ഇനി മാധമ്യങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്നും പ്രകാശ് ബാബുവിന് വിലക്ക്; പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി അറിയിക്കുമെന്നും ബിനോയ് വിശ്വം; സിപിഐയില്‍ പോര് മുറുകും

എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിലാണ് ബിനോയ് വിശ്വം അതൃപതി പ്രകടിപ്പിച്ചത്.

Update: 2024-10-05 05:24 GMT

തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐയിലും ഭിന്നത. സിപിഐയ്ക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി അറിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടിവിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. പ്രകാശ് ബാബു വിഭാഗത്തിനുള്ള മുന്നറിയിപ്പാണ് ഇത്.

എഡിജിപി വിഷയത്തില്‍ പ്രകാശ് ബാബുവിന്റെ പ്രതികരണത്തിലാണ് ബിനോയ് വിശ്വം അതൃപതി പ്രകടിപ്പിച്ചത്. എന്നാല്‍ ജനയുഗത്തില്‍ ലേഖനം എഴുതിയതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയോട് പറഞ്ഞിരുന്നു എന്നാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. അജിത് കുമാര്‍ വിഷയത്തില്‍ പ്രകാശ് ബാബു നിരന്തര അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം എടുപ്പിക്കാന്‍ കഴിയുന്നില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങളില്‍ വിലയിരുത്തലെത്തിയത്. ഈ സാഹചര്യത്തിലാണ് ബിനോയ് വിശ്വം പാര്‍ട്ടി യോഗത്തില്‍ നിലപാട് പറഞ്ഞത്.

ഫലത്തില്‍ മറ്റ് വക്താക്കളെ വിലക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി. സി.പി.ഐയ്ക്ക് പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി പറയുമെന്നും ബിനോയ് വിശ്വം വിശദീകരിക്കുകയാണ ചെയ്യുന്നത്. സി.പി.ഐ നേതൃത്വത്തിലെ ഭിന്നത എക്‌സിക്യൂട്ടിവില്‍ മറനീക്കി പുറത്തുവന്നു. നേരത്തെ എഡിജിപിയെ മാറ്റണമെന്ന ആവശ്യം ബിനോയ് വിശ്വം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ഇതിന് പിന്നാലെയാണ് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആര്‍എസ്എസ് സമ്പര്‍ക്കം രാഷ്ട്രീയ പ്രശ്‌നമാണെന്നും പ്രകാശ് ബാബുവും വ്യക്തമാക്കിയത്. ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നുമായിരുന്നു ലേഖനത്തിലെ പരാമര്‍ശം. വിഷയത്തെ നേരിട്ട് അഭിസംബോധന ചെയ്തില്ലെങ്കിലും എല്ലാവരും വക്താക്കളാകേണ്ട എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

സെക്രട്ടറിയുടെ വാക്കുകളെ ആരും എതിര്‍ത്തിട്ടില്ലെന്നും പിന്തുണച്ച് സംസാരിക്കുകയായിരുന്നുവെന്നും പ്രകാശ് ബാബു പക്ഷവും പറയുന്നു. ഏതായാലും കാനം രാജേന്ദ്രന്റെ മരണത്തിന് ശേഷം സിപിഐയിലെ സമവാക്യങ്ങള്‍ മാറുകയാണ്. ബിനോയ് വിശ്വവും പ്രകാശ് ബാബുവും നേതൃത്വം നല്‍കുന്ന വിഭാഗങ്ങളായി അത് മാറുകയാണ്.

Tags:    

Similar News