വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും; ഈ ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫിനെതിരെ മതന്യൂനപക്ഷങ്ങള്‍ക്ക് സംശയമുയരാന്‍ കാരണമാകും; വിഷയത്തില്‍ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രത വേണം; മുന്നറിയിപ്പുമായി സിപിഐ
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും
പാലക്കാട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഐ. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സിപിഐ രംഗത്തുവന്നത്. എസ്.എന്‍.ഡി.പി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണെങ്കിലും അത്തരത്തിലുള്ള ഇടപെടലുകളല്ല ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പിയില്‍ നിന്ന് ഉണ്ടാകുന്നതെന്നും സി.പി.ഐ വിലയിരുത്തി.
സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. ഇത്തരം ആളുകളോ സംഘടനകളോ ആയുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫിനെതിരെ സംശയമുയരാന്‍ കാരണമാകും. അതിനാല്‍ ഈ വിഷയത്തില്‍ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രത വേണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയും സി.പി.എമ്മും നല്‍കുന്ന സംരക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞും തുറന്നടിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയല്ല എല്‍.ഡി.എഫെന്നും ചതിയന്‍ ചന്തു എന്ന പേരും തൊപ്പിയും ആയിരം വട്ടം ചേരുക ആ തലക്കാണെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നപ്പോള്‍ 'അദ്ദേഹത്തെ കണ്ടാല്‍ ഞാന്‍ ചിരിക്കും, ചിലപ്പോള്‍ കൈ കൊടുക്കും, പക്ഷേ കാറില്‍ കയറ്റില്ല' എന്ന് ബിനോയ് വിശ്വം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സി.പി.ഐ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സി.പി.ഐക്കാര്‍ ഫണ്ട് വാങ്ങിക്കാണും. എന്നാല്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാല്‍ പണം തിരികെ നല്‍കുമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.
അതിനിടെ വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍ രംഗത്തുവന്നു. വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദമായി കത്തി നില്‍ക്കുന്നതിനിടെയാണ് പ്രകാശ് ജാവദേക്കര്‍ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ടത്. ബിജെപി നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറിനൊപ്പം എത്തിയിരുന്നു. മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം. വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എന്നാല്‍, വെള്ളാപ്പള്ളിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബിജെപി ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
തുഷാര്‍ വെള്ളാപ്പള്ളിയും ബിഡിജെഎസും എന്‍ഡിഎയുടെ ഘടകക്ഷിയായി നില്‍ക്കുമ്പോഴും ബിഡിജെഎസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വെള്ളാപ്പള്ളി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് പതിവ്. എന്നാല്‍, അപ്പോഴം ബിജെപി നേതാക്കളുമായി വെള്ളാപ്പള്ളി സൗഹൃദം പുലര്‍ത്തിവരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വെള്ളാപ്പള്ളിയെ കൂടെ കൂട്ടുന്നതിന്റെ ഭാഗമായാണോ പ്രകാശ് ജാവദേക്കറിന്റെ സന്ദര്‍ശനമെന്നാണ് ഇനി കണ്ടറിയേണ്ടത്. കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതിനിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല പ്രസിഡന്റിന്റെ പ്രസ്താവനയില്‍ പ്രതിഷേധവും ഉടലെടുക്കുന്നുണ്ട്. ശ്രീനാരായണ പെന്‍ഷണേഴ്‌സ് കൗണ്‍സില്‍ കേന്ദ്ര സമിതി യോഗമാണ് പ്രതിഷേധിച്ചത്.
വെള്ളാപ്പള്ളി ഉന്നയിച്ച സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് മറുപടി ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുകയാണ് മുസ്‌ളിം നേതാക്കള്‍. കടുത്ത വര്‍ഗീയ പ്രസംഗങ്ങളും തീവ്രവാദ പ്രഖ്യാപനങ്ങളും നടത്തുന്ന മുസ്‌ളിംലീഗിന്റെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നവരാണ് വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷത വഹിച്ചു.
