയങ്ങളില്‍ ആനി രാജ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന സെന്ററുമായി ആലോചിക്കണമെന്ന വാദത്തെ ഡി രാജയും ശരിവച്ചു. കെ ഇ ഇസ്മയിലിനെതിരെ കടുത്ത നടപടി വേണമെന്ന് പാര്‍ട്ടി പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കെ ഇ ഇസ്മയില്‍ പാലക്കാട് ഡി സിയിലെ ക്ഷണിതാവാണ്. പാലക്കാട് ജില്ലാ കമ്മറ്റിക്ക് വിധേയമായി അദ്ദേഹം പ്രവര്‍ത്തിക്കണമെന്ന് ഡി രാജയും അഭിപ്രായപ്പെട്ടു.
പ്രകാശ് ബാബു പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിന്റെ പേരില്‍ മുന്‍പും ബിനോയ് വിശ്വം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പല വക്താക്കള്‍ വേണ്ട ഒരു സെക്രട്ടറിയുണ്ട്. ആ സെക്രട്ടറി തന്നെ പാര്‍ട്ടിയുടെ നിലപാട് പറയുമെന്നായിരുന്നു കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗത്തിലും ബിനോയ് വിശ്വം സ്വീകരിച്ച നിലപാട്.
എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ആര്‍എസ്എസ് സമ്പര്‍ക്കങ്ങള്‍ക്കെതിരെ ലേഖനമെഴുതുകയും പ്രതികരിക്കുകയും ചെയ്തതിനെയാണ് സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചത്. ജനയുഗത്തില്‍ ലേഖനമെഴുതിയത് സംസ്ഥാന സെക്രട്ടറിയോടുപറഞ്ഞതിന് ശേഷമാണെന്ന് പ്രകാശ് ബാബു കമ്മിറ്റിയില്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയെക്കൂടാതെ മറ്റുവക്താക്കള്‍ വേണ്ടെന്ന നിലപാടിലാണ് ബിനോയ് വിശ്വം.
എ.ഡി.ജി.പി അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ കടുത്ത നിലപാട് വ്യക്തമാക്കിയയാളാണ് പ്രകാശ് ബാബു. അന്വേഷണംനടത്തി നിഗമനത്തിലേക്കെത്തിയശേഷം തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും രാഷ്ട്രീയ വിഷയമാണെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. കൂടാതെ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നത് എല്‍.ഡി.എഫിനോ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കോ അംഗീകരിക്കാന്‍ സാധിക്കുന്ന നിലപാടല്ലെന്നും പ്രകാശ് ബാബു മാധ്യമങ്ങള്‍ക്ക് മുന്നിലും ജനയഗത്തിലെഴുതിയ ലേഖനത്തിലുമെല്ലാം വ്യക്തമാക്കിയിരുന്നു.
വി.എസ് സുനില്‍ കുമാറടക്കമുള്ള നേതാക്കള്‍ തൃശൂര്‍ പൂരം കലക്കടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സിപിഐ ചര്‍ച്ച ചെയ്തു. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകള്‍ നേതാക്കള്‍ക്ക് നല്‍കി. പാലക്കാട് കെ.പി രാജേന്ദ്രനും, ചേലക്കരയില്‍ കെ. രാജനും, വയനാട് സന്തോഷ് കുമാറിനുമാണ് ചുമതല നല്‍കിയിരിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍?ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്കെതിരായ സ്ഥാനാര്‍ഥിയെ സിപിഐ ഉടന്‍ തീരുമാനിക്കും.
