ഷാഫി പറമ്പിലിനെ ഭയക്കുന്ന സിപിഎം അയാളെ നശിപ്പിക്കാന്‍ ബി.ജെ.പിയെ ഉപയോഗിക്കുന്നു; ഭീഷണിയും അക്രമവാസനയും വ്യാപിപ്പിക്കുന്ന സിപിഎം സംഘടിത തീവ്രമതം പോലെ; സിപിഎമ്മിനെ മൂലയ്ക്കിരുത്തിയാല്‍ കേരളം ഇനിയും മെച്ചപ്പെടും; കടുത്ത വിമര്‍ശനവുമായി ഡോ.എസ്.എസ്. ലാല്‍
സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ.എസ്.എസ്. ലാല്‍
തിരുവനന്തപുരം: സി.പി.എം ഒരു സംഘടിത തീവ്ര മതം പോലെയാണെന്ന് ആരോഗ്യ വിദഗ്ധനും, പ്രൊഫഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ.എസ്.എസ് ലാല്‍. സി.പി.എമ്മിന് നന്നാകാന്‍ എളുപ്പമല്ലെന്നും അത്രയധികം തെറ്റുകളുടെ അടിസ്ഥാനത്തിന്റെ മുകളിലാണ് സമീപകാല സി.പി.എമ്മിന്റെ പുതിയ സൗധങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ സി.പി.എമ്മിനെ മൂലയ്ക്കിരുത്തിയാല്‍, ഇനിയും മെച്ചപ്പെടാന്‍ കേരളത്തിന് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സരിനെ പാലക്കാട്ടെ സ്ഥാനാര്‍ഥിയാക്കിയത്, ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ള വനിതാ നേതാക്കളുടെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പാതിരാ റെയ്ഡ്, ഷാഫി പറമ്പിലിനെ ഭയമായത് കൊണ്ട് നശിപ്പിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ചുള്ള ശ്രമം, കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കാര്‍ക്കോടകനായി ചിത്രീകരിക്കല്‍, ഭീഷണി, അക്രമവാസന എന്നിവ വ്യാപിപ്പിക്കല്‍, സുപ്രഭാതം പത്രത്തിലൂടെയുള്ള നാണംകെട്ട മത കുത്തിത്തിരിപ്പ് തുടങ്ങിയ കാര്യങ്ങളാണ് സിപിഎമ്മിന്റെ തെറ്റുകളായി ഡോ. എസ് എസ് ലാല്‍ എണ്ണുന്നത്.
ഡോ എസ് എസ് ലാലിന്റെ കുറിപ്പ് വായിക്കാം:
സുഹൃത്തുക്കള്‍ മുഴുവനും ഇത് വായിക്കണം. അഭിപ്രായം പറയണം.
പതിനഞ്ച് വയസില്‍ വിദ്യാര്‍ത്ഥിരാഷ്ടീയം തുടങ്ങിയതു മുതല്‍ സി.പി.എമ്മിനെ നേരിട്ടനുഭവിക്കുന്ന ഒരാളെന്ന നിലയിലാണ് ഇതെഴുതുന്നത്.
തത്ത്വശാസ്ത്രങ്ങളിലെ ഉറച്ച വിശ്വാസത്തിന്റെ പേരില്‍ സി.പി.എമ്മില്‍ ഇപ്പോഴും സജീവമായ ചില നല്ല മനുഷ്യര്‍ ബന്ധുക്കളോ സ്‌കൂള്‍കാലം മുതലുള്ള സുഹൃത്തുക്കളോ ഒക്കെയാണ്. അവരില്‍ ചിലരുമായി കാര്യങ്ങള്‍ തുറന്നു സംസാരിക്കാറുമുണ്ട്. മിക്കവരും സി.പി.എമ്മിന്റെ ഇന്നത്തെ പോക്കില്‍ അസംതൃപ്തരോ അസ്വസ്ഥരോ ആണ്.
