രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം; വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി രാജി വച്ചത്; ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍; രാജി ആവശ്യം ശക്തമാക്കി സിപിഎം
രാഹുല്‍ മാങ്കൂട്ടത്തില്‍ എല്ലാ പദവികളും രാജി വയ്ക്കണം: സിപിഎം
തിരുവനന്തപുരം: ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ എല്ലാ പദവികളും രാജി വയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോപണത്തില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടാവുന്നത് പരാതി പരമ്പരകളാണെന്നും പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, കേട്ടതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വീരപരിവേഷം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. തെളിവുകള്‍ പുറത്ത് വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നു എന്ന വാദം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഭരണഘടന 19(6) അനുസരിച്ച് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ എല്ലാ പദവികളും രാജി വെയ്ക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടന്ന അക്രമവും പൊലീസിന് നേരെ തീപന്തം എറിഞ്ഞതും കേട്ട് കേള്‍വി ഇല്ലാത്തതെന്നും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിയുടെ ബോര്‍ഡുകള്‍ക്ക് നേരെയും കോണ്‍ഗ്രസ് ആക്രമണം നടത്തി. തെറ്റായ കാര്യങ്ങള്‍ പര്‍വ്വതീകരിച്ച് ഭീകരത അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. നേതൃത്വം നല്‍കുന്നത് ഷാഫി പറമ്പിലെന്നും ഗോവിന്ദന്‍ ആരോപിച്ചു. അതേസമയം, ഷാഫി പറമ്പിലിനെ തടഞ്ഞുള്ള പ്രതിഷേധത്തില്‍ ഡിവൈഎഫ്‌ഐയെയും എം.വി.ഗോവിന്ദന്‍ തള്ളി. ഷാഫി പറമ്പിലിനെ തടയേണ്ടതുണ്ടായിരുന്നില്ല. പ്രതിഷേധമാണ് ഡിവൈഎഫ്‌ഐ നടത്തിയത്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.