പുതുപ്പള്ളിയില്‍ മത്സരരംഗത്തു നിന്നു മാറാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞതോടെ അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന് വാര്‍ത്തകള്‍; മറിയത്തിനായി ചെങ്ങന്നൂര്‍ പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളെത്തി; ഒടുവില്‍ എല്ലാം തള്ളി ചാണ്ടി; ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ; അച്ചുവും മറിയയും മത്സരിക്കാനില്ലെന്ന നിലപാട് പറഞ്ഞ് പുതുപ്പള്ളി എംഎല്‍എ

ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാവൂ

Update: 2026-01-06 12:00 GMT

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ ആകാന്‍ പോകുന്നവരെ കുറിച്ച് പലവിധത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ് ഇക്കുറി യുവാക്കള്‍ക്കും അപ്രീക്ഷിത മുഖങ്ങള്‍ക്കും അവസരം നല്‍കുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ ഇതോടെ പല പേരുകളും ഉയര്‍ന്നു വരുന്നുണ്ട്. ഇതിനിടെ വേണമെങ്കില്‍ പുതുപ്പള്ളിയില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ തയാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നലെ വയനാട്ടില്‍ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ അറിയിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു.

പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കും. പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നുമാണ് ചാണ്ടി പ്രതികരിച്ചത്. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ല. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വാര്‍ത്തക്ക് പിന്നാലെ ചാണ്ടിക്ക് പകരം അച്ചു ഉമ്മനും മറിയം ഉമ്മനും സ്ഥാനാര്‍ഥികളാകുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന് മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളായി ചെങ്ങന്നൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നതെന്നാണ വാര്‍ത്തകള്‍ എത്തിയത്. യുഡിഎഫിന് വലിയ മുന്നേറ്റത്തിലേക്ക് എത്താന്‍ സാധിക്കുമെന്ന് കണക്ക് കൂട്ടുന്ന മണ്ഡലങ്ങളാണിത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ മത്സരരംഗത്തേക്ക് എത്തിയാല്‍ യുഡിഎഫിന് കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണി.

മറിയ ഉമ്മനുമായി ചില നേതാക്കള്‍ ബന്ധപ്പെട്ടതായും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് സംസരിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ വ്യക്തത വന്നേക്കും. നിര്‍ണായകമായ നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുണ്ട്. അച്ചു ഉമ്മന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു വാര്‍ത്തകള്‍. അച്ചുവിനെയും സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വാര്‍ത്തകളെത്തി. ഒടുവില്‍ ഈ വാര്‍ത്തകളെല്ലാം തള്ളിക്കൊണ്ട് ചാണ്ടി എത്തി.

ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്നും തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. നിങ്ങള്‍ തന്നെ ഒരാളെ തീരുമാനിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. 'എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്. അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം ഉണ്ടായാല്‍ അവര്‍ എന്നോട് പറയും. പാര്‍ട്ടിയോട് പറയും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂവെന്നും അങ്ങനെയാണ് നിലവിലെ തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി ഒഴിഞ്ഞു കൊടുക്കാന്‍ തയാറാണെന്ന വാര്‍ത്തയിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറഞ്ഞതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്നതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്. പാര്‍ട്ടി തീരുമാനിച്ചാലെ താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയുള്ളൂ. എവിടെയായാലും എല്ലാം പാര്‍ട്ടിയുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News