ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന ആരോപണം; പി വി അന്‍വറിന് എതിരെ വക്കീല്‍ നോട്ടീസ്; 15 ദിവസത്തിനകം ആരോപണം തിരുത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍

പി വി അന്‍വറിന് എതിരെ വക്കീല്‍ നോട്ടീസ്

Update: 2024-10-17 10:29 GMT

തിരുവനന്തപുരം: 2011ല്‍ 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എക്ക് എതിരെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരം ആനയറ സ്വദേശിയും സിപിഐ അഭിഭാഷക സംഘടനാ നേതാവുമായ എസ്എസ് ബാലുവാണ് നോട്ടീസ് അയച്ചത്. അന്‍വര്‍ ആരോപണം തിരുത്തണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. വ്യാജമായ ഈ ആരോപണം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും അവമതിപ്പും, മാനഹാനിയും ഉണ്ടാക്കിയതായും നോട്ടീസില്‍ പറയുന്നു. 15 ദിവസത്തിനകം ഇത് പോലെ പത്ര സമ്മേളനം വിളിച്ച് ചേര്‍ത്ത് ആരോപണം തിരുത്തിയില്ലെങ്കില്‍ അന്‍വറില്‍ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്നതുള്‍പ്പടെയുളള നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ എം സലാഹുദ്ദീന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.

ആലപ്പുഴയില്‍ ഈ മാസം 14 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് 25 ലക്ഷം രൂപക്ക് ഏറനാട് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐയെന്ന് പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചത്. സിപിഐ 2011 ലും 2021 ലും ഏറനാട് സീറ്റ് മുസ്ലീംലീഗിന് വില്‍പ്പന നടത്തിയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. 2011 ലെ വില്‍പ്പനയ്ക്ക് അന്നത്തെ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍ നേതൃത്വം നല്‍കിയെന്നും ആരോപിച്ചിരുന്നു.

അന്‍വറിന്റെ ആരോപണം ഇങ്ങനെ:

ആ തിരഞ്ഞെടുപ്പില്‍ ഏറനാട് സീറ്റ് സി പി ഐക്കായിരുന്നു. സി പി ഐക്ക് ഒരു പിന്തുണയുമില്ലാത്ത മണ്ഡലമായിരുന്നു ഏറനാട്. അവിടെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ മുന്നണി തീരുമാനിച്ചു. പിന്നീട് സി പി ഐ ചതിച്ചു. വെളിയം ഭാര്‍ഗവനായിരുന്നു സംസ്ഥാന സെക്രട്ടറി. അവിടെ പിന്നീട് എ ഐ വൈ എഫിന്റെ ഒരു നേതാവാണ് സ്ഥാനാര്‍ഥിയായത്. തെരഞ്ഞെടുപ്പില്‍ താന്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സി.പി.ഐ ചിഹ്നത്തില്‍ മത്സരിച്ചയാള്‍ക്ക് കിട്ടിയത് വെറും 2500 വോട്ടാണ്. ചരിത്രത്തിലാദ്യമായി കെട്ടിവെച്ച കാശ് പോയി, വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞു.

ജില്ലയിലെ മുസ്ലിം ലീഗ് നേതൃത്വം വെളിയം ഭാര്‍ഗവനെ സ്വാധീനിക്കുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. താന്‍ ഇടതു സ്ഥാനാര്‍ഥിയായാല്‍ ലീഗിന്റെ സ്ഥാനാര്‍ഥി അവിടെ പരാജയപ്പെടും. ഒരു നിലയ്ക്കും തന്നെ പിന്തുണയ്ക്കരുതെന്ന് ലീഗ് നേതൃത്വം സി പി ഐയോട് ആവശ്യപ്പെട്ടു. പാര്‍ട്ടി ഫണ്ടായി ലീഗ് 25 ലക്ഷം സി.പി.ഐക്ക് നല്‍കി -അന്‍വര്‍ പറഞ്ഞു.

ഈ ആരോപണത്തിന് അന്ന് സി പി ഐ തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ തെളിയിക്കാമെന്ന് മറുപടി കൊടുത്തതോടെ സി പി ഐ പിന്നീട് ഒന്നും മിണ്ടിയില്ല. തന്നെ സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ അന്ന് ആര്യാടന്‍ അവിടെ തോല്‍ക്കുമെന്നും താന്‍ ജയിക്കുമായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലും സി.പി.ഐ സീറ്റ് വിറ്റുവെന്നും അന്‍വര്‍ ആരോപിച്ചു.

രണ്ടാം തവണയാണ് സി.പി.ഐ മണ്ഡലം വില്‍ക്കുന്നതെന്നും പി.വി. അന്‍വര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പാര്‍ട്ടിയുടെ നീക്കത്തില്‍ അതൃപ്തിയുള്ള ലോക്കല്‍ നേതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നു. അഞ്ച് വര്‍ഷം പാര്‍ട്ടി കഷ്ടപ്പെട്ടത് ഇതിന് വേണ്ടിയാണോയെന്ന് നേതാക്കള്‍ തന്നോട് ചോദിച്ചുവെന്നും അന്‍വര്‍ പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പോട് കൂടി പാര്‍ട്ടിയുടെ പിന്‍ബലം ഇല്ലാതാകുകയാണ് ചെയ്തത്. നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തിയപ്പോള്‍, ലോക്കല്‍ നേതാക്കളെ സി.പി.ഐ പറഞ്ഞു ബോധിപ്പിച്ചിരിക്കുന്നത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നാണെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കാന്തപുരത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്നാണ് സി.പി.ഐ മുന്നോട്ടുവെച്ച ആവശ്യമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ആനി രാജ സ്ഥാനാര്‍ഥിയായപ്പോള്‍ സിപിഐ നേതാക്കള്‍ കോടികള്‍ പണം പിരിച്ചു. ഒരു രൂപ പോലും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് കൊടുത്തില്ല. ക്വാറി ഉടമകളില്‍ നിന്നും വലിയ ധനികരില്‍ നിന്നും സിപിഐ നേതാക്കള്‍ പണം വാങ്ങി. മന്ത്രി കെ. രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരാണ് പണം വാങ്ങിയത്.'- അന്‍വര്‍ ആരോപിച്ചു.


Tags:    

Similar News