ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു; ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണുമായ ഖാലിദ സിയയുടെ മരണം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; ബിഎന്‍പിയുടെ പിന്‍ഗാമിയാകാന്‍ മകന്‍ താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം ബംഗ്ലാമണ്ണില്‍ തിരിച്ചെത്തിയത് കണ്ട് സിയയുടെ കണ്ണടയ്ക്കല്‍

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു;

Update: 2025-12-30 02:05 GMT

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണായിരുന്നു.

ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവര്‍ ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു. ആദ്യം 1991 ലാണ് ഖാലിദ സിയ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ സ്ഥാനത്ത് തുടര്‍ന്ന അവര്‍, വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കാനായില്ല. പിന്നീട് 2001-2006 കാലത്തും ഇവര്‍ പ്രധാനമന്ത്രി പദത്തിലെത്തി.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി സിയ റഹ്‌മാന്റെ ഭാര്യയായ ഖാലിദ സിയ, ഭര്‍ത്താവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 1981 ല്‍ ഭരണനേതൃത്വത്തിലേക്ക് എത്തിയത്. ഈ കാലത്ത് ബംഗ്ലാദേശില്‍ പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ നേതൃത്വം നല്‍കി. എന്നാല്‍ 2018 ല്‍ അഴിമതി കേസില്‍ തടവിലാക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണം ചൂണ്ടിക്കാട്ടി ശിക്ഷ മരവിപ്പിച്ചു.

ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ഇവര്‍ ജയില്‍ മോചിതയായത്. പിന്നാലെ 2025 ല്‍ എല്ലാ അഴിമതി കേസിലും അവരെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. ബിഎന്‍പിയുടെ പിന്‍ഗാമിയാകാന്‍ മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് മടങ്ങി എത്തിയതിന് പിന്നീലെയാണ് ഖാലിദ സിയയുടെ മരണം സംഭവിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് നാഷണണല്‍ പാര്‍ട്ടിയുടെ ആക്ടിങ് ചെയര്‍മാനായ താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ വിദേശവാസത്തിനുശഷമാണ് രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഷേക് ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം രാജ്യത്തുണ്ടായ നിരവധി രാഷ്ട്രീയ മാറ്റങ്ങളുടെയും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തില്‍ താരിഖ് റഹ്‌മാന്റെ തിരിച്ചുവരവ് രാജ്യത്ത് നിര്‍ണായകമാണ്. നിലവിലെ ഇടക്കാല ഗവണ്‍മെന്റ് റഹ്‌മാന്റെ വരവിനെ സ്വാഗതം ചെയ്തിരുന്നു.

2008 ല്‍ ഖാലിദ സിയയുടെ ഭരണം ഇല്ലാതായതോടെ പല കേസുകളിലും പ്രതിയായി രാജ്യത്ത് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് താരിഖ് റഹ്‌മാന്‍ രാജ്യം വിട്ടുപോയത്. 17 വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഫെബ്രുരി 12 നാണ് രാജ്യത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.

ഷേക് ഹസീനയുടെ ഭരണം അവസാനിച്ചതോടെ രാജ്യത്ത് വന്‍തോതിലുള്ള പ്രക്ഷോഭം ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഉസ്മാന്‍ ഹാദിയുടെ കൊലപാതകം രാജ്യത്ത് വീണ്ടും അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായിരുന്നു ഇതെന്ന് ഹാദിയുടെ സഹോദരന്‍ ആരോപിച്ചു.

ഖാലിദ സിയയുടെ മൂത്ത മകനാണ് 58 കാരനായ താരിഖ് റഹ്‌മാന്‍. 2008 മുതല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ ജീവിക്കുകയാണ്. ഷേക് ഹസീനക്കെതിരായ കൊലപാതകശ്രമ കേസ് ഉര്‍ള്‍പ്പെടെ വിവിധ കേസുകള്‍ ഇദ്ദേഹത്തിനെതിരെ രാജ്യത്ത് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ ഹസീനയുടെ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം രാജ്യത്തെ ഉന്നതകോടതി അദ്ദേഹത്തെ മിക്ക കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മകനെ പാര്‍ട്ടിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് സിയയും വിട പറയുന്നത്.

Tags:    

Similar News