'സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാന്‍; എത്ര ഉപദ്രവിച്ചാലും മൂലക്കിരുത്തിയാലും വെട്ടിക്കൂട്ടിയാലും ഉറക്കെ പറയാന്‍ പേടിയില്ല'; ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ തുറന്നടിച്ചു വനിത നേതാവ്

ജി. സുധാകരനോടുള്ള സി.പി.എം അവഗണനക്കെതിരെ തുറന്നടിച്ചു വനിത നേതാവ്

Update: 2024-12-21 07:34 GMT

അമ്പലപ്പുഴ: സിപിഎമ്മിലെ പുതുതലമുറ രാഷ്ട്രീയം മൂലക്കിരുത്തിയ നേതാവാണ് ജി സുധാകരന്‍. ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന നേതാവിനെ ഇപ്പോള്‍ പാര്‍ട്ടി എല്ലാ അര്‍ത്ഥത്തിലും അവഗണിക്കുകയാണ്. ഈ അവഗണയില്‍ പാര്‍ട്ടിക്കുള്ളിലും ചിലരില്‍ അതൃപ്തി ശക്തമാണ്. ഇപ്പോഴിതാ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരനെ സി.പി.എം അവഗണിക്കുന്നതില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്. ജി. സുധാകരനെ പിന്തുണച്ച് ഫേസ്ബുക്കിലായിരുന്നു കുറിപ്പ്.

'സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചുപറയാവുന്ന പേരുകളില്‍ ഒന്നാമത് സഖാവ് ജി. സുധാകരന്‍ തന്നെയാണ്. ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലക്ക് ഇരുത്തിയാലും വെട്ടിക്കൂട്ടിയാലും അതുറക്കെ പറയാന്‍ പേടിയില്ല. സഖാവിനെക്കുറിച്ച് നാടുനീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടുവിറക്കുന്നവര്‍ വായിക്കാന്‍' എന്നായിരുന്നു സി.പി.എം ജനപ്രതിനിധിയുടെ പോസ്റ്റ്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഷീബാ രാകേഷിനെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയാക്കിയതും പിന്നീട് പ്രസിഡന്റാക്കിയതും ജി. സുധാകരനായിരുന്നു. ഇതിന് ശേഷം പിന്നീട് പലതവണയും സുധാകരവിരുദ്ധ ഏരിയ കമ്മിറ്റിയുമായി അഭിപ്രായവ്യത്യാസം ഷീബാ രാകേഷ് പ്രകടിപ്പിച്ചിരുന്നു.

ഏതാനും ആഴ്ച മുമ്പ് നടന്ന ഏരിയ സമ്മേളനത്തില്‍ ജി.സുധാകരനെ പങ്കെടുപ്പിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു സമ്മേളനവേദി. ആലപ്പുഴയില്‍ ഇതുവരെ നടന്ന ലോക്കല്‍, ഏരിയ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളില്‍പോലും ജി. സുധാകരനെ ക്ഷണിച്ചിരുന്നില്ല.

ഇതിന് പിന്നാലെയാണ് ഷീബാ രാകേഷ് സുധാകരവിരുദ്ധ പക്ഷത്തിന് പ്രത്യക്ഷ മറുപടി നല്‍കി രംഗത്തെത്തിയത്. ഷീബാ രാകേഷിന്റെ പോസ്റ്റിനോട് സി.പി.എമ്മിലെ മറ്റ് ചില നേതാക്കള്‍ക്കും യോജിപ്പുണ്ടെന്നാണ് അറിയുന്നത്.

നേരത്തെ ജി സുധാകരനെ സിപിഐഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ ഒഴിവാക്കിയത് വിവാദമായിരുന്നു. സുധാകരന്റെ വീടിന് ഒരു കിലോമീറ്റര്‍ അകലെയായിരുന്നു സമ്മേളന വേദി. ആലപ്പുഴയില്‍ ഇതുവരെ നടന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളിലെ പൊതുസമ്മേളനങ്ങളില്‍ പോലും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് എന്ന വാക്ക് താന്‍ പറഞ്ഞതല്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തു. അവിടത്തെ ഒരു നേതാവ് ആണ് അങ്ങിനെ പറഞ്ഞത്.

അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.മാധ്യമങ്ങള്‍ നല്‍കുന്നത് വസ്തുതയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ താന്‍ ഇല്ല. സൈഡ്ലൈന്‍ ചെയ്തതെന്ന് പറയുന്നത് ശരിയല്ല അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ ജി സുധാകരനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News