എറണാകുളത്തെ സിപിഎമ്മിനെ ഇനി എസ് സതീഷ് നയിക്കും; ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന അധ്യക്ഷന് തുണയായത് മന്ത്രി റിയാസന്റെ പിന്തുണ; എറണാകുളത്തെ സമവാക്യം അനുകൂലമാക്കാന്‍ നിയോഗിക്കുന്നത് മൃദു നിലപാടുകാരനെ; അയ്യാങ്കാവുകാരനുള്ളത് സ്വീകാര്യതയുടെ മുഖം

Update: 2025-04-20 06:26 GMT

കൊച്ചി: സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷ്. ഡിവൈഎഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റാണ് സതീഷ്. ഫലത്തില്‍ എറണാകുളത്ത് സിപിഎമ്മിന് പുതു നേതൃത്വം വരികയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനാണ് സതീഷും. ഫലത്തില്‍ എറണാകുളം ജില്ലയിലും റിയാസ് പിടിമുറുക്കുകയാണ്. നിലവില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനാണ് സതീഷ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. സി എന്‍ മോഹന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സാഹചര്യത്തിലാണ് സതീഷിന് പുതിയ നിയോഗം എത്തുന്നത്. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുന്ന സ്വഭാവക്കാരനാണ് സതീഷ്. എല്ലാവരോടും സൗമ്യതയോടെ ഇടപെടുന്ന പെരുമാറ്റം. എറണാകുളത്തെ പ്രത്യേക സാഹചര്യത്തില്‍ സതീഷിന്റെ നേതൃത്വം ഗുണകരമായി മാറുമെന്നാണ് വിലയിരുത്തല്‍.

ജില്ലാ സെക്രട്ടറിയായ സി.എന്‍. മോഹനന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ കഴിവുള്ള മുതിര്‍ന്ന നേതാക്കള്‍ പലരുണ്ടെങ്കിലും, സതീഷിന് നറുക്കു വീണു. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷനായിരുന്ന ഘട്ടത്തില്‍, യുവജന പ്രാതിനിധ്യം പരിഗണിച്ചാണ് സതീഷ് അന്ന് സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നത്. നഗരത്തില്‍ പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കുന്നതായാണ് ജില്ലാ സമ്മേളനത്തില്‍ വിലയിരുത്തലുണ്ടായത്. ആ സാഹചര്യത്തില്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന് യുവാവിനെ സെക്രട്ടറിയാക്കുകയാണ് സിപിഎം. മേയര്‍ അനില്‍കുമാറിനേയും പരിഗണിച്ചിരുന്നു.

അതേസമയം നിലവില്‍ മേയര്‍ ആണെന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതും പരിഗണിച്ച് അനില്‍കുമാറിന് പദവി നല്‍കിയില്ല. സംസ്ഥാന കമ്മിറ്റിയില്‍ ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ച് അംഗങ്ങള്‍ വേറെയുണ്ടെങ്കിലും പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളുമെല്ലാം പരിഗണിച്ച്, അവരെയും ഒഴിവാക്കി. ജില്ലാ സെക്രട്ടേറിയറ്റിലുള്ള സിഐടിയു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി പി.ആര്‍. മുരളീധരന്‍, കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബി. ദേവദര്‍ശന്‍ തുടങ്ങിയവരും ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിച്ചിരുന്നു. റിയാസിന്റെ പിന്തുണയില്‍ സതീഷിന് നറുക്ക് വീണു.

കോതമംഗലം അയ്യങ്കാവ് സ്വദേശീയായ സതീഷ് കഴിഞ്ഞ എറണാകളും സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് സി.പി.എം. സംസ്ഥാന സമിതിയില്‍ എത്തിയത്. മിതഭാഷിയും, എല്ലാവര്‍ക്കും സ്വീകാര്യനുമായ സതീഷ് വ്യവസായ ജില്ലയില്‍ സെക്രട്ടറിയായെത്തുന്നതിനോട് സിപിഎമ്മിലെ ആര്‍ക്കും എതിര്‍പ്പുകളൊന്നുമില്ല. എന്നാല്‍ ഇന്നും വിഭാഗീയത പൂര്‍ണമായും വിട്ടൊഴിയാത്ത ജില്ലയില്‍ എതിര്‍പ്പുകളില്ലാതെ തന്നെ സതീഷിന് പുതിയ നിയോഗം കിട്ടുകയാണ്. കോഴിക്കോട് സമ്മേളനത്തിലായിരുന്നു സതീഷ് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 45 തികയാത്ത സതീഷ് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എറണാകുളം സിപിഎമ്മിന്റെ അമരത്ത് യുവ മുഖമെത്തുകയാണ്.

Tags:    

Similar News