വടകരയില്‍ ടിപിയുടെ കൂട്ടുകാരന്‍ പാര്‍ട്ടി പിടിക്കുന്നില്ലെന്ന് ഉറപ്പാക്കിയ പിണറായിയും മരുമകനും; വയനാടിന് പിന്നാലെ കോഴിക്കോടും സ്വന്തം ഇഷ്ടക്കാരനെ ജില്ലാ സെക്രട്ടറിയാക്കി മന്ത്രി മുഹമ്മദ് റിയാസ്; എ പ്രദീപ് കുമാറിന് വിനയായത് ജനകീയതയും വടകരയിലെ ടിപി കുടുംബത്തോടുള്ള അടുപ്പവും; മലബാറില്‍ 'റിയാസ്' എല്ലാം നിശ്ചയിക്കുമ്പോള്‍

Update: 2025-01-31 06:01 GMT

വടകര: വടകരയിലെ സമ്മേളനത്തില്‍ പിടി ചന്ദ്രശേഖരന്റെ സുഹൃത്ത് എ പ്രദീപ് കുമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയായില്ല. കോഴിക്കോട് ജില്ല മുഹമ്മദ് റിയാസ് പിടിക്കുകയാണ്. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബാണ് കോഴിക്കോട്ടെ സിപിഎമ്മിന്റെ പുതിയ നായകന്‍. ജനകീയനായ പ്രദീപ് കുമാറിന് വിനയായത് പഴയ സൗഹൃദങ്ങളും ആര്‍ക്കും വഴങ്ങാത്ത പ്രകൃതവുമാണ്. കോഴിക്കോട് ജില്ലയില്‍ പിണറായി വിജയനോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മെഹബൂബ്. ഒന്നാം പിണറായി സര്‍ക്കാരില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനായ മെ്ബൂബ് 2021-ല്‍ വീണ്ടും ചെയര്‍മാനായി.

വിവാദമായ ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് തന്ത്രങ്ങള്‍ ഒരുക്കിയതും മെഹബൂബ് ആയിരുന്നു. മന്ത്രി മുഹമ്മദ് റിയാസുമായും അടുത്ത ബന്ധമാണ് മെഹബൂബിനുള്ളത്. അങ്ങനെ കോഴിക്കോട് ജില്ല പിണറായി തിരിച്ചു പിടിച്ചു. പി മോഹനനായിരുന്നു കോഴിക്കോട്ടെ ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂര്‍ത്തിയായതോടെ മോഹനന്‍ പദവി ഒഴിയുകയായിരുന്നു. അടുത്തകാലത്ത് പിണറായിയില്‍ നിന്നും അകന്നു നടന്ന നേതാവാണ് മോഹനന്‍. റിയാസിനോടും അടുപ്പം കാട്ടിയില്ല. ഈ സാഹചര്യത്തിലാണ് കോഴിക്കോട്ട് അതിവിശ്വസ്തനെ ജില്ലാ സെക്രട്ടറിയാക്കിയത്. പാലക്കാടും പത്തനംതിട്ടയിലും ജില്ലാ സെക്രട്ടറിമാരെ അണികളുടെ ഇഷ്ടത്തിനാണ് തിരഞ്ഞെടുത്തത്. എന്നാല്‍ വയനാടിന് പിന്നാലെ കോഴിക്കോടും റിയാസിന്റെ വിശ്വസ്തനായി പാര്‍ട്ടയിലെ പൊതു വികാരം കണ്ടില്ലെന്ന് നടിക്കുകയാണ് ചിലര്‍.

