കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്ന്; കൂടുതല്‍ ഹവാല പണം മലപ്പുറത്ത് നിന്നും; ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല; സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി

ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

Update: 2024-10-01 13:20 GMT

കോഴിക്കോട്: 'ദി ഹിന്ദു' പത്രത്തിലെ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യമാണ് വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഏതെങ്കിലും ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തിയിട്ടില്ല.

എന്നാല്‍, ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്. വര്‍ഗീയ ശക്തികളെ തുറന്ന് എതിര്‍ക്കാറുണ്ട്. ന്യൂനപക്ഷ വര്‍ഗീയതയോടുള്ള എതിര്‍പ്പ് ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കുക എന്നതല്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരില്‍ നിന്നാണ്. അത് വസ്തുതയാണ്. കൂടുതല്‍ ഹവാല പണം പിടികൂടിയത് മലപ്പുറം ജില്ലയില്‍ നിന്നാണെന്ന് പറഞ്ഞത് വസ്തുതയാണ്.

അതിനെ തെറ്റായി വ്യഖ്യാനിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തിനാണ് വേവലാതിയെന്നും പിണറായി വിജയന്‍ ചോദിച്ചു. എന്തിനാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കാണ് പറഞ്ഞത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സയണിസ്റ്റുകളുടെ കൂടെ ആണ് ആര്‍എസ്എസും ബിജെപിയുമെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ പഴയ നിലപാടില്‍ വെള്ളം ചേര്‍ത്തു. ഇത് അമേരിക്കയെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ഞങ്ങള്‍ ഇത് പറയുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കല്‍ അല്ല അത്. സിയോണിസ്റ്റുകളുടെ ഇരട്ട സഹോദരന്‍മാര്‍ ആണ് ആര്‍എസ്എസും പിണറായി വിജയന്‍ ആരോപിച്ചു.

നാടും രാജ്യവും ലോകവും പ്രത്യേക ഘട്ടത്തിലുടെ കടന്ന് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് മുന്നില്‍ നിന്നത് സിപിഎം ആയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നു എന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ പ്രതികരിക്കില്ല എന്നതായിരുന്നു ചിലരുടെ നിലപാട്.

ലോകത്ത് എന്ത് സംഭവിക്കും എന്ന് ആശങ്ക ഉണ്ടാകുന്നുണ്ട്. നേരത്തെ കോഴിക്കോട് സിപിഎം സംഘടിപ്പിച്ച ഫലസ്തീന്‍ അനുസ്മരണം ഓര്‍ക്കുന്നു. സിപിഎം ആണ് ആദ്യം പരിപാടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ ചിലര്‍ സിപിഎം എന്തോ അരുതാത്തത് ചെയ്തു എന്ന പ്രചാരണം ഒരു വിഭാഗം അഴിച്ചു വിട്ടു. പ്രത്യേകം ആളുകളെ പ്രീണിപ്പിക്കാന്‍ ആണ് ഇത്തരം നടപടി എന്നാണ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. അത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ക്ക് പ്രത്യേകം ഉദ്ദേശം ഉണ്ടാകും.

പ്രചാരണത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ തയ്യാറായ കൂട്ടര്‍ ഇക്കാര്യത്തില്‍ തികഞ്ഞ മൗനം ആണ് പാലിച്ചത്. ആ തിരഞ്ഞെടുപ്പ് കഴിയും വരെ ഒന്നും ചെയ്യേണ്ടതില്ല എന്ന് തീരുമാനിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തിലും പ്രതികരിക്കേണ്ട എന്നും തീരുമാനിച്ചു. ഫലസ്തീന്‍ വിഷയം പുതിയ വിഷയം അല്ല. നമ്മുടെ രാജ്യം എക്കാലവും ഫലസ്തീനൊപ്പം ആണ് നിന്നത്, മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News