വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ് തന്നെ; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍; പിന്നാലെ വോട്ടുവെട്ടലും; കോടതി ഇടപെടലില്‍ സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞു

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ് തന്നെ

Update: 2025-11-21 04:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിനെ മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ട് വെട്ടലിനായി ഇടപെട്ടത് മേയറുടെ ഓഫീസ് തന്നെയെന്നതിന് കൃത്യമായ തെളിവുകള്‍. ആര്യാ രാജേന്ദ്രന്റെ ഓഫീസ് ഇടപെട്ടതിന് തെളിവായി ദൃശ്യങ്ങളും പുറത്ത് വന്നു. വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാരാണ്. ഈ രേഖ വെച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയതെന്ന വിവരമാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ തീരുമാനം.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

ഈ വിഷയത്തില്‍ മേയറുടെ ഓഫീസിനെതിരെ കെ മുരളീധരന്‍ ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് ഇപ്പോള്‍ വിവരങ്ങളും പുറത്തുവന്നത്. ഇടതുസംഘടനാ നേതാക്കളാണ് ഇതിനു നേതൃത്വം നല്‍കിയതെന്നാണ് മുരളി ഉന്നയിച്ചത്. കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പു ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി, ഹിയറിങ് ഉദ്യോഗസ്ഥന്‍, അന്വേഷണ ഉദ്യോഗസ്ഥ എന്നിവര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തിയത്. എന്നാല്‍, ഇത് ഉദ്യോഗസ്ഥര്‍മാത്രം ചെയ്തതല്ലെന്നും സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരമുള്ള ഗൂഢാലോചനയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

മുട്ടടയിലെ സിപിഎം സ്ഥാനാര്‍ഥി നിലവിലെ കൗണ്‍സിലറും ഭരണസമിതിയുടെ വേണ്ടപ്പെട്ട ആളുമാണ്. യുഡിഎഫ് ഏറ്റവും പ്രായംകുറഞ്ഞ ആളെ രംഗത്തിറക്കിയതോടെയാണ് വളഞ്ഞവഴിയിലൂടെ പുറത്താക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് ആരോപണം. അഡീഷണല്‍ സെക്രട്ടറി സജികുമാര്‍ മുതല്‍ അന്വേഷണത്തിനു പോയ ബില്‍ കളക്ടര്‍ വരെയുള്ളവര്‍ സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെ.മുരളീധരന്‍ ആരോപിച്ചിരുന്നു.

സംരക്ഷിച്ചുകൊള്ളാമെന്ന സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്താണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നിയമങ്ങള്‍പോലും കാറ്റില്‍പ്പറത്തിയതെന്നാണ് പരാതി. മാത്രമല്ല, ഹൈക്കോടതി വോട്ട് നീക്കിയത് പുനഃപരിശോധിക്കാന്‍ പറഞ്ഞ ദിവസവും മേയര്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈഷ്ണയുടെ വീട്ടില്‍ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി പേപ്പറുകള്‍ ഒപ്പിട്ടുവാങ്ങി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

എന്തിനാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഈ വീട്ടില്‍ പോയതെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കാനെന്ന പേരിലാണ് എഴുതിവാങ്ങിയത്. എന്നാല്‍, വീഡിയോയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒപ്പിട്ട പേപ്പറുകള്‍ ഹാജരാക്കാതെ മുക്കിയതെന്നും കരുതുന്നു. പരാതിക്കാരനും ഇടത് സ്ഥാനാര്‍ഥിക്കും വേണ്ടിയാണ് പദവി ദുരുപയോഗംചെയ്ത് വാടകക്കാരെ ഭീഷണിപ്പെടുത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോര്‍പ്പറേഷനില്‍ നിന്നാണ് പ്രധാന ഗൂഢാലോചന നടന്നതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.

പക്ഷേ, ഹൈക്കോടതി ഇടപെടലിലൂടെ ആസൂത്രിതമായ ഗൂഢാലോചന പൊളിയുകയായിരുന്നു. രൂക്ഷമായ ആരോപണവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടും സിപിഎമ്മോ കോര്‍പ്പറേഷന്‍ പഴയ ഭരണസമിതിയോ പ്രതികരിച്ചിട്ടില്ല. വോട്ട് വെട്ടിയതില്‍ സിപിഎമ്മിന് പങ്കില്ല തിരഞ്ഞെടുപ്പ് കമ്മിഷനാണ് പങ്കുള്ളതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി കഴിഞ്ഞദിവസം പറഞ്ഞത്.

Tags:    

Similar News