ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്‌ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളം

ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം

Update: 2025-07-13 08:13 GMT

തിരുവനന്തപുരം: ഗുരുപൂര്‍ണിമദിനത്തില്‍ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്‌കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബാലഗോകുലത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍.

കുട്ടികള്‍ സനാതന ധര്‍മ്മവും പൂജയും സംസ്‌കാരവും പഠിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗവര്‍ണര്‍ ചോദിച്ചു. ബാലഗോകുലം കുട്ടികളെ പഠിപ്പിക്കുന്നത് സംസ്‌കാരമാണ്. സ്‌കൂളുകളില്‍ ഗുരുപൂജ നടത്തിയതില്‍ എന്താണ് തെറ്റ്. ഗുരുവിനെ ആദരിക്കുകയല്ലേ വേണ്ടത്. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്‌കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണ്. രാവിലെ എന്നെ കാണാന്‍ വസതിയില്‍ എത്തിയ സര്‍ക്കാറിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ എനിക്ക് പ്രണാമം പറഞ്ഞു. പ്രണാമം പറയുന്നത് തെറ്റാണെങ്കില്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് മാറ്റുമോ? ഭാരതാംബയും ഗുരുപൂജയും ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗുരുപൂര്‍ണിമദിനത്തില്‍ സംസ്ഥാനത്ത് വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെക്കൊണ്ട് വിരമിച്ച അധ്യാപകരുടെ പാദപൂജ ചെയ്യിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ വിവിധ യുവജനസംഘടനകളും വിദ്യാര്‍ഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.

സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാര്‍ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സംഭവം നടന്ന സ്‌കൂളുകളില്‍ നിന്ന് എത്രയും പെട്ടെന്ന് വിശദീകരണം തേടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജാതി വ്യവസ്ഥയുടെ പേരില്‍ അക്ഷരം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ നിന്ന് പോരാടി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം. ഈ അവകാശം ആരുടെ കാല്‍ക്കീഴിലും അടിയറവ് വെക്കാന്‍ പാടില്ല. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സിലബസിലുള്ള സ്‌കൂളുകള്‍ ആണെങ്കിലും കര്‍ശനനടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കാസര്‍കോട്ടും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ച സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും പൊലീസിനോടും വിശദീകരണം തേടിയ കമീഷന്‍, വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

കാസര്‍കോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും തൃക്കരിപ്പൂര്‍ ശ്രീ ചക്രപാണി വിദ്യാമന്ദിരത്തിലുമാണ് വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ കാല്‍കഴുകിച്ചത്. സമാന 'ആചാരം' കണ്ണൂര്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലും നടന്നു. വിഷയം ഏറ്റുപിടിച്ചു ഗവര്‍ണര്‍ രംഗത്തുവന്നതോടെ ഭാരതാംബ വിവാദത്തിന് ശേഷം അടുത്ത എപ്പിസോഡിലേക്കും കടക്കുകയാണ് രാഷ്ട്രീയ കേരളം.

Tags:    

Similar News