ആനി രാജയ്ക്ക് വിമര്‍ശനം
കഴിഞ്ഞ ദിവസം, സംസ്ഥാന കൗണ്‍സിലില്‍ ആനി രാജയെ ബിനോയ് വിശ്വം പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെ കെ ഇ ഇസ്മയിലിനെതിരെ സംസ്ഥാന എക്‌സിക്യുട്ടീവില്‍ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. ഇരുവരുടെയും പരസ്യ പ്രസ്താവകളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
സംസ്ഥാന വിഷയങ്ങളില്‍ അഭിപ്രായം പറയുന്ന ദേശീയ നേതാക്കള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇസ്മയിലിനെ തിരുത്താന്‍ കഴിയുന്നില്ല
അതേസമയം, സംസ്ഥാന എക്സിക്യുട്ടീവില്‍ മുതിര്‍ന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ വിമര്‍ശനവുമായി പാലക്കാട് ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. ഇസ്മയില്‍ പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന്് ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. ഇസ്മയില്‍ വിഭാഗീയ പ്രവര്‍ത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തുടങ്ങിയതാണതെന്നും അദ്ദേഹം ആരോപിച്ചു. അന്ന് പാര്‍ട്ടി ഇസ്മയിലിനെ തിരുത്താന്‍ തയ്യാറായില്ലെന്നും ഇതിന്റെ അനന്തരഫലമാണ് സേവ് സിപിഐ ഫോറമെന്നും സുരേഷ് രാജ് ആരോപിച്ചു.
ഇസ്മായിലിനെ ജില്ലാ കൗണ്‍സില്‍ പ്രത്യേക ക്ഷണിതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിരുന്നു. വിമതരെ സഹായിക്കുകയും നിരന്തരം പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാല്‍ പീന്നീട് സിപിഐ ജില്ലാ സെക്രട്ടറി തന്നെ ഇക്കാര്യത്തില്‍ രംഗത്തു വരികയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ ഇസ്മയില്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. സര്‍ക്കാര്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയെന്നും എന്നാല്‍ ആരെയും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സര്‍ക്കാര്‍ ഇരകളുടെ കൂടെ ആണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന അദ്ദേഹം പരാമര്‍ശവും വിവാദങ്ങള്‍ക്ക് വഴിവെച്ചു.
നേരത്തെ ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തടി രക്ഷപ്പെടാന്‍ കുറ്റം മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന ഇസ്മയിലിന്റെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തം ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാലക്കാട്ടെ വിമതവിഭാഗമായ സേവ് സിപിഐ ഫോറത്തെ അനുകൂലിക്കുന്ന രീതിയിലുള്ള ഇസ്മായിലിന്റെ പ്രസ്താവനയും വിവാദംമായിരുന്നു.മുന്‍ ദേശീയകൗണ്‍സില്‍ അംഗവും പാലക്കാട് ജില്ലാ കൗണ്‍സിലില്‍ പ്രത്യേക ക്ഷണിതാവുമാണ് ഇസ്മായില്‍. സേവ് സിപിഐ ഫോറം പലകാര്യങ്ങളിലും എടുക്കുന്ന നിലപാട് ശരിയാണെന്ന് ഇസ്മായില്‍ അഭിപ്രായപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ചിലരുടെ താല്‍പര്യത്തിനു വേണ്ടിയാണോയെന്നും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണ്ടേയെന്നും ഇസ്മായില്‍ ചോദിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു കൊണ്ട് അതിനെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഫോറം നടത്തുന്നതെന്ന ഇസ്മായിലിന്റെ അഭിപ്രായം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളി കളഞ്ഞിരുന്നു. ഫോറത്തിന്റേതു വിഭാഗീയ പ്രവര്‍ത്തനമാണെന്നാണു നേതൃത്വത്തിന്റെ കാഴ്ചപ്പാട്. സമാന്തര പ്രവര്‍ത്തനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും പാര്‍ട്ടി വിരുദ്ധമാണെന്നും ബിനോയ് പ്രതികരിച്ചിിരുന്നു. ഇക്കാര്യം ഇസ്മായിലിനും അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ സമ്മേളനകാലത്ത് ജില്ലയില്‍ ഉണ്ടായ വിഭാഗീയ പ്രശ്‌നങ്ങളാണ് പാലക്കാട്ടെ സിപിഐയെ പിന്തുടരുന്നത്. അക്കാര്യങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്റെ ശുപാര്‍ശകള്‍ ഏകപക്ഷീയമാണെന്ന് ആരോപിച്ച് വിമതര്‍ സേവ് സിപിഐ ഫോറം രൂപീകരിച്ചു. ഈ നീക്കങ്ങള്‍ക്ക് ഇസ്മായിലിന്റെ പിന്തുണ ഉണ്ടെന്ന സൂചന ശക്തമായിരുന്നു. പരസ്യമായ പിന്തുണ പ്രഖ്യാപിച്ചതോടെ നേതൃത്വം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു.