'സമസ്തയെയും നേതാക്കളെയും കൊട്ടുന്നത് മുഖ്യ തൊഴില്‍'; സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നവര്‍ സമസ്തയില്‍ നേതൃനിരയിലുള്ള മുഴുവന്‍ നേതാക്കളെയും ഉന്നംവെക്കുന്നു; പി.എം.എ സലാമിനും കെ.എം ഷാജിക്കുമെതിരെ ഹമീദ് ഫൈസി അമ്പലക്കടവ്

'സമസ്തയെയും നേതാക്കളെയും കൊട്ടുന്നത് മുഖ്യ തൊഴില്‍'

Update: 2024-11-24 08:52 GMT

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിറകെ ജിഫ്രി മുത്തുകോയ തങ്ങള്‍ക്കും സമസ്തക്കുമെതിരെ ഒളിയമ്പെയ്ത പി.എം.എ. സലാമിനും കെ.എം ഷാജിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയെയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് ഇവരുടെ മുഖ്യ തൊഴിലാണെന്ന് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു.

സമസ്ത അധ്യക്ഷനെ നിരന്തരം വേട്ടയാടുന്നു. ലീഗ് നേതൃത്വത്തില്‍ നുഴഞ്ഞു കയറി പാര്‍ട്ടി സ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആര് ചതി പ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തെ പാലക്കാട്ടെ സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍ എന്നിവരെ കുറിച്ച് പറയുന്നതിനിടെയാണ് പി.എം.എ സലാം ജിഫ്രി തങ്ങള്‍ക്ക് എതിരെ പരോക്ഷ പരാമര്‍ശം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇവര്‍ക്കിതെന്ത് പറ്റി

പി എം എസലാം, കെ.എം ഷാജി, ശാഫി ചാലിയം..... മുസ്ലിം ലീഗിന് ഇങ്ങിനെ ചില നേതാക്കളുണ്ട്. മറ്റു ചില വലിയ നേതാക്കളും ഉണ്ട്. ബഹു: സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ ഒന്ന് കൊട്ടുക. ഇതാണിവരുടെ മുഖ്യ തൊഴില്‍ ' ആദരണീയനായ സമസ്തയുടെ അധ്യക്ഷനെ നിരന്തരം വേട്ടയാടുന്ന ഇവര്‍ സമസ്തയില്‍ നേതൃനിരയിലുള്ള മുഴുവന്‍ നേതാക്കളെയും ഉന്നംവെക്കുന്നു. പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ആരും ഇവരുടെ ആക്രമന്നത്തില്‍ നിന്ന് ഒഴിവല്ല. സമസ്തയുടെ ആദര്‍ശത്തോടാണ് ഇവര്‍ക്ക് അരിശം . ഇസ്ലാമിന്റെ ഒറിജിനല്‍ മാര്‍ഗമായ പരിശുദ്ധ സുന്നത്ത് ജമാഅത്തിനെ നശിപ്പിക്കണം ഇതാണ് ഇവരുടെ ഹിഡന്‍ അജണ്ട.

സലഫികള്‍ക്ക് സമസ്തയെ ആദര്‍ശപരമായി നേരിടാനാകില്ല' ഇക്കാര്യം അവര്‍ക്ക് നന്നായി അറിയാം. 98 വര്‍ഷം സലഫികള്‍ സമസ്തയെ തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, സമസ്തക്കൊന്നും സംഭവിച്ചില്ല. എന്നാല്‍ സലഫികള്‍ സ്വയം തകര്‍ന്നു. സുന്നി ആദര്‍ശ പോരാളികളുടെ മിസൈലേറ്റ് അവര്‍ ചിന്നഭിന്നമായി. അവരിപ്പോള്‍ ചേരിതിരിഞ്ഞ് പൊരിഞ്ഞതല്ലാണ്.

പുതിയ പരീക്ഷണത്തിലാണവര്‍. മുസ്ലിംലീഗ് നേതൃത്വത്തില്‍ നുഴഞ്ഞ് കയറി പാര്‍ട്ടിസ്ഥാനം ദുരുപയോഗം ചെയ്ത് സമസ്തയെ ആക്രമിക്കുക. പാര്‍ട്ടിയില്‍ വലിയ എതിര്‍പ്പില്ലെന്ന് കണ്ടപ്പോള്‍ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണ് അവര്‍.

ബഹു:ജിഫ്രി തങ്ങള്‍ തന്നെ സന്ദര്‍ശിക്കുന്ന എല്ലാരാഷ്ട്രീയ നേതാക്കളെയും സ്വീകരിക്കാരുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബഹു: തങ്ങളെ സന്ദര്‍ശിച്ച ഒരു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതാണ് ഇപ്പോള്‍ തങ്ങളെ അവഹേളിക്കാന്‍ കാരണം.പല സ്ഥാനാര്‍ത്ഥികളും പല സയ്യിദുമാരെയും നേതാക്കളെയും ഇതിന് മുന്പും ഇപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ട്. അവരെല്ലാം വിജയിക്കാറുണ്ടോ ഒരു മണ്ഡലത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തങ്ങളെ സന്ദര്‍ശിച്ചാല്‍ ഒരാളല്ലേ വിജയിക്കു.

എന്താണിവര്‍ പറയുന്നത്! മുസ്ലിം സമൂഹത്തിന്റെ ആധികാരികരാഷ്ട്രീയ സംഘടനയെ ദുര്‍ബ്ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ഇവരില്‍ പലരും മുമ്പ് മുസ്ലിം ലീഗിന്റെ എതിര്‍ പക്ഷത്തായിരുന്നു. ചിലരാകട്ടെ, പാണക്കാട് തങ്ങള്‍ ആത്മീയ നേതാവല്ലെന്ന് പരസ്യ പ്രസ്താവന ഇറക്കിയവരും.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും പ്രവര്‍ത്തകര്‍ ഇതെല്ലാം നോക്കികാണുന്നുണ്ട്. ഒരു കാര്യം ഓര്‍ക്കുക സമസ്ത ഔലിയാക്കള്‍ സ്ഥാപിച്ചതാണ്. ആര് ചതിപ്രയോഗം നടത്തിയാലും ശരി. അതിനൊന്നും സംഭവിക്കില്ല. ഇ. അല്ലാഹ്.

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

പാലക്കാട്ടെ സ്ഥാനാര്‍ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍ എന്നിവരെ കുറിച്ച് പറയുന്നതിനിടെയാണ് പി.എം.എ സലാം ജിഫ്രി തങ്ങള്‍ക്ക് എതിരെ പരോക്ഷ പരാമര്‍ശം നടത്തിയത്. രാഹുല്‍ മങ്കൂട്ടത്തെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. ഇടത് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോള്‍ അദ്ദേഹത്തെ തലയില്‍ കൈ വെച്ചു അനുഗ്രഹിച്ച മറ്റൊരു നേതാവ് ഉണ്ടായിരുന്നു. ആരുടെ കൂടെയാണ് കേരളീയ മുസ്‌ലിം സമൂഹം എന്ന് വ്യക്തമായി അംഗീകരിക്കപ്പെട്ട ഒരു സാഹചര്യമാണ് ഇത് എന്നായിരുന്നു പി.എം.എ. സലാമിന്റെ പ്രതികരണം.

സരിന്‍ തെരെഞ്ഞെടുപ്പിന് മുന്‍പ് ജിഫ്രി തങ്ങളെ കണ്ടതും അനുഗ്രഹം നേടിയതിനും എതിരായ ഒളിയമ്പായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടു. മുസ്‌ലിം സമുദായത്തെ പ്രധിനിധീകരിക്കുന്ന പത്രങ്ങള്‍ ഏതാണ് എന്നും ഈ തെരഞ്ഞെടുപ്പോടെ വ്യകതമായിരിക്കുകയാണ് എന്നും സുപ്രഭാതത്തിലും സിറാജിലും വന്ന പരസ്യങ്ങളെ പരോക്ഷമായി സൂചിപ്പിച്ചു സലാം വ്യക്തമാക്കി. ഏതുപത്രം പറയുന്നതാണ് കേരളത്തിലെ മുസ്‌ലിം സമൂഹം അംഗീകരിക്കുന്നതെന്ന് കൂടി തെളിയിക്കപ്പെട്ട സാഹചര്യമാണ് എന്നും പി.എം.എ. സലാം പറഞ്ഞു.

Tags:    

Similar News