സി.പി.എമ്മിലെ മാഫിയവല്‍ക്കരണത്തിനെതിരെ ദേശാഭിമാനിയിലും പ്രതിഷേധം; മാഫിയകള്‍ തിന്നു കൊഴുക്കുന്നതിനെതിരെ വിപ്ലവകാരികള്‍ ജാഗ്രത പാലിക്കണമെന്ന് സീനിയര്‍ ന്യൂസ് എഡിറ്റര്‍; അവതാരങ്ങള്‍ക്കായി സാമൂഹ്യ മാധ്യമങ്ങളില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത് സൈബര്‍ സഖാക്കള്‍

സി.പി.എമ്മിലെ മാഫിയവല്‍ക്കരണത്തിനെതിരെ ദേശാഭിമാനിയിലും പ്രതിഷേധം

Update: 2025-08-20 03:55 GMT

തിരുവനന്തപുരം: കത്തു വിവാദവും അവതാരങ്ങളുടെ പോരും കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സി.പി.എം സൈബര്‍ സഖാക്കള്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ രോഷം പുകയുന്നു. ദേശാഭിമാനി കണ്ണൂര്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ എ.വി അനില്‍കുമാറാണ് ഫേസ്ബുക്കിലുടെ പാര്‍ട്ടി വിമര്‍ശനം നടത്തിയത്.

പി. കൃഷ്ണപിള്ള ദിനത്തിന്‍െ്റ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ബുദ്ധിജീവിയായ അനില്‍കുമാര്‍ സി.പി.എമ്മിലെ മാഫിയകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്്. 'ഇന്ന് സഖാവ് പി.കൃഷ്ണപിള്ള ദിനം. അദ്ദേഹം ത്യാഗിയാണെന്നതില്‍ സംശയവുമില്ല. അതിന്റെ മറവില്‍ മാഫിയകള്‍ തിന്നു കൊഴുക്കുന്നതിനെതിരെ വിപ്ലവകാരികള്‍ ജാഗ്രത പാലിക്കണ്ടതുണ്ട്'.. എന്നായിരുന്നു വിമര്‍ശനം. വി.എസ് അച്യൂതാനന്ദന്‍ പക്ഷക്കാരനായതിന്റെ പേരില്‍ ദേശാഭിമാനിയില്‍ ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന മാധ്യമ പ്രവര്‍ത്തകനാണ് അനില്‍കുമാര്‍. ദേശാഭിമാനി ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്തിനും റസിഡന്റ് എഡിറ്റര്‍ എം. സ്വരാജിനുമെതിരെ ഒളിയമ്പായി നിരവധി ഫേസ്്ബുക്ക് പോസ്റ്റുകള്‍ മുന്‍പും അനില്‍കുമാര്‍ ഇട്ടിട്ടുണ്ട്. 'വി.എസ് കേരളത്തിന്റെ ഫിദല്‍' എന്ന അനില്‍ കുമാറിന്റെ പുസ്തകം അടുത്തിടെയാണ് ലിപി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മുന്‍ മന്ത്രി തോമസ് ഐസക്കും മന്ത്രി എം.ബി. രാജേഷും ആരോപണവിധേയരായ കത്തു വിവാദത്തില്‍ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളിലെ രോഷമാണ് അനില്‍കുമാറിന്റെ പോസ്റ്റിലും പ്രകടമായത്. എന്നാല്‍, വിവാദത്തില്‍ ഉള്‍പ്പെട്ട യു.കെയിലെ വ്യവസായി രാജേഷ് കൃഷ്ണക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ക്കു താഴെ വിശദീകരണവുമായി സൈബര്‍ സഖാക്കള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റും ചര്‍ച്ചയായിരുന്നു.

യു.കെയിലെ വിവാദ നായകന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജേര്‍ണലിസം പഠിച്ചെന്ന് കാണിച്ച് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നായിരുന്നു മുന്‍ ഡയറക്ടറുടെ പോസ്റ്റ്. അതു കൊടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റിനു താഴെ മുന്‍ ഡയറക്ടറെ അധിക്ഷേപിക്കുന്ന രീതിയില്‍ നിരവധി കമന്‍്റുകളാണ് ഉടനെയെത്തിയത്. അദ്ദേഹത്തിന് മാധ്യമ നൈതികതയില്ലെന്ന ആരോപണം വരെ സൈബര്‍ സഖാക്കള്‍ ഉന്നയിച്ചിരുന്നു.

Tags:    

Similar News