സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍
മുതിര്‍ന്ന നേതാക്കള്‍ ഏറ്റുമുട്ടിയത് സിപിഎം രാഷ്ട്രീയത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കൈയാങ്കളി നടത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുന്‍ എംഎല്‍എ എ. പത്മകുമാറിനും പി.ബി. ഹര്‍ഷകുമാറിനും താക്കിത്. സംഭവം നടന്നതിന്റെ പിറ്റേന്ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത പത്മകുമാറിനെയും ഹര്‍ഷകുമാറിനെയും ഒരുമിച്ചിരുത്തി സിപിഎം ജില്ലാ സെക്രട്ടറി നിഷേധിച്ചിരുന്നു. നിലവിലെ നടപടിയോടെ മാധ്യമ വാര്‍ത്തകള്‍ ശരിയെന്ന് തെളിഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഏറ്റുമുട്ടിയത് സിപിഎം രാഷ്ട്രീയത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു.മാര്‍ച്ച് 25ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ഡോ. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനാണ് യോഗം ചേര്‍ന്നത്. പ്രചാരണത്തിലെ വീഴ്ചകളുടെ പേരില്‍ പത്മകുമാറും ഹര്‍ഷകുമാറും തമ്മില്‍ വാക്ക് തര്‍ക്കവും ഒടുവില്‍ കയ്യാങ്കളിയുമായി. ഇലക്ഷന്‍ കാലമായതിനാല്‍ അന്ന് പാര്‍ട്ടി നടപടിയെടുത്തില്ല. ജില്ലാ സെക്രട്ടറിക്ക് സംഭവം നിഷേധിക്കേണ്ടിയും വന്നു.
എന്നാല്‍ ഐസക്കിന്റെ തോല്‍വിയില്‍ കയ്യാങ്കളിയും ഒരു കാരണമായി എന്ന വിലയിരുത്തിലേക്ക് സംസ്ഥാന നേതൃത്വമെത്തി. ഇരുവര്‍ക്കുമെതിരേ നടപടിക്ക് നിര്‍ദ്ദേശവും നല്‍കി. കഴിഞ്ഞദിവസം തോമസ് ഐസക്കും വി.എന്‍. വാസവനും പങ്കെടുത്ത ജില്ലാ നേതൃയോഗമാണ് താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്.
സിപിഎം സമ്മേളനങ്ങള്‍ തുടങ്ങിയ സമയത്താണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ നടപടി എന്നതും ശ്രദ്ധേയം. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നേതൃത്വം സജീവമായി പരിഗണിച്ചിരുന്ന നേതാക്കന്മാര്‍ കൂടിയാണ് ഹര്‍ഷകുമാറും പത്മകുമാറും.മുതിര്‍ന്ന നേതാക്കള്‍ ഏറ്റുമുട്ടിയത് സിപിഎം രാഷ്ട്രീയത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു.