'പി വി അന്‍വര്‍ കുരയ്ക്കുകയെ ഉള്ളു, കടിക്കില്ല; കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ്; വിരട്ടല്‍ മുഖ്യമന്ത്രിയോട് മതി'; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടെങ്കില്‍ അന്‍വര്‍ തെളിവ് ഹാജരാകട്ടെ

Update: 2024-09-16 13:15 GMT

കൊച്ചി: സിപിഎം സ്വതന്ത്ര എംഎല്‍എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അന്‍വര്‍ വീണ്ടും തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും നാവിനു എല്ലില്ലാത്ത വ്യക്തിയാണെന്നും ഷിയാസ് തിരിച്ചടിച്ചു. ഇന്ന് അന്‍വര്‍ ഉയര്‍ത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ്. നേരത്തെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നടപടി ഇല്ലാത്തതും വസ്തുത ഇല്ലാത്തതു കൊണ്ടാകാം വീണ്ടും ആരോപണം ഉയര്‍ത്തുന്നത്.

പി വി അന്‍വര്‍ കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ല. കോണ്‍ഗ്രസ് നേതാക്കളെയും തന്നെയും അന്‍വര്‍ വിരട്ടാന്‍ നോക്കണ്ട. അതിന് അന്‍വര്‍ വളര്‍ന്നിട്ടില്ല. പൊലീസിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ പോലും മുഖ വിലക്ക് എടുക്കുന്നില്ല. അതുകൊണ്ടാകും ഇപ്പോള്‍ മറ്റുള്ളവര്‍ക്കെതിരെ തിരിഞ്ഞതെന്നും ഷിയാസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ കേസുകള്‍ മാത്രമാണുള്ളത്. പി വി അന്‍വര്‍ തട്ടിപ്പുകാരനും കൊള്ളക്കാരനുമാണ്. പി വി അന്‍വര്‍ വെറും കടലാസ് പുലി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും അടിസ്ഥാനം ഉണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി എങ്കിലും ഗൗനിക്കണം. അന്‍വര്‍ ഒരുപാട് കേസുകളിലെ പ്രതി ആണ്. താന്‍ ക്വാട്ടേഷന്‍ സംഘാംഗം എന്ന ആരോപണം ബാലിശമാണ്. സ്വന്തം പാര്‍ട്ടി പോലും ആരോപണങ്ങള്‍ പരിഗണിക്കുന്നല്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങണം.

പി വി അന്‍വര്‍ കുരയ്ക്കുകയെ ഉള്ളു കടിക്കില്ല. ഷിയാസിനെ വിരട്ടാന്‍ അന്‍വര്‍ ആളായിട്ടില്ല. കുമാരപിള്ള സിന്‍ഡ്രോം ആണ് അന്‍വറിനെന്നും നല്ല നേതാക്കള്‍ക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നും ഷിയാസ് ആരോപിച്ചു. സന്ദേശം സിനിമയിലെ കുമാരപിള്ള സഖാവിന്റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നത്. നാട്ടിലെ നല്ലവരായ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സിനിമയിലെ കുമാരപിള്ള സഖാവിന്റെ രീതിയാണ് അന്‍വര്‍ ഇപ്പോള്‍ തുടരുന്നത്.

അന്‍വറിന്റെ വിരട്ടല്‍ കോണ്‍ഗ്രസിനോട് വേണ്ട, മുഖ്യമന്ത്രിയോട് മതി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആരോപണം ഉണ്ടെങ്കില്‍ അന്‍വര്‍ തെളിവ് ഹാജരാകട്ടെ. തെളിവ് ഉണ്ടെകില്‍ മറുപടി നല്‍കാം. ദുരാരോപണം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ കെപിസിസി അന്വേഷണം നടത്തുന്നുണ്ട്. വേണമെങ്കില്‍ പൊലീസില്‍ പരാതി നല്‍കാം. കോണ്‍ഗ്രസ് സഹായം നല്‍കും. സിപിഎം പോലെ പാര്‍ട്ടി കോടതി കോണ്‍ഗ്രസില്‍ ഇല്ല. സിപിഎം നേതാവിന്റെ മുറിയില്‍ ഒളിക്യാമറ വെച്ച പാര്‍ട്ടിയാണ് സിപിഎം ഇത്തരം കാര്യങ്ങളൊക്കെ അന്വേഷിക്കാന്‍ അന്‍വര്‍ പറയണമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

അന്‍വര്‍ ചെക്ക് കേസിലെ പ്രതിയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയയാളാണ്. കൊലപാതകത്തില്‍ അന്‍വറിന് പങ്കുണ്ടെന്നു പോലും ആരോപണം ഉയര്‍ന്നിരുന്നു. നാവിനു എല്ലില്ലാത്ത ആളാണ് താനെന്ന് പി വി അന്‍വര്‍ ഓരോ ദിവസവും തെളിയിക്കുകയാണ്. രാഹുല്‍ഗാന്ധിക്കെതിരെ പോലും വൃത്തികേട് പറഞ്ഞയാളാണ്. ഈ നാണംകെട്ട വിലപേശല്‍ കേരളത്തില്‍ നടപ്പാകില്ല. താന്‍ ഒരാളെയും പറ്റിച്ച് ജീവിക്കുന്നയാളല്ല. 3000 രൂപയുടെ ഷര്‍ട്ട് ഒന്നും ധരിക്കാറില്ല. സാധാരണക്കാരെ പോലെയാണ് ജയിക്കുന്നത്. അന്‍വറിന്റെ വിരട്ടല്‍ സിപിഐഎമ്മില്‍ മതിയെന്നും ഇങ്ങോട്ട് വരണ്ടെന്നും ഷിയാസ് പറഞ്ഞു.

തിങ്കളാ്‌ഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ഷിയാസ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഗുണ്ടയാണെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റിന്റെ നെറ്റിപ്പട്ടവും ചുറ്റി ഷിയാസിനെ ഇരുത്തിയിരിക്കുകയാണെന്നും 2015-ല്‍ ഹോട്ടല്‍ പൊളിക്കാന്‍ ക്വട്ടേഷന്‍ വാങ്ങിയ ആളാണെന്നും അദ്ദേഹം ആരോപിച്ചു. ഹോട്ടല്‍ ഒഴിഞ്ഞു കൊടുക്കാത്തത് കൊണ്ട് മെട്രോയ്ക്ക് കൈമാറാനായില്ല.മെട്രോ തൊഴിലാളികളുടെ വേഷത്തിലെത്തി ഹോട്ടലുകാരെ ക്രൂരമായി മര്‍ദിച്ചു. ഇതിന് ഒത്താശ ചെയ്തത് അന്നത്തെ ഐജി അജിത് കുമാറാണ്. സിഐയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഷിയാസിനെ കേസില്‍ പ്രതിചേര്‍ത്തില്ല. അന്ന് മുതല്‍ ഷിയാസിന് അജിത്കുമാറുമായി ബന്ധമുണ്ട്. തനിക്കെതിരായ ക്വട്ടേഷന് പിന്നില്‍ വി ഡി സതീശന്റേയും അജിത് കുമാറിന്റേയും ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ പറഞ്ഞു. പീഡന പരാതി പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറിയായ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി. പാര്‍ട്ടി കോടതിയാണ് പീഡന പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയതെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു.

Tags:    

Similar News