പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിക്ക് എതിരെ വിമര്‍ശനം; പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുത്; പ്രായപരിധി കര്‍ശനമാക്കുന്നതിന് എതിരെയും വിമര്‍ശനം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിക്ക് വിമര്‍ശനം

Update: 2025-04-03 11:25 GMT

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിക്ക് വിമര്‍ശനം. രാഷ്ട്രീയ പ്രചാരണങ്ങളില്‍ കേന്ദ്ര കമ്മിറ്റി പരാജയം എന്നാണ് വിമര്‍ശനം. കേരളത്തിലെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്ര കമ്മിറ്റി പരാജയപ്പെട്ടു എന്നുചൂണ്ടിക്കാണിച്ചത്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിനിധികളാണ്. പിണറായി സര്‍ക്കാരിന് ഏറെ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുന്നു. പക്ഷേ ഇത് കേരളത്തിലെ പുറത്തെ ജനങ്ങള്‍ അറിയുന്നില്ല എന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര കമ്മിറ്റിക്ക് ആണ്. എന്നാല്‍ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്ര കമ്മിറ്റി വന്‍ പരാജയം എന്താണ് വിമര്‍ശനം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് രാഷ്ട്രീയ അവലോകന ചര്‍ച്ചയില്‍ കേരളം. കേരളത്തിനുവേണ്ടി സംസാരിച്ച കെ കെ രാഗേഷ് ആണ് നിര്‍ദ്ദേശം വെച്ചത്. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കേണ്ടത് ദേശീയതലത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കേരള വികസന മാതൃകകള്‍ പ്രചരിപ്പിക്കപ്പെടണം എന്നും കെ കെ രാഗേഷ് പറഞ്ഞു.

സിപിഎമ്മില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതിനെതിരെ വിവിധ സംസ്ഥാന ഘടകങ്ങള്‍ രംഗത്തുവന്നു. പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുതെന്ന് ഗ്രൂപ്പ് ചര്‍ച്ച ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലുമായി എട്ടുപേര്‍ കേരളത്തില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. 75 വയസ്സ് പ്രായപരിധി കടന്നവരെ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം കണ്ണൂരില്‍ നടന്ന 23മത് പാര്‍ട്ടി കോണ്‍ഗ്രസാണ് എടുത്തത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞതവണ ജി.സുധാകരനും ഇത്തവണ പി.കെ ശ്രീമതി, എ,കെ ബാലനുമെല്ലാം സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്തു പോയത്. പ്രായപരിധിയുടെ പേരില്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഇരുപതോളം പേരാണ് ഇത്തവണ ഒഴിയാന്‍ പോകുന്നത്. പി ബി യില്‍ നിന്ന് ഏഴുപേരും ഒഴിയും.

രാജ്യത്ത് അറിയപ്പെടുന്ന സിപിഎം നേതാക്കള്‍ അടക്കം പ്രായപരിധിയുടെ പേരില്‍ ഇത്തവണ ഒഴിയേണ്ടി വരുന്ന സാഹചര്യത്തിലാണ് നിബന്ധനക്കെതിരെ വിവിധ പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ തന്നെ രംഗത്ത് വരുന്നത്. ഇന്നലെ നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രായപരിധിക്കെതിരെ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി ഘടകത്തില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത പ്രായം മാത്രമാകരുത്. പ്രവര്‍ത്തന പരിചയവും, പ്രവര്‍ത്തന പാരമ്പര്യവും പരിഗണിക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കന്മാര്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിനിധികളില്‍ നാലുപേരാണ് പ്രായപരിധിക്കെതിരെ രംഗത്ത് വന്നത്.

Tags:    

Similar News