യോഗത്തിലെ വാദപ്രതിവാദങ്ങള്‍ കടുത്തതോടെ മതി നിര്‍ത്ത് ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന്‍; ഈ നിലപാട് 'അഹങ്കാരമായി' എംഎല്‍എമാര്‍ വിശേഷിപ്പിച്ചത് പൊട്ടിത്തെറിയായി; അഞ്ചു മിനിറ്റ് മാത്രം ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തെ ചോദ്യം ചെയ്ത് മഹേഷും കുഴല്‍നാടനും; നേതൃത്വത്തെ തികഞ്ഞ പരാജയമെന്ന് വിശേഷിപ്പിച്ചെന്നും റിപ്പോര്‍ട്ട്; കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയോ?

Update: 2025-10-01 05:13 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി എംഎല്‍എമാര്‍ അഭിപ്രായ ഭിന്നതയുണ്ടായി എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ വിളിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. വിഡി സതീശനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീരസം പുകയുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ചില എംഎല്‍എമാരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്‍ എസ് എസും കോണ്‍ഗ്രസും തമ്മിലെ ഭിന്നത രൂക്ഷമാണ്. ഇതിനിടെയാണ് പുതിയ വിവാദം. പതിവായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്നതില്‍ നേതൃത്വം തികഞ്ഞ പരാജയമാണെന്നു എംഎല്‍എമാര്‍ വിമര്‍ശനമുന്നയിച്ചു. വിഡി സതീശന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുന്ന രീതിയേയും എംഎല്‍എമാര്‍ വിമര്‍ശനവിധേയമാക്കി. സതീശനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണെന്ന വാദം ഉയര്‍ത്തുന്നതാണ് ഈ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത.

പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടങ്ങിയതിനു പിന്നാലെ തന്നെ എംഎല്‍എമാര്‍ പ്രതിഷേധ സ്വരമുയര്‍ത്തി. ചെറു പ്രസംഗത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം അവസാനിക്കുകയാണെന്നു പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റു മഹാദേവ് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഭീഷണി പരാമര്‍ശത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരായ പ്രതിഷേധത്തില്‍ തനിക്കും വിഡി സതീശനും പങ്കെടുക്കണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം യോഗം പെട്ടെന്നു അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. ഇത് ചില എംഎല്‍എമാരെ ചൊടിപ്പിച്ചു. യോഗം പെട്ടെന്നു നിര്‍ത്തി വയ്ക്കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ അവര്‍ ചോദ്യം ചെയ്തു. സി ആര്‍ മഹേഷ് (കരുണാഗപ്പള്ളി), മാത്യു കുഴല്‍നാടന്‍ (മുവാറ്റുപുഴ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നു ചില എംഎല്‍എമാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ എക്‌സ് പ്രസ് വാര്‍ത്ത ഇങ്ങനെ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും നേതൃത്വത്തിന്റെ കെടുകാര്യസ്ഥത ചോദ്യം ചെയ്തും കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ട് എംഎല്‍എമാര്‍. യോഗം അപ്രതീക്ഷിതമായി അവസാനിപ്പിച്ചതിനെതിരെയായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം. വി ഡി സതീശന്റെ നിലപാട് 'അഹങ്കാരം' നിറഞ്ഞതാണെന്നും എംഎല്‍എമാര്‍ തുറന്നടിച്ചു. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ അഞ്ച് മിനിറ്റിനകം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതാണ് തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാവിന്റെ ഭീഷണിക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ തങ്ങള്‍ക്കും സതീശനും പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സണ്ണി ജോസഫിന്റെ നീക്കം. എന്നാല്‍, യോഗം പെട്ടെന്ന് അവസാനിപ്പിച്ചതിനെ എംഎല്‍എമാര്‍ ശക്തമായി ചോദ്യം ചെയ്തു.

കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷും മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ രണ്ടോ മൂന്നോ തവണ മാത്രമാണ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നതെന്നും, അതാവട്ടെ ഒരു ചര്‍ച്ചയും ഫലത്തിലെത്തിക്കാതെ അവസാനിപ്പിക്കുകയായിരുന്നെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. 20 കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ പോലും യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അവര്‍ തുറന്നടിച്ചു. ഈ വീഴ്ചകള്‍ യുഡിഎഫിന്റെ ഫ്‌ലോര്‍ മാനേജ്‌മെന്റ് പലതവണ പരാജയപ്പെടുന്നതിന് കാരണമായെന്നും എംഎല്‍എമാര്‍ കുറ്റപ്പെടുത്തി.

യോഗത്തിലെ വാദപ്രതിവാദങ്ങള്‍ കടുത്തതോടെ, മതി നിര്‍ത്ത്, ഇനിയും സംസാരിക്കരുതെന്ന് പറഞ്ഞ് സതീശന്‍ ഇടപെട്ടത് എംഎല്‍എമാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. സതീശന്റെ ഈ നിലപാട് 'അഹങ്കാരമായി' എംഎല്‍എമാര്‍ വിശേഷിപ്പിക്കുകയും ചെയ്തു. നിയമസഭാ കക്ഷി യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാതെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാന്‍ എംഎല്‍എമാര്‍ക്ക് മറ്റെവിടെയാണ് വേദിയെന്ന് അവര്‍ ചോദ്യമുയര്‍ത്തി. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്നിട്ടും, സ്വന്തം പാര്‍ട്ടിക്കകത്തെ ചര്‍ച്ചകള്‍ പോലും ഫലപ്രദമായി നയിക്കുന്നതില്‍ സതീശന്‍ പരാജയപ്പെട്ടുവെന്നതാണ് ഈ സംഭവങ്ങള്‍ അടിവരയിടുന്നത്.

Tags:    

Similar News