പത്തനംതിട്ടയിലെ സിപിഎം നേതാക്കള്‍ക്ക് പണക്കൊതി; സംസ്ഥാന കമ്മറ്റിക്ക് പരാതി പ്രളയം; ജീവഭയത്താല്‍ പലരും പരാതിയില്‍ പേര് വയ്ക്കുന്നില്ല; പാര്‍ട്ടി കമ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്നും അകന്നു; ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍
പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജില്ലയിലെ നേതാക്കളില്‍ പണ സമ്പാദന പ്രവണത വര്‍ധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ല. നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. എന്നാല്‍ ജീവഭയം കാരണം പേര് വയ്ക്കുന്നില്ലെന്നാണ് കത്തുകളില്‍ പറയുന്നത്. പത്തനംതിട്ടയിലെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളില്‍ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സംസ്ഥാന നേതൃത്വം കര്‍ശന നിലപാടിലേക്ക് നീങ്ങുന്നു എന്ന സൂചനയാണിത്. ഉദ്ഘാടനത്തിന് ശേഷം പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തികച്ചും നിഷേധാത്മക നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച പ്രമേയത്തില്‍ വിമര്‍ശനം. സംസ്ഥാനത്തിന് കടമെടുക്കാനുള്ള പരിധി നാലുവര്‍ഷം മുമ്പ് 4.5 ശതമാനമായിരുന്നത് ഇപ്പോള്‍ മൂന്ന് ശതമാനമായി വെട്ടിക്കുറച്ചു. അതുപോലെ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് വലിയ സംഭാവന നല്‍കിയിട്ടുള്ള കിഫ്ബിയെ പ്രതികൂട്ടിലാക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു.
നാഷണല്‍ ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 6,000 കോടി രൂപ സംസ്ഥാനം മുടക്കിയിട്ടുണ്ട്. ഈ തുക വായ്പ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. ആരോഗ്യരംഗത്ത് ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. വികസന ക്ഷേമ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായി നടപ്പാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന വിധത്തിലാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധ നിലപാട് തിരുത്തണമെന്നും കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിനിധി സമ്മേളന നഗറില്‍ സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം പതാക ഉയര്‍ത്തി.സമ്മേളന പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആര്‍ സനല്‍ കുമാറിന്റെ താല്‍ക്കാലിക അധ്യക്ഷതയിലാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി.ആര്‍.പ്രസാദ് രക്തസാക്ഷി പ്രമേയവും ടി.ഡി. ബൈജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഉദ്ഘാടന യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായി. ഞായറും പ്രതിനിധി സമ്മേളനം തുടരും. എ. പത്മകുമാര്‍, പി.ബി.ഹര്‍ഷകുമാര്‍, സി. രാധാകൃഷ്ണന്‍, പീലിപ്പോസ് തോമസ്, വൈഷ്ണവി എന്നിവരടങ്ങുന്ന പ്രസീഡിയം ആണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഓമല്ലൂര്‍ ശങ്കരന്‍ കണ്‍വീനറായി പ്രമേയ കമ്മിറ്റിയും എസ് ഹരിദാസ് കണ്‍വീനറായി ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും എം വി സഞ്ജു, പി ബി സതീഷ് കുമാര്‍ എന്നിവര്‍ കണ്‍വീനര്‍മാരായി മിനിട്സ് കമ്മിറ്റിയും രജിസ്ട്രേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.