സമസ്ത വഴങ്ങി; സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും; സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി; ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകും

Update: 2025-07-25 13:09 GMT

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു

ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരും. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമയമാറ്റത്തില്‍ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാനേജ്മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മഹാഭുരിപക്ഷം പേരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രയാസങ്ങള്‍ അവരെ അറിയിച്ചു. ല്‍പി, യുപി , ഹൈസ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച ഉത്തരവ് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അതിനനുസരിച്ചാണ് ക്രമീകരണം നടത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും.

അതേസമയം, സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൃപ്തരെന്ന് സമസ്ത പ്രതികരിച്ചു. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു.

രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് വിശദീകരിക്കാനാണ് സര്‍ക്കാര്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ സമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി പ്രവര്‍ത്തന സമയം 15 മിനുട്ട് വീതമാണ് വര്‍ധിപ്പിച്ചത്. പഠന സമയം അര മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാക്കിയതാണ് കേരളത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 220 പ്രവൃത്തി ദിനങ്ങള്‍ എന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.

Tags:    

Similar News