കൊടകര കുഴല്‍പ്പണം: തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം; സാമ്പത്തിക ക്രമക്കേടിന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത തടയാനുളള നീക്കത്തിന്റെ ഭാഗമെന്ന് ബിജെപി
തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിരുന്നുവെന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാര്‍. സാമ്പത്തിക ക്രമക്കേട് അടക്കം പരാതികളെ തുടര്‍ന്ന് ഏറെ കാലം മുന്‍പ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിക്കാന്‍ ഇത്രയും വൈകിയതിന്റെ കാരണം എന്താണെന്ന് മാത്രമാണ് ഇപ്പോള്‍ സംശയമെന്നും കെ.കെ.അനീഷ് കുമാര്‍ പറഞ്ഞു.
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയ സാധ്യത തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. പണം കിട്ടിയാല്‍ എന്തും പറയുന്ന ആളാണ് സതീഷ്. അങ്ങനെ വിവരങ്ങള്‍ അറിയാമെങ്കില്‍ എന്തുകൊണ്ട് രണ്ട് വര്‍ഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല? ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു. ഇതിന് കോള്‍ രജിസ്റ്റര്‍ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് അന്വേഷണവും നടത്തട്ടെയെന്ന് അനീഷ് കുമാര്‍ പറഞ്ഞു. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. തിരഞ്ഞെടുപ്പ് സമയത്ത് ധര്‍മരാജനെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ എടുത്ത് നല്‍കാന്‍ വന്ന ആള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താന്‍ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പ് സമഗ്രി എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ആളാണ് ധര്‍മരാജന്‍. നടപടിക്ക് ശേഷം ഇയാള്‍ ബിജെപി ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാര്‍ പറഞ്ഞു.
പണം എത്തിച്ചത് ആറ് ചാക്കുകളിലായി ആണെന്നാണ് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തിയത്.കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മരാജന്‍ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്. ധര്‍മ്മരാജന് മുറി എടുത്ത് കൊടുത്തത് താന്‍ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടനെ ഉണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസില്‍ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരണമാണ് താന്‍ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.
'കൊടകര കുഴപ്പണ ഇടപാട് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവം തന്നെയാണ്. സംഭവം നടക്കുന്നതിന് തലേദിവസം രാത്രി തൃശൂര്‍ ജില്ലാ ഓഫീസിലാണ് പണം എത്തിയത്. പണം കൊണ്ടുവന്ന ധര്‍മ്മരാജനും കൂട്ടാളികള്‍ക്കും ജില്ലാ ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്. പുലര്‍ച്ചെ അവര്‍ പോയതിന് ശേഷമാണ് കൊടകരയില്‍ സംഭവം ഉണ്ടായത്. ബിജെപിക്ക് വേണ്ടിവന്ന പണം തന്നെയാണിത്.
പൊലീസിന്റെ കുറ്റപത്രത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ധര്‍മ്മരാജന്‍ ആദ്യമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ വരുമ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനും ജില്ലാ അദ്ധ്യക്ഷനും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചതിനുശേഷം അയാള്‍ പോയി. ധര്‍മ്മരാജന്‍ പോയതിനുശേഷമാണ് തിരഞ്ഞെടുപ്പിന് വേണ്ട മെറ്റീരിയലുകള്‍ എത്തിക്കുന്നയാളാണെന്ന് പറഞ്ഞത്. ആറുചാക്കുകള്‍ ഓഫീസിന് മുകളില്‍ കൊണ്ടുവച്ചതിനുശേഷമാണ് അതിനുള്ളില്‍ പണമാണെന്ന് അറിഞ്ഞത്' തിരൂര്‍ സതീഷ് പറഞ്ഞു.
2021 ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കോഴിക്കോടു നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴല്‍പ്പണം ദേശീയപാതയില്‍ കൊടകര വച്ച് ഒരു സംഘം കാര്‍ തടഞ്ഞുനിറുത്തി തട്ടിയെടുക്കുകയായിരുന്നു. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ പരാതി നല്‍കിയതെങ്കിലും പൊലീസിന്റെ അന്വേഷണത്തില്‍ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ ബിജെപിയുടെ കര്‍ണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുയര്‍ന്നെങ്കിലും ബിജെപി ഇത് തള്ളിയിരുന്നു.കേസില്‍ 23 പേര്‍ അറസ്റ്റിലായിരുന്നു. പിന്നീട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. കേസിലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനെയടക്കം ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാക്കേസിലാണ് അന്വേഷണം നടന്നതെന്നും അതില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. കള്ളപ്പണക്കേസ് അന്വേഷിക്കേണ്ടത് ഇഡിയാണെന്നും പൊലീസ് പറഞ്ഞിരുന്നു.