അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; യുവതികള്‍ക്ക് ശബരിമല പ്രവേശനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് തടയരുതെന്നുമുള്ള നിലപാടാണോ പിണറായിക്ക്; ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കണമെന്ന് പി കെ കൃഷ്ണദാസ്

അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം;

Update: 2025-09-02 04:03 GMT

കണ്ണൂര്‍: അയ്യപ്പഭക്ത സംഗമം നടത്തുന്നതിന് മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട ഗൗരവമായ വിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അയ്യപ്പ ഭക്തസംഗമത്തെ സംബന്ധിച്ച് ബിജെപിക്ക് വിയോജിപ്പൊന്നുമില്ല. എന്നാല്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ഹിന്ദുഐക്യവേദി ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകളും ചില ആശങ്കകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്‍എസ്എസ് പറഞ്ഞത് വിശ്വാസ വിരുദ്ധമായതൊന്നും ശബരിമലയില്‍ നടക്കാന്‍ പാടില്ല. അതോടൊപ്പം സംഘാടക സമിതിയില്‍ വിശ്വാസികള്‍ മാത്രമേ പാടുള്ളു എന്നതാണ്. ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരുമാണ്. 2019 ഫെബ്രുവരി ആറിന് സുപ്രീം കോടതിയില്‍ റിവ്യു പെറ്റിഷന്‍ വന്നപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ലിംഗസമത്വത്തിന്റെ പേരില്‍ അവിടെ യുവതികള്‍ പോകുന്നത് തടയില്ലെന്നാണ്. യുവതികള്‍ക്ക് ശബരിമല പ്രവേശനത്തിന് സ്വാതന്ത്ര്യമുണ്ടെന്നും അത് തടയരുതെന്നുമാണ് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തത്.

ശബരിമലയില്‍ ഇതുവരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത് വിശ്വാസ വിരുദ്ധവും ആചാര ലംഘനവുമാണ്. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുക മാത്രമല്ല പോലീസ് ഒത്താശയോടെ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അയ്യപ്പഭക്തരെ ഉരുക്ക് മുഷ്ടി ഉപയോഗിച്ചണ് പ്രതിരോധിച്ചത്.

പുതിയ സാഹചര്യത്തില്‍ പൊതുസമൂഹത്തിന് അറിയേണ്ടത് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന മുന്‍ നിലപാടില്‍ നിന്ന് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡും മാറിയിട്ടുണ്ടോ എന്നതാണ്.

നിലപാട് മാറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പരസ്യമായി അത് വ്യക്തമാക്കണം. മാത്രമല്ല സുപ്രീം കോടതിയില്‍ നേരത്തെ കൊടുത്ത സത്യവാങ്മൂലം തിരുത്തി പുതിയത് കൊടുക്കാന്‍ മുഖ്യമന്ത്രിയും ദേവ്വം ബോര്‍ഡും തയ്യാറാകണം. എന്ത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. വിശ്വാസികളെ വഞ്ചിക്കാന്‍ വേണ്ടിയാണോ. അയ്യപ്പന്റെ മുന്നില്‍ എല്ലാ ഭക്തരും ഒരുപോലെയാണെങ്കില്‍ അയ്യപ്പസംഗമത്തില്‍ എല്ലാവരും ഒരു പോലെയല്ല. ആളുകളെ ഗോള്‍ഡ് അയ്യപ്പന്‍, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ തരംതിരിക്കുകയാണ്. ഇത് പണത്തിന്റെ അടിസ്ഥാനത്തിലാണ്.

എല്ലാവരെയും സമന്‍മാരായി കാണുന്ന അദ്വൈത സിദ്ധാന്തത്തിനെതിരാണ് പിണറായി സര്‍ക്കാരിന്റെ നിലപാടെന്നും കൃഷ്ണദാസ് പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    

Similar News