പാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ വ്യക്തമെന്ന് ബിജെപി; പ്രസ്താവന ബിജെപി ആയുധമാക്കിയതോടെ പറഞ്ഞത് വിഴുങ്ങി തിരുത്തുമായി സരിന്‍
പാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്‍
പാലക്കാട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു വോട്ടുകള്‍ കിട്ടിയത് കൊണ്ടാണ് ഷാഫി പറമ്പില്‍ വിജയിച്ചതെന്ന് പറഞ്ഞ് പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി ഡോ.പി.സരിന്‍ വിവാദത്തില്‍. ഷാഫിയെ നിഷേധിക്കാന്‍ ഇടതു പക്ഷം കഴിഞ്ഞ തവണ തീരുമാനിച്ചിരുന്നെകില്‍ ബി.ജെ.പി ജയിച്ചേനെ. ഷാഫിക്ക് കഴിഞ്ഞ തവണ കിട്ടിയ ഇടതു വോട്ടുകള്‍ ഇത്തവണ നിഷേധിക്കും. അന്ന് മത്സരിച്ച ഇടതു സ്ഥാനാര്‍ഥി സി പി പ്രമോദിന്റെ രാഷ്ട്രീയ നേരിനെയാണ് ഷാഫി പറമ്പില്‍ വഞ്ചിച്ചത്. അതില്‍ സി.പി.പ്രമോദിന് തെല്ലും കുറ്റബോധമില്ല. അതിനുള്ള കണക്ക് തീര്‍ക്കാന്‍ ഇടതു പ്രവര്‍ത്തകര്‍ ഒരുങ്ങി കഴിഞ്ഞുവെന്നും സരിന്‍ പറഞ്ഞു. സി.പി.പ്രമോദിനെ ഒപ്പം നിര്‍ത്തിയായിരുന്നു സരിന്റെ പ്രതികരണം
ഇടത് സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തല്‍ സിപിഎം-കോണ്‍ഗ്രസ് ഡീലിന്റെ തെളിവാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഡോ.പി.സരിന്റെ തുറന്നു പറച്ചില്‍ വോട്ട് കച്ചവടം നടത്തി എന്നതിന്റെ തെളിവാണ്. മുന്‍ സ്ഥാനാര്‍ഥി സി.പി.പ്രമോദിനെ സി.പി.എം രക്ത സാക്ഷിയാക്കി. സ്വന്തം അണികളെ ഉപയോഗിച്ച് വോട്ട് മറച്ചു എന്നതാണ് തുറന്നു പറയുന്നത്. ഡോ.പി.സരിന്‍ അന്ന് കോണ്‍ഗ്രസ് നേതാവായതിനാല്‍ കച്ചവടത്തെക്കുറിച്ച് വ്യക്തമായി അറിയാം. സിപിഎമ്മും കോണ്‍ഗ്രസും വോട്ട് കച്ചവടത്തിന് മുതിര്‍ന്നാല്‍ ഇരു പാര്‍ട്ടി വോട്ടും ബിജെപിക്ക് കിട്ടുമെന്നും കൃഷ്ണകുമാര്‍ പ്രതീക്ഷ പങ്കുവെച്ചു.
വിഷയം ബിജെപി ആയുധമാക്കിയതോടെ പരാമര്‍ശത്തില്‍ തിരുത്തുമായി സരിന്‍ രംഗത്തുവന്നു. ഷാഫിക്ക് സിപിഎം വോട്ടുകള്‍ കൊടുത്തു എന്നല്ല പറഞ്ഞതെന്നും സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചു എന്നാണ് പറഞ്ഞതെന്നും സരിന്‍ പറഞ്ഞു. ആ വോട്ടുകള്‍ വാങ്ങി ഷാഫി മതേതര വിശ്വാസികളെ വഞ്ചിച്ചുവെന്നും സരിന്‍ തിരുത്തി പറഞ്ഞു.
സരിന്‍ പറഞ്ഞ കാര്യം സരിന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം. ആ വിഷയത്തില്‍ മറ്റൊന്നും പറയാനില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഡീല്‍ നടത്തുന്നത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്. ഈ ഡീലിന് പുറകില്‍ ചിലരുടെ വ്യക്തി താല്പര്യങ്ങള്‍ ഉണ്ടെന്നും അത് തെളിവ് സഹിതം പിന്നീട് പറയാമെന്നും സുരേഷ് ബാബു പറഞ്ഞു.