നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി; എല്ലാം കച്ചവടക്കണ്ണോടെ കാണാന്‍ കഴിയില്ല; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവിനെതിരെ വിമര്‍ശനവുമായി സുരേന്ദ്രന്‍ പക്ഷം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി

Update: 2025-06-30 17:28 GMT

തിരുവനന്തപുരം: ബിജെപി കോര്‍ കമ്മിറ്റിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രൂക്ഷ വിമര്‍ശനമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിയുന്നില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായെന്നുമാണ് വിമര്‍ശനം.

എല്ലാം കച്ചവടക്കണ്ണോടെ കണ്ടാല്‍ പാര്‍ട്ടി തകരുമെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നു. തൃശ്ശൂരിലെ നേതൃയോഗത്തില്‍ നിന്നും മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും മാറ്റി നിര്‍ത്തിയതും വിമര്‍ശനത്തിന് കാരണമായി. കൃഷ്ണകുമാറിനെയും സുധീറിനേയും മാറ്റിനിര്‍ത്തുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. കെ സുരേന്ദ്രന്‍ പക്ഷമാണ് രാജീവിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

അതേസമയം നേതൃയോഗത്തില്‍ ക്ഷണിച്ചില്ലെന്ന വാര്‍ത്ത കെ സുരേന്ദ്രന്‍ നിഷേധിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു തൃശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ സെഷനുകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യുന്ന യോഗത്തിലേക്ക് മുതിര്‍ന്ന നേതാക്കളെ ക്ഷണിക്കാതിരുന്നത് നേതാക്കള്‍ തമ്മിലുളള കടുത്ത അഭിപ്രായ ഭിന്നത മൂലമാണെന്നാണ് സൂചനകളും പുറത്തുവന്നിരുന്നു. കെ സുരേന്ദ്രന്റെയും മുരളീധരന്റെയും ഗ്രൂപ്പിലുള്ള നേതാക്കളോടും സമാന സമീപനമെന്നാണ് പരാതി.

മാത്രവുമല്ല, സംസ്ഥാന നേതൃയോഗത്തെ ഗ്രൂപ്പ് യോഗമാക്കിയെന്ന് മുരളീധരന്‍ വിഭാഗം ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പി കെ കൃഷ്ണദാസ് പക്ഷത്തിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായും വിമര്‍ശനമുണ്ട്. എന്നാല്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കോര്‍ കമ്മിറ്റിയില്‍ മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. വീഴ്ച കോര്‍ കമ്മിറ്റിയില്‍ സമ്മതിച്ച രാജീവ് ചന്ദ്രശേഖര്‍ ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News