ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമം നടത്തി; അരിശം തീര്‍ത്തത് പാര്‍ട്ടി നടപടിക്ക് പിന്നാലെ; കേസെടുത്ത് കോയിപ്രം പോലീസ്
സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി
പത്തനംതിട്ട: ലൈംഗികാപവാദ ആരോപണ വിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരേ അച്ചടക്ക നടപടി. അരിശം മൂത്ത സെക്രട്ടറി നടപടിക്ക് ഇടയാക്കും വിധം പരാതി നല്‍കിയ വയോധികയുടെ വീട്ടില്‍ രാത്രിയില്‍ അതികമിച്ചു കയറി അസഭ്യം വിളിച്ചു. പോലീസ് ഇയാള്‍ക്കെതിരേ കേസുമെടുത്തു. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള വെണ്ണിക്കുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനില്‍ വര്‍ഗീസിനെതിരെയാണ് കോയിപ്രം പൊലീസ് കേസെടുത്തത്.
വീട്ടമ്മയോട് ലൈംഗിക താത്പര്യത്തോടെ അപമര്യാദയായി പെരുമാറിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ സുനില്‍ വര്‍ഗീസിനെതിരേ കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടി എടുത്തിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവായ വെണ്ണിക്കുളം സ്വദേശി വിദേശത്ത് ഇരുന്നു കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. 'പാര്‍ട്ടി കോടതി'യില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം പരാതിക്കാരന്‍ ഉദയഭാനുവിനെ വിളിച്ച് രൂക്ഷമായി പ്രതികരിച്ചു. നിയമ നടപടിയിലേക്ക് നീങ്ങുമെന്നും അറിയിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ സംഗതി നാറ്റക്കേസാകുമെന്ന് കണ്ട് സിപിഎം ജില്ലാ നേതൃത്വം നടപടിയുമായി രംഗത്തിറങ്ങി. ഇരവിപേരൂര്‍ ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള അനില്‍കുമാര്‍ കഴിഞ്ഞ ദിവസം വിഷയം ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. സുനിലിനെ നീക്കി പകരം ചുമതല ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യുവിന് നല്‍കിയതായും അറിയിച്ചു.
എന്നാല്‍ സുനിലിനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ ബഹളം വച്ചു.യോഗം അവസാനിച്ച ശേഷം രാത്രിയോടെയാണ് പരാതിക്കാരന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന് നാശനഷ്ടം ഉണ്ടാക്കിയത്. പരാതിക്കാരന്റെ എഴുപത്തിയഞ്ചു വയസ്സുള്ള മാതാവ് മാത്രമാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ പ്രതിയുടെ പേരായി സുനില്‍ വെണ്ണിക്കുളം എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎം പ്രാദേശിക നേതാവായ ഇയാളോട് മുട്ടാന്‍ നില്‍ക്കണ്ട എന്ന ഉപദേശവും പൊലീസ് നല്‍കിയതായാണ് പരാതിക്കാരന്റെ സമീപവാസികള്‍ പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കുന്നതിനും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണ് സുനില്‍ വെണ്ണിക്കുളം എന്ന് മാത്രം എഎഫ്ഐആറില്‍ രേഖപ്പെടുത്തിയതെന്നും പറയുന്നു.