പി എം ശ്രീയില്‍ വിജയ പരാജയങ്ങളുടെ കണക്കെടുക്കാന്‍ സിപിഐ ഇല്ല; ധാരണാപത്രം മരവിപ്പിച്ചത് എല്‍ഡിഎഫിന്റെ കൂട്ടായ തീരുമാനവും വിജയവുമെന്ന് ബിനോയ് വിശ്വം
പി എം ശ്രീയില്‍ വിജയ പരാജയങ്ങളുടെ കണക്കെടുക്കാന്‍ സിപിഐ ഇല്ല
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിക്കാന്‍ തീരുമാനിച്ച നടപടി ഇടതുപക്ഷ ഐക്യത്തിന്റെയും ആശയങ്ങളുടെയും വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിജയത്തിന്റെയും പരാജയത്തിന്റെയും കണക്കെടുക്കാന്‍ സിപിഐ ഇല്ലെന്നും, ഇത് എല്‍ഡിഎഫിന്റെ കൂട്ടായ തീരുമാനമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും ബിനോയ് വിശ്വം അറിയിച്ചു. സിപിഐയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തത്.
നേരത്തെ, ധാരണാപത്രവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ സിപിഐ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ധാരണാപത്രം മരവിപ്പിക്കാനുള്ള നീക്കം മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി ഉണ്ടായതോടെ സിപിഐ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ നീക്കം ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും ലഭിച്ച അംഗീകാരമായാണ് സിപിഐ വിലയിരുത്തുന്നത്.