കേരളത്തിലെ മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം പറയും; മോദി സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ താഴെതട്ടില്‍ എത്തിക്കും; തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി; രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങി ഇറങ്ങുന്നത് കൃത്യമായ 'ടാര്‍ഗറ്റ് പ്ലാനുമായി'

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി

Update: 2025-04-22 02:35 GMT

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങൡ നിന്നും വ്യത്യസ്തമായി കൃത്യമായ പദ്ധതികളുമായി ബിജെപി ഒരുങ്ങി ഇറങ്ങുന്നു. വോട്ടു കച്ചവടം നടത്തുന്നവരെന്ന ആക്ഷേപം തീര്‍ക്കാന്‍ വേണ്ടിയാണ് ബിജെപി ശക്തമായ നിലപാടിലേക്ക് നീങ്ങുന്നത്. എല്ലായിടത്തും ശക്തമായ മത്സരം കാഴ്ച്ചവെച്ച് പരമാവധി സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്. 10,000 സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി യുടെ മാര്‍ഗരേഖ തയ്യാറായിരിക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ 'ടാര്‍ഗറ്റ് പ്ലാന്‍', ജില്ലാതലത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന വികസിത കേരളം കണ്‍വെന്‍ഷനുകളിലാണ് അവതരിപ്പിക്കുന്നത്. പവര്‍ പോയിന്റ് പ്രസന്റേഷനും ലഘു വീഡിയോകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് അവതരണം. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളെ കുറ്റംപറയുന്ന നെഗറ്റീവ് രാഷ്ട്രീയത്തിനു പകരം വികസനത്തിന്റെ പോസിറ്റീവ് രാഷ്ട്രീയം പറയണമെന്നാണ് കീഴ്ഘടകങ്ങളോട് പറഞ്ഞിരിക്കുന്നത്. 21,865 തദ്ദേശ വാര്‍ഡുകളില്‍ കഴിഞ്ഞതവണ 1,600 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. പോസിറ്റീവ് രാഷ്ട്രീയത്തില്‍ ഊന്നല്‍ കൊടുക്കാനാണ് രാജീവിന്റെ നിര്‍ദേശം.

തിങ്കളാഴ്ച തൃശ്ശൂരില്‍ നടന്ന ആദ്യയോഗത്തില്‍ എം.ടി. രമേശ്, എസ്. സുരേഷ് എന്നിവരാണ് 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ വിശദീകരിച്ചത്. പഞ്ചായത്ത് ഭാരവാഹികള്‍മുതല്‍ മുകളിലേക്കുള്ളവര്‍ പങ്കെടുക്കുന്ന യോഗങ്ങളിലെ ഉച്ചഭാഷിണിശബ്ദം ഹാളിനുപുറത്ത് കേള്‍ക്കരുതെന്നു പറഞ്ഞിരുന്നു. വോട്ടര്‍ പട്ടിക പരിശോധന, ബിഎല്‍എ മാരെ തീരുമാനിക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍, വികസിത വാര്‍ഡ് പ്രചാരണം, ഫണ്ട് ശേഖരണം, പദയാത്ര എന്നിങ്ങനെ തീയതി നിശ്ചയിച്ചാണ് ടാര്‍ഗറ്റ് അവതരിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ ക്ഷേമ വികസന പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജൂലായില്‍ വാര്‍ഡുതലത്തില്‍ സര്‍വേ നടത്തും. ഇതിനാവശ്യമായ ചോദ്യാവലി ഉള്‍പ്പെടുത്തി മൊബൈല്‍ ആപ്പ്, സംസ്ഥാന കമ്മിറ്റി തയ്യാറാക്കി നല്‍കും.

തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടത്തിയ മാതൃകയിലാണ് 150 ദിവസ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഓരോ പ്രവര്‍ത്തനവും നിശ്ചയിച്ച സമയത്തുതന്നെ നടത്തിയെന്ന റിപ്പോര്‍ട്ട്, ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന പ്രസിഡന്റിന് നല്‍കണം. വാര്‍ഡുതലത്തില്‍ ഇന്‍ ചാര്‍ജ്, ഡെപ്യൂട്ടി ഇന്‍ ചാര്‍ജ്, മൂന്ന് വികസിത കേരളം വൊളന്റിയര്‍മാര്‍ എന്നിവരെ നിയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരില്‍ ഒരാള്‍ സ്ത്രീയും ഒരാള്‍ പട്ടികജാതി വിഭാഗക്കാരനുമായിരിക്കണം.

കേരളത്തിലെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിക്കുംമുന്‍പ് രാജീവ് ചന്ദ്രശേഖറിന് 'മിഷന്‍ 2026' എന്ന പേരില്‍ കേന്ദ്രനേതൃത്വം ടാര്‍ഗറ്റ് നല്‍കിയിരുന്നു. ഇതിനെ മിഷന്‍ 2025 എന്ന നിലയില്‍ തദ്ദേശ തിരഞ്ഞെടുപ്പിനായി രാജീവ് താഴേക്ക് നല്‍കുകയാണ്. നേതാവാകാനല്ല നേതാക്കളെ സൃഷ്ടിക്കാനാണ് പാര്‍ട്ടി അധ്യക്ഷനായി താന്‍ കേരളത്തിലേക്ക് വന്നതെന്ന് രാജീവ് ചന്ദ്രേശഖര്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ വികസന രാഷ്ട്രീയം വീടു വീടാന്തരം എത്തിക്കാന്‍ അത്യധ്വാനം ചെയ്യണമെന്നും പുതിയ പ്രസിഡന്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുളള ബിജെപിയുടെ വികസിത കേരളം പരിപാടിക്ക് തൃശൂരില്‍ തുടക്കമായി.

സംസ്ഥാന പ്രസിഡന്റായ ശേഷമുളള രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ കേരള പര്യടനത്തിനാണ് തൃശൂരില്‍ തുടക്കമായത്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടാന്‍ പുതിയ പ്രസിഡന്റിന് അവസരമൊരുക്കുക കൂടിയാണ് ലക്ഷ്യം. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍ വരെ പങ്കെടുക്കുന്ന കണ്‍വെന്‍ഷനുകളില്‍ ആദ്യത്തേതാണ് തൃശൂരിലേത്. ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് പരിഗണനയുണ്ടാകുമെന്ന സൂചനയായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ വാക്കുകളില്‍.

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള രാഷ്ട്രീയ പ്രചാരണമാണ് വികസിത കേരളം വേദികളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. മെയ് 10 വരെ നീളുന്ന പര്യടനത്തിനിടയില്‍ ഓരോ ജില്ലയിലെയും പ്രമുഖരെയും പുതിയ പ്രസിഡന്റ് കാണും. വികസന രാഷ്ട്രീയത്തിലൂന്നിയുളള രാഷ്ട്രീയ പ്രചരണം ശക്തമാക്കുന്നതിനൊപ്പം ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിക്കാനുളള ശ്രമങ്ങളും ഉണ്ടാകും. എന്നാല്‍ മുനമ്പം പ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണാനാകാത്തതും ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും സംസ്ഥാനത്ത് നടത്തുന്ന പ്രചരണങ്ങളെ എങ്ങിനെ മറികടക്കുമെന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി.

Tags:    

Similar News