എന്റെ ഉദ്ദേശ്യം സി.പി.എമ്മിനെ നന്നാക്കുകയെന്നതല്ല. സി.പി.എമ്മിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിരുത്തരവാദപരമായ ചില ചെയ്തികള്‍ കേരളത്തെ ആകമാനം ബാധിക്കുകയാണ്. അത് പറയാന്‍ ശ്രമിക്കുകയാണ്. സി.പി.എം ചരിത്രപരമായ സ്വന്തം വിഡ്ഢിത്തം തിരുത്തുന്നത് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ്. അപ്പോഴേയ്ക്കും തിരുത്താന്‍ കഴിയാത്ത രീതിയില്‍ വലിയ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടാകും.
ഈ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം ചെയ്ത ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ അവരുണ്ടാക്കുന്ന ദൂരവ്യാപകമായ അപകടങ്ങളുടെ ശക്തി മനസിലാകും.
1. സരിന്‍: ഇദ്ദേഹത്തിന്റെ സമീപകാല പ്രവൃത്തികള്‍ നാട്ടിലെ ഒരു ചെറുപ്പക്കാരനും രാഷ്ട്രീയത്തില്‍ അനുകരിക്കാവുന്ന മാതൃകയല്ലെന്ന് നമുക്കെല്ലാം അറിയാം. സി.പി.എംകാര്‍ക്കുള്‍പ്പെടെ. രാവിലെ ഉറങ്ങിയെഴുന്നേറ്റിട്ട് കഴിഞ്ഞ പതിറ്റാണ്ടുകളുടെ സ്വന്തം ചരിത്രത്തില്‍ കറുത്ത ചായമടിച്ച അയാളുടെ പ്രവൃത്തിക്ക് അധികാരക്കൊതിയല്ലാതെ മറ്റൊരു കാരണവുമില്ല. എന്നാല്‍ കോണ്‍ഗ്രസിനെ തെറിപറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ അയാളെ ഇടത് സ്ഥാനാര്‍ത്ഥിയാക്കി മഹത്വവല്‍ക്കരിക്കുക വഴി എന്താണ് സംഭവിച്ചത്? മെച്ചപ്പെട്ട ശമ്പളം നോക്കി ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് നെറിയില്ലാതെ ചാടുന്നതുപോലെ പാര്‍ട്ടികളും മാറാമെന്ന് ചെറുപ്പക്കാരെ ബോധിപ്പിക്കുകയാണ് സി.പി.എം ചെയ്തത്. രാഷ്ട്രീയമെന്നാല്‍ അധികാരമാണെന്ന സരിന്റെ നിലപാട് സി.പി.എം ശരിവയ്ക്കുകയായിരുന്നു. തല്‍ക്കാല ലാഭത്തിന് വേണ്ടിയുള്ള ഈ കുതന്ത്രങ്ങള്‍ നമ്മുടെ ചെറുപ്പക്കാരെ കൂടുതല്‍ വഴിതെറ്റിക്കും.
2. ഷാനിമോള്‍ ഉസ്മാന്‍: സ്ത്രീകള്‍ക്ക് സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റിയ സാമൂഹ്യസാഹചര്യം ഇന്നും കേരളത്തില്‍ ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഒരുപാട് തടസങ്ങളെ നേരിട്ടും വ്യക്തിപരമായ ത്യാഗങ്ങള്‍ സഹിച്ചുമാണ് അഡ്വക്കേറ്റ് ഷാനിമോളെപ്പോലെയുളള ഒരു സമര്‍ത്ഥ വനിത രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്. എത്ര പെട്ടെന്നാണ് ഒരു കള്ളക്കഥയുമായി അവരെ ആക്രമിക്കാന്‍ സി.പി.എം തയ്യാറായത്? ഇതുവരെ ഒരു ആക്ഷേപവുമില്ലാത്ത അവരുടെ ജീവിതത്തില്‍ പെട്ടെന്ന് കരിനിഴല്‍ വീഴ്ത്താന്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ ക്രൂരതയാണ്. അതിന് നേതൃത്വം കൊടുത്തത് സി.പി.എമ്മിന്റെ എം.പി യും എം.എല്‍.എയുമൊക്കെയാണ്. അന്ന് രാത്രിയിലെ ഭീകരാവസ്ഥ ടെലിവിഷനില്‍ കണ്ട മനുഷ്യരില്‍ ഒരാളെങ്കിലും തന്റെ വീട്ടിലെ സ്ത്രീകളെ, ഭാര്യയെയോ അമ്മയെയോ മകളെയോ സഹോദരിയെയോ, ഇനി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പിന്തുണയ്ക്കുമോ? ധൈര്യപ്പെടുമോ? ഇതിന്റെ നഷ്ടം സി.പി.എമ്മും അനുഭവിക്കാന്‍ പോവുകയാണ്.
3. ഷാഫി പറമ്പില്‍: ഷാഫി കേരള രാഷ്ട്രീയത്തിലെ ഒരു പ്രതീക്ഷയാണ്. രാഷ്ട്രീയത്തിലെ യുവാക്കള്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ ഷാഫിയെ മാതൃകയാക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷാഫിക്കൊപ്പമിരിക്കാന്‍ സി.പി.എമ്മില്‍ ഒരു യുവ നേതാവുമില്ലെന്ന് അവര്‍ക്കറിയാം. ഷാഫിയെ സി.പി.എം ഭയക്കുന്നു. അതിനാല്‍ അയാളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് സി.പി.എം ഉപയോഗിക്കുകയാണ് ബി.ജെ.പിയെയാണ്. മതേതര മനസ്സുള്ള പാലക്കാടിനേയും കേരളത്തേയും മലിനമാക്കാന്‍ സി.പി.എം ഹീനമായ ശ്രമങ്ങള്‍ നടത്തി. കേരളം ഇത് തിരിച്ചറിയണം.
4. സന്ദീപ് വാര്യര്‍: സി.പി.എമ്മില്‍ ചേരുമെന്ന് കരുതി ക്രിസ്റ്റല്‍ ക്ലിയര്‍ മനുഷ്യനെന്ന് എ.കെ. ബാലന്‍ വിശേഷിപ്പിച്ച സന്ദീപ് വാര്യര്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ മന്ത്രി രാജേഷിന് കാര്‍ക്കോടകനായി. അതേ മന്ത്രി തന്നെ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവനയും നടത്തി. അക്രമം ഭയന്ന് വോട്ട് ചെയ്യാന്‍ പോകാത്തവരെ എനിക്കും അറിയാം. കോളേജ് കാമ്പസുകളിലും തൊഴില്‍ സ്ഥലങ്ങളിലും സി.പി.എംകാര്‍ തുടരുന്ന ഭീഷണിയും അക്രമവാസനയും അസംബ്ലി തെരഞ്ഞെടുപ്പിലേയ്ക്കും അതേ രീതിയില്‍ വ്യാപിക്കുകയാണ്. എല്ലാം കഴിഞ്ഞ് സുപ്രഭാതം പത്രത്തിലൂടെയുള്ള നാണംകെട്ട മത കുത്തിത്തിരിപ്പും.
എല്ലാ രാഷ്ടീയ പാര്‍ട്ടികളിലും പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സി.പി.എം ഒരു സംഘടിത തീവ്ര മതം പോലെയാണ്. അവരുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ആഘാതം വലുതും കഠിനവുമാണ്. ഗുരുതരമായ ചില കാര്യങ്ങള്‍ മാത്രമാണ് ഇവിടെ എഴുതിയത്.
നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? സി.പി.എമ്മിന് നന്നാകാന്‍ എളുപ്പമല്ല. അത്രയധികം തെറ്റുകളുടെ അടിസ്ഥാനത്തിന്റെ മുകളിലാണ് സമീപകാല സി.പി.എമ്മിന്റെ പുതിയ സൗധങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാല്‍ ഇനിയും മെച്ചപ്പെടാന്‍ കേരളത്തിന് കഴിയും. സി.പി.എമ്മിനെ മൂലയ്ക്കിരുത്തിയാല്‍.