ചേറ്റൂരിനെ ഞങ്ങളിങ്ങ് എടുക്കുവാ..! ഗുജറാത്തില്‍ പട്ടേലിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ കേരളത്തില്‍ മുന്‍ എഐസിസി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍നായരെ ലക്ഷ്യമിട്ട് ബിജെപി നീക്കം; പാലാട്ട് തറവാട്ടില്‍ സുരേഷ് ഗോപി എത്തിയതോടെ അപകടം മണത്ത് കോണ്‍ഗ്രസ്; കെപിസിസി ആസ്ഥാനത്ത് ചേറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും
ചേറ്റൂരിനെ ഞങ്ങളിങ്ങ് എടുക്കുവാ..!
പാലക്കാട്: ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലാഭായി പട്ടേലിനെ കുറച്ചു കാലമായി ബിജെപി കൈയടക്കി വെച്ചിരിക്കയാണ്. ഇക്കുറി ഗുജറാത്തിലെ അഹമ്മദാബാദില്‍ എഐസിസി സമ്മേളനം സംഘടിപ്പിച്ചതും പട്ടേലിന് മോചിപ്പിക്കാന്‍ വേണ്ടിയാണ്. ഗുജറാത്തില്‍ പട്ടേലിനെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ബിജെപി കേരളത്തില്‍ നിന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവിനെ റാഞ്ചാന്‍ വേണ്ടിയാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ മലയാളിയായ ഏക അഖിലേന്ത്യാ പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍നായരെ സ്വന്തമാക്കാനാണ് ബിജെപിയുടെ ശ്രമം.
ദേശീയനേതാക്കളായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി തുടങ്ങിയവര്‍ക്കുപിന്നാലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റായിരുന്നു ചേറ്റൂര്‍. പ്രഗ്തഭ അഭിഭാഷകനായിരുന്ന അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിമര്‍ശകന്‍ കൂടിയായിയിരുന്നു. ദേശീയതലത്തില്‍ അക്ഷയ് കുമാര്‍ നായകനായി കേസരി-2 സിനിമ പുറത്തിറങ്ങിയതോടെയാണ് ചേറ്റൂര്‍ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞത്.
ഇതോടെ ഹരിയാണയിലെ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂര്‍ ശങ്കരന്‍നായരെ അനുസ്മരിച്ച് സംസാരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ശനിയാഴ്ച കേന്ദ്രമന്ത്രി സുരേഷ്ഗോപി പാലക്കാട്ടും ഒറ്റപ്പാലത്തുമുള്ള ചേറ്റൂര്‍ ശങ്കരന്‍നായരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു. 24-ന് ചേറ്റൂരിന്റെ ചരമവാര്‍ഷികം വരാനിരിക്കുന്നു എന്നതാണ് ഈ സന്ദര്‍ശനത്തെ പ്രസക്തമാക്കുന്നത്. മങ്കരയിലുള്ള ചേറ്റൂരിന്റെ സ്മൃതികൂടീരം സന്ദര്‍ശിക്കാന്‍ പരിപാടിയുണ്ടായിരുന്നെങ്കിലും അങ്ങോട്ടേക്കുള്ള ശരിയായ വഴിപോലും ഇല്ലാതിരുന്നതിനാല്‍ പോയില്ല.
ഹരിയാണയില്‍ തെര്‍മല്‍ പവര്‍പ്ലാന്റിന് തറക്കല്ലിടുന്ന ചടങ്ങിലാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ ശബ്ദമുയര്‍ത്തിയ ചേറ്റൂര്‍ ശങ്കരന്‍നായരെ പ്രധാനമന്ത്രി അനുസ്മരിച്ചത്. മലയാളിയായ ശങ്കരന്‍നായരുടെ സംഭാവനകളെക്കുറിച്ച് പഠിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് ചന്ദ്രനഗറിലെ വീട്ടിലെത്തി ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരെയും ഒറ്റപ്പാലത്ത് പാലാട്ടുവീട്ടിലും സന്ദര്‍ശനം നടത്തി. വിരലിലെണ്ണാവുന്ന പാര്‍ട്ടിനേതാക്കളെ മാത്രമാണ് വിവരം അറിയിച്ചിരുന്നത്.
ചേറ്റൂരിന് സ്മാരകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്നാണ് നേതാക്കള്‍ക്ക് സുരേഷ്ഗോപിയുമായി നടത്തിയ സംസാരത്തില്‍നിന്ന് വ്യക്തമായത്. ശനിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ സുരേഷ്ഗോപി ഉച്ചയ്ക്കുമുന്‍പാണ് ചേറ്റൂരിന്റെ ബന്ധു ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍നായരുടെ ചന്ദ്രനഗറിലെ വസതിയിലെത്തിയത്. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ശങ്കു ടി.ദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവിട്ടശേഷം വൈകീട്ടാണ് ഒറ്റപ്പാലത്തെ പാലാട്ട് വീട്ടില്‍ എത്തിയത്.
ചേറ്റൂര്‍ ശങ്കരന്‍നായരുടെ മകളുടെ മകള്‍ മാലതി, ഇവരുടെ മകള്‍ ജാനകി, ബന്ധുക്കള്‍ എന്നിവരുമായി സൗഹൃദസംഭാഷണം നടത്തി. ഇവര്‍ക്കായി മധുരവും കരുതിയിരുന്നു. കുടുംബത്തിലെ എല്ലാവരെയും പരിചയപ്പെട്ട് ചേറ്റൂര്‍ ശങ്കരന്‍നായരുടെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും കണ്ടശേഷമണ് മടങ്ങിയത്.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏക മലയാളി പ്രസിഡന്റാണെങ്കിലും രാഷ്ട്രീയമായി അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന യാതൊന്നും ഇതുവരെ ആരും നിര്‍മിച്ചിട്ടില്ല. ചരമവാര്‍ഷികദിനത്തില്‍ പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടക്കുമെന്നതൊഴിച്ചാല്‍ മറ്റ് ചടങ്ങുകളുമുണ്ടാവാറില്ല. ഒറ്റപ്പാലത്തും മങ്കരയിലുമുള്‍പ്പെടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണാര്‍ഥമുണ്ടെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഈ മലയാളിയുടെ ചരിത്രം ഇനിയും വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ലെന്നത് സത്യമാണ്.
അതേസമയം സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തോടെ അപകടം മണത്ത കോണ്‍ഗ്രസ് ചേറ്റൂര്‍ ശങ്കരന്‍നായരുടെ സ്മരണ ഏറ്റെടുക്കാനുള്ള ബിജെപി നീക്കത്തിനു തടയിടാന്‍ ശ്രമം തുടങ്ങി. എല്ലാ വര്‍ഷവും ഏപ്രില്‍ 24നു ചേറ്റൂരിന്റെ ചരമവാര്‍ഷികം പാലക്കാട് ഡിസിസി മാത്രമാണു സംഘടിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ കെപിസിസി ആസ്ഥാനത്തും അനുസ്മരണം നടക്കും. ജന്മനാടായ പാലക്കാട്ട് അവിടത്തെ ഡിസിസിയും കുടുംബവേരുള്ള കണ്ണൂരില്‍ കണ്ണൂര്‍ ഡിസിസിയും അനുസ്മരണം നടത്തും. കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പങ്കെടുക്കും. 1897ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ചേറ്റൂര്‍ ശങ്കരന്‍നായര്‍. ഗാന്ധിജിയുടെ സമരരീതികളോടു ചില വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു.