തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ പിടിച്ചെടുക്കണം; 10 മുനിസിപ്പാലിറ്റികളില്‍ അധികാരത്തില്‍ എത്തുകയും 21,000 വാര്‍ഡുകളില്‍ ജയം ഉറപ്പിക്കുകയും വേണം; അമിത്ഷായുടെ സാന്നിധ്യത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍മുന്നേറ്റത്തിന് ബിജെപി; വോട്ടുശതമാനം ഉയര്‍ത്താന്‍ 'വികസിത ടീമും' 'വരാഹിയും': മിഷന്‍ കേരള ലക്ഷ്യം 2026 ലെ വിജയക്കൊടി

തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകള്‍ പിടിച്ചെടുക്കണം

Update: 2025-07-12 13:34 GMT

തിരുവനന്തപുരം: 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നും തിരഞ്ഞെടുപ്പിനൊരുങ്ങാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് എത്തിയപ്പോള്‍ ആഹ്വാനം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുന്നത്. അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ 'മിഷന്‍ കേരള' ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, തൃശൂര്‍ എന്നീ കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബിജെപിക്ക് സ്വാധീനമുള്ള രണ്ട് കോര്‍പ്പറേഷനുകളാണ് തിരുവനന്തപുരവും തൃശൂരും. ഇതുകൂടാതെ, 10 മുനിസിപ്പാലിറ്റികളില്‍ അധികാരം പിടിക്കാനും 21,000 വാര്‍ഡുകളില്‍ വിജയം ഉറപ്പിക്കാനും യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു.

ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാര്‍ഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് നടന്നത്. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച് ഈ യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുത്തു.

രാജീവ് ചന്ദ്രശേഖര്‍ പ്രസിഡന്റായ ശേഷം 'വികസിത ടീം' എന്ന പേരില്‍ ഓരോ വാര്‍ഡിലും പ്രത്യേകം തിരഞ്ഞെടുത്ത 5 പേരാണു യോഗത്തില്‍ പങ്കെടുത്തത്. വാര്‍ഡ് ഭാരവാഹികള്‍ക്കു പുറമേയാണ് ഈ വികസിത ടീമിന്റെ പ്രവര്‍ത്തനം.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നത് മുതല്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വരെയുള്ള പ്രവര്‍ത്തനത്തിന്റെ ഏകോപനമാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായി 'വരാഹി' എന്ന സ്വകാര്യ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വാര്‍ഡിനും ഓരോ പഞ്ചായത്തിനുമായി പ്രകടനപത്രിക തയാറാക്കും. കേരളത്തിലെ ഏകദേശം 17,900 വാര്‍ഡുകളില്‍ ബിജെപിക്കു ഭാരവാഹികള്‍ ഉണ്ട്. ഇതില്‍ 10,000 വാര്‍ഡുകളില്‍ ജയമാണു ലക്ഷ്യം. നിലവില്‍ 1,650 വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളും ലക്ഷ്യത്തിലുണ്ട്.

ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യാനും പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുമായി കേരളത്തിലെത്തിയ വേളയിലാണ് അമിത് ഷാ ബിജെപി ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപന

'കേരളത്തിലെ ജനങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ 11 ശതമാനം വോട്ട് ആയിരുന്നത് 2019 ല്‍ 16 ശതമാനവും 2024 ല്‍ 20 ശതമാനവും ആക്കി നിങ്ങള്‍ ഉയര്‍ത്തി. ഇനി ബിജെപിയെ അധികാരത്തില്‍ എത്തിക്കാനുള്ള സമയമായി. 2026 എന്‍ഡിഎ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ ഉണ്ടാവണം. നൂറുകണക്കിന് നമ്മുടെ സഹപ്രവര്‍ത്തകരെ മതതീവ്രവാദികളും എല്‍ഡിഎഫും കൊന്നുതള്ളിയപ്പോഴും നമ്മുടെ ലക്ഷ്യംവും അവരെല്ലാം മരിച്ചതും കേരളം ബിജെപി ഭരിക്കുന്നത് കാണാനാണ്.

വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 20000 ത്തിലധികം സീറ്റുകള്‍ വിജയിക്കുകയും 25 ശതമാനം വോട്ടുകള്‍ നേടുകയും വേണം. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ബിജെപി അധികാരത്തില്‍ എത്തണം. എല്‍ഡിഎഫിനും യുഡിഎഫിനും പറയാനുള്ളത് അഴിമതിയുടെ മുന്‍കാല ചരിത്രമാണ്. കരുവന്നൂര്‍ തട്ടിപ്പ് എക്‌സാലോജിക് ലൈഫ് മിഷന്‍ ഗഫോണ്‍ പി പി ഇ കിറ്റ് എന്നിങ്ങനെ നൂറുകണക്കിന് അഴിമതിയുടെ പട്ടികയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആണെങ്കിലും അദ്ദേഹത്തോട് പറയുകയാണ് രാജ്യത്ത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഏറ്റവും വലിയ തട്ടിപ്പാണ് സ്വര്‍ണ്ണക്കള്ളക്കടത്ത്.

അഴിമതിയുടെ കാര്യത്തില്‍ യുഡിഎഫും ഒട്ടും പിറകിലല്ല. രണ്ടുപേരും അളിയനും അളിയനും ആണ് അഴിമതി കാര്യത്തില്‍. കോണ്‍ഗ്രസ് അടച്ചു പൂട്ടാന്‍ പോകുന്ന പാര്‍ട്ടിയാണ്. അവരുടെ ഭരണകാലത്താണ് ബാര്‍കോഴിയും സോളാര്‍ തട്ടിപ്പും പാലാരിവട്ടം പാലം അഴിമതിയും ഉള്‍പ്പെട്ട നടന്നത്. കഴിഞ്ഞ 11 വര്‍ഷമായി മോദി സര്‍ക്കാര്‍ അധികാരത്തിലുണ്ട് അഴിമതിയുടെ ഒരു ചെറുകഥ പോലും കേള്‍ക്കാന്‍ ഇല്ലാത്ത ഭരണമാണ്. വികസിത കേരളം ബിജെപി ഇല്ലാതെ യാഥാര്‍ത്ഥ്യമാകില്ലെന്ന് അമിത് ഷാ പറഞ്ഞു.

Tags:    

Similar News