'ബിജെപിക്കാര്‍ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതി': രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മതസ്പര്‍ദ്ധയും കലാപവും ഉണ്ടാക്കുന്നത്; വീണ്ടും പരാതി നല്‍കി ബിജെപി
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ബിജെപിയുടെ പരാതി
പാലക്കാട്: 'മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതിയെന്ന' രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പരാമര്‍ശത്തിന് എതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി. ചാനല്‍ അഭിമുഖത്തിനിടെ, സമൂഹത്തില്‍ സ്പര്‍ദ്ധയും കലാപവും ഉണ്ടാക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
ബിജെപിയുടെ ഈസ്റ്റര്‍ സന്ദര്‍ശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതി നല്‍കാന്‍ കാരണമായത്. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡന്റിന്റേയും ജനറല്‍ സെക്രട്ടറിയുടേയും പേരില്‍ രണ്ട് പരാതികളാണ് നല്‍കിയിരിക്കുന്നത്. മതസ്പര്‍ദ്ധ, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടുന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിനിടെ ബിജെപി നേതാവ് രാഹുലിന് എതിരെ കൊലവിളി പ്രസംഗം നടത്തിയത് വിവാദമായിരുന്നു. പാലക്കാട് രാഹുലിനെ കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് നോക്കിയാല്‍ മതിയെന്നുമാണ് ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ പ്രസംഗിച്ചത്.