ആലപ്പുഴയിലെ മുസ്ലിം ലീഗ് സെമിനാറില്‍ ജി. സുധാകരന്‍ പങ്കെടുത്തില്ല; സിപിഎം പ്രതിനിധിയുടെ പിന്മാറ്റം അവസാന നിമിഷം; സുധാകരന്റെ മനസ് ഇവിടെയുണ്ടെന്ന് ചെന്നിത്തല; പങ്കെടുക്കരുതെന്ന് തിട്ടൂരം കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ലെന്ന് ലീഗ് നേതൃത്വം

ആലപ്പുഴയിലെ മുസ്ലിം ലീഗ് സെമിനാറില്‍ ജി. സുധാകരന്‍ പങ്കെടുത്തില്ല

Update: 2025-01-13 12:58 GMT

ആലപ്പുഴ: മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം സിപിഎം പ്രതിനിധിയായ ജി സുധാകരന്‍ പിന്മാറി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ നിന്നുള്ള പിന്മാറ്റം. പരിപാടിയില്‍ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.

സിപിഎം വിലക്കിയാല്‍ പിന്മാറുന്നയാളല്ല ജി സുധാകരനെന്ന് പറഞ്ഞ് അദ്ദേഹത്തെ പുകഴ്ത്തി പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ രമേശ് ചെന്നിത്തല രംഗത്ത് വന്നു. പരിപാടിയില്‍ പങ്കെടുത്തില്ലെങ്കിലും സുധാകരന്റെ മനസ് ഇവിടെയുണ്ട്. ജി സുധാകരനെ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയുടെ യോഗത്തിലും മറ്റ് യോഗങ്ങളിലും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെ മതേതരത്വം പഠിപ്പിക്കാന്‍ വരണ്ട. പിണറായി വിജയന്‍ ഹിന്ദു കാര്‍ഡ് ഇറക്കുകയാണെന്നും മതേതരത്വം സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നില്‍ക്കുന്നത് മുസ്ലിം ലീഗാണെന്നും ചെന്നിത്തല പറഞ്ഞു.

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപ്പത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനവും വിവാദമായിരുന്നു. മുസ്ലിം ലീഗ് നേതാക്കളോട് സമ്മതം അറിയിച്ചിരുന്നെങ്കിലും പരിപാടിയില്‍ നിന്ന് അവസാന നിമിഷം ജി സുധാകരന്‍ പിന്മാറുകയായിരുന്നു. പങ്കെടുക്കാമെന്ന് ജി സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നുവെന്ന് ലീഗ് ജില്ലാ നേതൃത്വം പറയുന്നു. പങ്കെടുക്കരുതെന്ന് എന്തെങ്കിലും തിട്ടൂരം കിട്ടിയിട്ടുണ്ടോ എന്നറിയില്ലെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീര്‍ പറഞ്ഞു.

സിപിഎം ജില്ലാ സമ്മേളനത്തില്‍ ജി സുധാകരനെ പൂര്‍ണമായും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് അടുത്തിടെ സുധാകരന്‍ മറുപടി നല്‍കിയിരുന്നു. എഴുന്നേറ്റ് നടക്കാനാവുന്ന കാലം വരെ കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. പാര്‍ട്ടിക്കുവേണ്ടി ഇത്ര നാളും പ്രവര്‍ത്തിച്ച ശേഷം വീട്ടില്‍ കുത്തിയിരുന്ന് വിശ്രമിച്ചാല്‍ മാനസിക രോഗിയായി മാറും. മിണ്ടാതിരിക്കണമെന്ന് പറയാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമല്ലെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

62 വര്‍ഷമായി പാര്‍ട്ടിയുടെ ആശയം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥാനങ്ങളില്ലാതെ 42 വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തന്റെ ശബ്ദം കൊണ്ട് സാധാരണക്കാരന് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന രോഗികള്‍ ആലപ്പുഴയിലാണ് ഉണ്ടായിരുന്നത്. ഈ വൈറസ് ആരാണ് പത്തനംതിട്ടയിലേക്ക് പകര്‍ത്തിയതെന്ന് അറിയില്ല. പത്തനംതിട്ടയില്‍ എറിഞ്ഞ കല്ല് അവിടെ കിടക്കുകയാണ്. ഇവിടെ വീണിട്ടില്ലെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Tags:    

Similar News