സിപിഎമ്മിനെ വിലയ്ക്ക് വാങ്ങിയത് പിണറായി; സിപിഎമ്മിന്റെ മുതലാളി പിണറായി; എംപിയായും മന്ത്രിയായും കഴിവ് തെളിയിച്ച് തിരുവനന്തപുരത്തിന്റെ ഹൃദയം കവര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ അമരത്ത് വരുമ്പോള്‍ സിപിഎം ഭയക്കുന്നുവോ? വസിഫിന്റെ 'വിലക്ക് വാങ്ങല്‍' പോസ്റ്റിന് രാജീവിന്റെ ഉടനടി മറുപടി; രാഷ്ട്രീയ ചര്‍ച്ച കനത്തേക്കും
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാവുന്നതിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് എത്തുമ്പോള്‍ പ്രതിരോധം തീര്‍ത്ത് ബിജെപിയും. ഇതോടെ 'വിലയ്ക്ക് വാങ്ങല്‍' ചര്‍ച്ച കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുകയാണ്. 'അങ്ങനെ ഏഷ്യാനെറ്റ് മൊയലാളി അതും വാങ്ങി' എന്നായിരുന്നു വി വസീഫിന്റെ പരിഹാസം. ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെയായിരുന്നു ഈ പ്രതികരണം. ഫെയ്‌സ് ബുക്കിലെ വസീഫിന്റെ കുറുപ്പിന് അതേ നാണയത്തില്‍ മറുപടി നല്‍കി ബിജെപി നേതാവ് ആര്‍ എസ് രാജീവ്.
CPM നെ വിലയ്ക്ക് വാങ്ങിയത് പിണറായി വിജയനാണ് CPM ന്റെ മുതലാളി പിണറായാണ് . ആ CPM ആണ് BJP യെ ക്കുറിച്ച് പറയുന്നത്. കഴിവും മികവും ഉള്ള ബി.ജെ.പി MP യായി മന്ത്രിസഭയിലും കഴിവ് തെളിയിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ ഹൃദയം കവര്‍ന്ന ശ്രീ രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി യുടെ അമരത്ത് വരുമ്പോള്‍ CPM ഭയക്കുക്കയാണ്. കൂട്ടുത്തരവാദിത്ത്വടുകൂടിയുള്ള ബി.ജെ പി യുടെ പ്രവര്‍ത്തനം തകരുന്നത് Cpm ന്റെ മൂന്നാം അധികാര മോഹം അണ്-ഇതാണ് ഫെയ്‌സ് ബുക്കിലൂടെ വസീഫിനും സിപിഎമ്മിനും രാജീവ് നല്‍കുന്ന മറുപടി. ഇതോടെ വസീഫിന്റ പോസ്റ്റ് പലവിധ ചര്‍ച്ചകളിലേക്കും കാര്യങ്ങളെത്തിക്കും. ബിജെപി സംഘടനാ കാര്യങ്ങളെ പറ്റി നിശ്ചയമില്ലാത്തയാളാണ് അധ്യക്ഷന്‍ ആയതെന്നും ഏത് മുതലാളി വന്നാലും ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലായെന്നും വസീഫ് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. രാജീവ് ചന്ദ്രശേഖറിനെതിരെ ഇത്തരം പ്രതികരണങ്ങള്‍ ബിജെപി പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് തന്നെ ശക്തമായ പ്രതിരോധം ബിജെപി തീര്‍ക്കും.
'കേരളത്തിലെ ബിജെപി തമാശയായി മാറുന്നു. പലതും പരീക്ഷിച്ച് നോക്കുകയാണ് ബിജെപി. പക്ഷെ രക്ഷപ്പെടാന്‍ പോകുന്നില്ല. സംഘടന കാര്യങ്ങളില്‍ നിശ്ചയമില്ലാത്തയാളാണ് ബിജെപിയുടെ അധ്യക്ഷന്‍ ആവുന്നത്. ഏഷ്യാനെറ്റ് വാങ്ങിയത് പോലെ ബിജെപിയും രാജീവ് ചന്ദ്രശേഖര്‍ വാങ്ങിയതായാണ് തോന്നുന്നത്. ആര് വന്നാലും ആര്‍എസ്എസിന്റെ രാഷ്ട്രീയം അവര്‍ ഒളിച്ച് കടത്തും. കൂടുതല്‍ വര്‍?ഗീയത പറയാന്‍ പറ്റുന്ന, മാധ്യമ രം?ഗത്ത് ഇടപ്പെടാന്‍ കഴിയുന്ന ഒരാളെ ബിജെപി കൊണ്ടുവന്നതായിരിക്കും. പക്ഷെ ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. അത് ഏത് മുതലാളി വന്നാലും മാറാന്‍ പോകുന്നില്ല.' വി വസീഫ് പറഞ്ഞത് ഇങ്ങനെയാണ്. ഇത്തരം വാദങ്ങള്‍ വരും ദിനങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ സജീവമാക്കി. ബിജെപി ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍ എന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വാക്കുകളും പൊതു സമൂഹത്തിലുണ്ട്. ഏതായാലും ഇതിനെ ഒറ്റക്കെട്ടായി ബിജെപി പ്രതിരോധിക്കും.
അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ പ്രധാന ഓഹരി ഉടമയാണ് രാജീവ്. സജീവ രാഷ്ട്രീയക്കാരനാകുന്നതിന് മുമ്പാണ് ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിയാകും വരെ ചാനല്‍ ചെയര്‍മാനുമായിരുന്നു. സജീവ രാഷ്ട്രീയം തുടങ്ങിയതോടെ ആ പദവി ഒഴിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വസീഫിന്റെ പോസ്റ്റും അതിനുള്ള രാജീവന്റെ പ്രതിരോധവും.
രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ സ്ഥാനമൊഴിയും.