പാര്‍ട്ടി അംഗത്വത്തിന്റെയും, അനുഭാവികളുടെ എണ്ണവും വെച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ സിപിഎമ്മിന് ഏറ്റവും ശക്തിയുള്ള ജില്ലയാണ് കോഴിക്കോട് ജില്ല. ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളില്‍ പത്തും എല്‍ഡിഎഫിന്റെ കൈയിലാണ്. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് സി.പി.എമ്മിന് ജില്ലയില്‍ 23,813 അംഗങ്ങളുടെ വര്‍ധനയുണ്ടായി എന്നാണ് കണക്ക്. പുതിയ 109 ലോക്കല്‍ കമ്മിറ്റികളും 1,879 ബ്രാഞ്ച് കമ്മിറ്റികളും നിലവില്‍വന്നു. 2015-ല്‍ 31,811 അംഗങ്ങളും 174 ലോക്കല്‍ കമ്മിറ്റികളും 2622 ബ്രാഞ്ചുകളുമാണ് ഉണ്ടായിരുന്നത്. അത് യഥാക്രമം 55,624 -283 -4501 എന്നിങ്ങനെയായി വര്‍ധിച്ചു.അവസാന മൂന്നുവര്‍ഷംകൊണ്ട് 4,037 അംഗങ്ങളും ആറുലോക്കല്‍ കമ്മിറ്റികളും 135 ബ്രാഞ്ച് കമ്മിറ്റികളുമാണ് വര്‍ധിച്ചത്. വനിതാ അംഗങ്ങളുടെ എണ്ണം 27.07 ശതമാനമായി വര്‍ധിച്ചു. ജില്ലയിലെ 10 ലോക്കല്‍ സെക്രട്ടറിമാരും 395 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ഈ രീതിയിലുള്ള ഒരു ട്രാക്ക് റെക്കോര്‍ഡ് കണ്ണൂര്‍ ജില്ലക്കുപോലുമില്ല. ഈ ജില്ലയിലാണ് മുഹമ്മദ് റിയാസ് പിടിമുറുക്കുന്നത്. കണ്ണൂരിലെ പാര്‍ട്ടി സമ്മേളനത്തിലും പിണറായി സജീവമായി പങ്കെടുക്കും. അവിടേയും എല്ലാ അര്‍ത്ഥത്തിലും പിണറായി-റിയാസ് കൂട്ടുകെട്ട് പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കും.

കോഴിക്കോട് എ പ്രദീപ്കുമാറാണ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിട്ടുള്ളത്. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എന്ന നിലയില്‍ നന്നായി തിളങ്ങിയ എ പ്രദീപ്കുമാര്‍, ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവാണ്. രണ്ടുടേം പൂര്‍ത്തിയാക്കിയതിന്റ പേരില്‍ എംഎല്‍എ സ്ഥാനമൊഴിഞ്ഞ പ്രദീപ് ഇപ്പോള്‍ പൂര്‍ണ്ണമായും സംഘടനാ പ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മഖ്യമന്ത്രിയുടെ മരുമകനായ, മന്ത്രി മുഹമ്മദ് റിയാസുമായി അത്ര സ്വര ചേര്‍ച്ചയില്‍ അല്ലാത്താണ് പ്രദീപിന്റെ സാധ്യതകള്‍ക്ക് വിഘാതമായത്. സിപിഎമ്മിലെ വിഭാഗീയതക്കാലത്ത്, പ്രദീപ് വിഎസ് പക്ഷത്തായിരുന്നുവെന്നതും ഇപ്പോള്‍ വിനയായി. മലപ്പുറത്തെ പാര്‍ട്ടി സമ്മേളനത്തില്‍ മത്സരിച്ച ചരിത്രവും പ്രദീപ് കുമാറിനുണ്ട്. ടിപി ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു പ്രദീപ്.ടിപിയുടെ മകന്റെ കല്യാണത്തിനും പ്രദീപ് പങ്കെടുത്തിരുന്നു. ടിപിയുടെ തട്ടകമാണ് വടകര. വടകരയുടെ എംഎല്‍എ ടിപിയുടെ ഭാര്യയായ ആര്‍എംപി നേതാവ് കെകെ രമയും. ഈ മണ്ണില്‍ പാര്‍ട്ടി സെക്രട്ടറിയായി പ്രദീപ് എത്തുന്നില്ലെന്നതാണ് ശ്രദ്ധേയം.

സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പുറമെ പിബി അംഗങ്ങളായ എംവി ഗോവിന്ദനും ,എ വിജയ രാഘവനും കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനും, പി കെ ശ്രീമതിയും സജീവമായിരുന്നു. സമ്മേളനം നടക്കുന്ന മൂന്നുദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ വടകരയില്‍ ഉണ്ടായിരുന്നു.. വടകര ലോക്സഭാ മണ്ഡലത്തിലെ കെ കെ ശൈലജയുടെ തോല്‍വിയും, ആഭ്യന്തരവകുപ്പിനെതിരായ തുടര്‍ച്ചയായ വിമര്‍ശനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി. ഏരിയാ സമ്മേളനങ്ങള്‍ക്ക് ശേഷം മന്ത്രി പി എ മുഹമ്മദ് റിയാസ് ജില്ലയില്‍ പുതിയ ശക്തി കേന്ദ്രമായി ഉയര്‍ന്നു വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും ഇതിന്റെ പ്രതിഫലനം ഉണ്ടാവുകയാണ്. സിപിഎമ്മിന്റെ മലബാര്‍ മേഖലയില്‍ എല്ലാം മുഹമ്മദ് റിയാസ് ഇനി നിശ്ചയിക്കുമെന്നും ഉറപ്പാണ്.

Tags:    

Similar News