എല്ലാവരെയും ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ കാനത്തിന്റെ കുടുംബത്തെ മാത്രം മറന്നു; മകന്‍ പരസ്യമായി പരിഭവം അറിയിച്ചതോടെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ; ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് ബിനോയ് വിശ്വം
കാനം രാജേന്ദ്രനെ മറന്നതില്‍ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ
തിരുവനന്തപുര: മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മറന്നതില്‍ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ കാനം രാജേന്ദ്രന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലെ നടന്ന പരിപാടിയില്‍ മരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
സിപിഐ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ തിരുവനന്തപുരത്ത് പൊതുസമ്മേളനം സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഡി രാജ, ബിനോയ് വിശ്വം തുടങ്ങി നിരവധി നേതാക്കളും പങ്കെടുത്തിരുന്നു. ചടങ്ങില്‍ പാര്‍ട്ടിയുടെ മുന്‍കാല നേതാക്കളുടെ കുുടംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. എന്നാല്‍ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ എത്തിയിരുന്നില്ല. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. എന്നാല്‍ കാനത്തിന്റെ കുടുംബത്തിന് അസൗകര്യം ഉള്ളതിനാലാണ് എത്താതിരുന്നതെന്നായിരുന്നു സിപിഐ നേതാക്കളുടെ വിശദീകരണം.
ഇതിന് പിന്നാലെയാണ് സിപിഐ നേതാക്കള്‍ പരിപാടിക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കാനം രാജേന്ദ്രന്റെ മകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 'ഇന്നലെ സിപിഐ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഞങ്ങള്‍ക്ക് അറിയിപ്പ് നല്‍കുകയോ ക്ഷണിക്കുകയോ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന പരിപാടിയുടെ അവസാനം ഞങ്ങള്‍ക്ക് അസൗകര്യം നേരിട്ടതിനാലാണ് വരാന്‍ കഴിയാത്തതെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഞങ്ങളെ പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയും' കുറിപ്പില്‍ പറയുന്നു.