കെ പി സി സി അദ്ധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് വി ഡി സതീശന്‍; പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതിപക്ഷ നേതാവ് വഴങ്ങുന്നില്ലെന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍; ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ച അടിയന്തര യോഗത്തില്‍ കെപിസിസി നേതൃത്വത്തിന് വിമര്‍ശനം; കേരള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയേ മതിയാവൂ എന്ന് രാഹുലിന്റെ കര്‍ശന നിര്‍ദ്ദേശം

കേരള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയേ മതിയാവൂ എന്ന് രാഹുലിന്റെ കര്‍ശന നിര്‍ദ്ദേശം

Update: 2025-10-28 17:32 GMT

ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് രൂക്ഷ വിമര്‍ശനമുയര്‍ന്നു. കെപിസിസി നേതൃത്വത്തിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെയും, വിഭാഗീയത വളര്‍ത്തുന്ന നടപടികള്‍ക്കെതിരെയും രൂക്ഷമായ പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ ഉയര്‍ന്നു. 'ചില നേതാക്കള്‍ തന്നെയാണ് പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടാക്കുന്നത്, ഇങ്ങനെ പോയാല്‍ പാര്‍ട്ടി വെള്ളത്തില്‍ ആകും,' കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഹൈക്കമാന്‍ഡ് യോഗത്തില്‍ തുറന്നടിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ രാഹുല്‍ ഗാന്ധി കേരള നേതാക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. 'കേരള നേതാക്കള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോകണം, അല്ലാതെ മുന്നോട്ട് പോകാന്‍ സാധ്യമല്ല,' അദ്ദേഹം കര്‍ശനമായി വ്യക്തമാക്കി.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിസിസി അധ്യക്ഷന്‍ കൂടിയാലോചനകള്‍ നടത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടിയാലോചനകള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ പ്രതിപക്ഷ നേതാവിനെതിരെ തിരിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചു. പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് അവര്‍ പറഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കെതിരെയും പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചുവെന്നാണ് വിവരം.

എഐസിസിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ശനിയാഴ്ച സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് ഔദ്യോഗികമായി തുടക്കമിടും. നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും കേരളത്തില്‍ വിജയം ഉറപ്പാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ അറിയിച്ചു. പുനഃസംഘടന, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക പുറത്തിറക്കാത്തത്, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുമോ എന്ന ചോദ്യത്തിന്, അത് പറയേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. നിര്‍ദ്ദേശിക്കപ്പെട്ട പ്രചാരണ പദ്ധതിയില്‍ ചില ഭേദഗതികളോടെ മുന്നോട്ട് പോകാനാണ് എഐസിസി ലക്ഷ്യമിടുന്നത്.


Tags:    

Similar News