നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം പോരാ! ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍; തിരുവനന്തപുരം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ

ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍

Update: 2025-05-26 09:45 GMT

തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടന്നിട്ടുണ്ട്. എന്നാല്‍, പി വി അന്‍വര്‍ വരുത്തിവെച്ച അനാവശ്യ തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത് എന്നാണ് പൊതുവില്‍ ജനങ്ങള്‍ക്കുള്ള വികാരം. ബിജെപിയും ഈ തിരഞ്ഞെടുപ്പിനെ കാണുന്നത് ആ കണ്ണിലൂടെയാണ്. അതുകൊണ്ട് തന്നെ നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ ബിജെപിക്ക് രണ്ട് മനസ്സാണ് ഉള്ളത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പിന്നാലെ പോകാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വഴികളെന്ത് എന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ മനസ്സിലുള്ള കാര്യം. രണ്ട് കോര്‍പ്പറേഷനുകള്‍ പിടിക്കാനുള്ള വഴികളാണ് രാജീവ് ചന്ദ്രശേഖര്‍ തേടുന്നത്.

പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴില്‍, സംഘടനാപരമായ തന്ത്രങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. പ്രാരംഭമായി , തിരുവനന്തപുരം, തൃശൂര്‍, കൊല്ലം എന്നീ മൂന്ന് നഗര കോര്‍പ്പറേഷനുകളില്‍ വിജയം ലക്ഷ്യമിട്ടാണ് കരുനീക്കം. തന്ത്രപരമായി നിര്‍ണായകമായ ചില പോക്കറ്റുകളില്‍ വിജയസാധ്യതകള്‍ മനസ്സിലാക്കി, കോണ്‍ഗ്രസ്, എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്ന സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം. പഞ്ചായത്തുകള്‍ക്കായി വിപുലമായ തന്ത്രപരമായ ചട്ടക്കൂടിന് അന്തിമരൂപം നല്‍കുന്ന പ്രക്രിയയിലാണ് പാര്‍ട്ടി. നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തുക എന്നതാണ് മുന്‍ഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളില്‍ സീറ്റുകള്‍ നേടിക്കൊണ്ടോ നിര്‍ണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബിജെപി ആലോചിക്കുന്നു.

സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകള്‍ക്ക് പുറമേ, ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എന്‍ഡിഎ) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നു. നിലവില്‍, എന്‍ ഡി എയ്ക്ക് സംസ്ഥാനത്തുടനീളം വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 1,600 ഓളം വാര്‍ഡ് അംഗങ്ങളുണ്ട് - അത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളും ആലോചിക്കുന്നു. സാധാരണ രീതിക്ക് വിരുദ്ധമായി, പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരു പുതിയ സംഘടനാ സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സൂക്ഷ്മതല ആസൂത്രണത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നതിനായി ഓരോ വാര്‍ഡിലും അഞ്ച് അംഗ കോര്‍ ടീമുകള്‍ക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

ഓരോ പഞ്ചായത്തിനും സംസ്ഥാന നേതൃത്വം ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു; തുടര്‍ന്ന് കണ്‍വെന്‍ഷനുകള്‍ നടത്തി, ഒടുവില്‍ മെയ് മുതല്‍ നവംബര്‍ വരെയുള്ള സമയത്തേക്കുള്ള ഒരു രൂപരേഖ അവതരിപ്പിക്കും. പഞ്ചായത്തുകളുടെ ചുമതലയുള്ളവരെ പിന്നീട് തീരുമാനിക്കും. പ്രൊഫഷണലായും, സമയബന്ധിതമായും, വ്യവസ്ഥാപിതമായും കാര്യങ്ങള്‍ ചെയ്യുന്നത്. 'വാര്‍ഡ് തരംതിരിച്ചതു പോലും വ്യക്തമായ, തന്ത്രപരമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് മേഖലയിലേക്ക് കടന്നുചെല്ലുക എന്നതാണ് പ്രാഥമിക ലക്ഷ്യം. രണ്ടാം ഘട്ടത്തില്‍, സിപിഎമ്മിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഈഴവ, ഒബിസി, പട്ടികജാതി, ഗോത്ര വിഭാഗങ്ങള്‍ തുടങ്ങിയ സമുദായങ്ങളുടെ ഗണ്യമായ സാന്നിധ്യമുള്ള വാര്‍ഡുകളില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും,' മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വോട്ട് വിഹിതം 15% ആയിരുന്നു ഇത്തവണ ഇത്തവണ കുറഞ്ഞത് 20% ആക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം 19.23% ആയി ഉയര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 16.68% ആയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഫലം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും നിര്‍ണ്ണായകമാകുമെന്ന് നേതൃത്വം കരുതുന്നു.

Tags:    

Similar News