ബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; 'പൊട്ടാസ്യം സയനൈഡ്' പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ല

Update: 2026-01-01 01:38 GMT

തിരുവനന്തപുരം: ബിഡിജെസിനെ യുഡിഎഫും എടുക്കില്ല? തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് ഇടതുമുന്നണിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിലേക്കും വിരല്‍ ചൂണ്ടുന്നതാണ് സിപിഐയുടെ പുതിയ കണ്ടെത്തലുകള്‍. സിപിഐയെ 'ചതിയന്‍ ചന്തു' എന്ന് വെള്ളാപ്പള്ളി വിശേഷിപ്പിച്ചതോടെ, 'വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്' എന്ന കടുത്ത മറുപടിയുമായി ബിനോയ് വിശ്വം നേരിട്ട് രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ആരുമായും സഖ്യത്തിന് സിപിഐ തയ്യാറല്ല. ഇതോടെ ബിഡിജെഎസ് ഇടതില്‍ എത്തില്ലെന്നും ഉറപ്പായി. ഇതിന് പിന്നാലെയാണ് യുഡിഎഫിലെ മുസ്ലീം ലീഗും ബിഡിജെഎസിന് എതിരാകുന്നത്.

പിണറായിയുടെ മനസ്സ് അനുകൂലമാക്കി മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലെ ബിഡിജെഎസിനെ ഇടതിലെത്തിക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ ്‌സിപിഐ പരസ്യ പോര് പ്രഖ്യാപിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ കണ്ടാല്‍ ചിരിക്കുകയും കൈകൊടുക്കുകയും ചെയ്യുമെങ്കിലും സ്വന്തം കാറില്‍ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പമ്പയില്‍ നടന്ന അയ്യപ്പസംഗമത്തിന് മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ തന്റെ ഔദ്യോഗിക വാഹനത്തില്‍ ഒപ്പം കൂട്ടിയതിനെ പരിഹസിച്ചായിരുന്നു ബിനോയ്യുടെ ഈ മറുപടി. ഇതിലൂടെ മുഖ്യമന്ത്രിയുടെ നിലപാടുകളോടുള്ള വിയോജിപ്പാണ് സിപിഐ പരസ്യമാക്കുന്നത്. ഇതേ ബിഡിജെഎസിനെ യുഡിഎഫില്‍ എടുക്കാന്‍ മുസ്ലീം ലീഗും തയ്യാറല്ല. വെള്ളാപ്പള്ളിയുടെ മലബാര്‍ വിരുദ്ധ പ്രസ്താവനയാണ് ഇതിന് കാരണം.

മുസ്ലിം ലീഗ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ 'മതേതര കോമഡി' ആണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചിരുന്നു. പേരില്‍ പോലും മതം വെച്ചുകൊണ്ട് അവര്‍ മതേതരത്വം പറയുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. മലപ്പുറം ജില്ല ഒരു പ്രത്യേക വിഭാഗത്തിന്റെ സാമ്രാജ്യമായി മാറിയെന്നും അവിടെ ഈഴവ സമുദായത്തിന് ശ്വസിക്കാന്‍ പോലും അനുവാദമില്ലെന്നും അദ്ദേഹം ആരോപിച്ചു. നോമ്പുകാലത്ത് മലപ്പുറത്ത് പെട്ടിക്കടകള്‍ പോലും തുറക്കാന്‍ സമ്മതിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. മലപ്പുറത്ത് മുസ്ലിം ലീഗ് നേതാക്കളുടെ കീഴില്‍ 17 എയ്ഡഡ് കോളേജുകള്‍ ഉള്ളപ്പോള്‍ ഈഴവ സമുദായത്തിന് ഒന്നുമില്ലെന്നും, ലീഗ് സമ്പന്നരായ മുസ്ലീങ്ങളെ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് 'വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്' ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിവാദ പരാമര്‍ശം.-ഈ സാഹചര്യത്തിലാണ് ലീഗിന്റെ എതിര്‍പ്പ്.

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്ക് ഒരു പൂച്ചയുടെ പിന്തുണ പോലും കിട്ടില്ലെന്നും, ഇത്തരം വിദ്വേഷ പ്രസംഗങ്ങളെ അവഗണിക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ലീഗ് ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. തന്റെ അഭിഭാഷകനും ഓഡിറ്ററും മുസ്ലീങ്ങളാണെന്നും താന്‍ സമുദായത്തിന് എതിരല്ല, ലീഗിന്റെ രാഷ്ട്രീയത്തിന് മാത്രമാണ് എതിരെന്നും അദ്ദേഹം വിശദീകരിച്ചു. അന്ന് കോണ്‍ഗ്രസ് നേതാക്കളും ലീഗ് നേതാക്കളും വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ സംരക്ഷിക്കുകയാണെന്ന ആരോപണവും യുഡിഎഫ് ഉന്നയിച്ചു. ഈ സാഹചര്യമാണ് ലീഗിന്റെ എതിര്‍പ്പിന് കാരണം.

ശബരിമല സ്വര്‍ണക്കൊള്ള, വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അമിതമായി ചേര്‍ത്തുപിടിക്കുന്ന രീതി, പിണറായി വിജയന്റെ ഏകാധിപത്യപരമായ പെരുമാറ്റം, ഇടതുപക്ഷത്തുനിന്നുള്ള ന്യൂനപക്ഷങ്ങളുടെ അകല്‍ച്ച തുടങ്ങിയവയാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി സിപിഐ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈ ആരോപണങ്ങളൊന്നും അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ല. പത്മകുമാര്‍ അടക്കമുള്ള നേതാക്കള്‍ പ്രതികളായ ശബരിമല കേസില്‍ നടപടിക്ക് മടിക്കുന്നതും, ഭരണവിരുദ്ധ വികാരമില്ലെന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത വര്‍ധിപ്പിക്കുന്നു.

സിപിഐ ചതിയന്മാരുടെ പാര്‍ട്ടിയാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് ബിനോയ് വിശ്വം അതേ നാണയത്തില്‍ മറുപടി നല്‍കി. ചതിയന്‍ ചന്തുവിന്റെ തൊപ്പി ഏറ്റവും കൂടുതല്‍ ഇണങ്ങുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണ് എന്നായിരുന്നു ബിനോയ്യുടെ പരിഹാസം. എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറുഭാഗത്ത്, മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതില്‍ എന്താണ് തെറ്റെന്നും താന്‍ അയിത്തജാതിക്കാരനാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പത്ത് വര്‍ഷം സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങള്‍ പറ്റിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നവരാണ് യഥാര്‍ത്ഥ ചതിയന്മാരെന്നും അദ്ദേഹം ശിവഗിരിയില്‍ തുറന്നടിച്ചു.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പഠിക്കാനായി ജനുവരി 15 മുതല്‍ 30 വരെ സിപിഐ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുമെന്ന് പാര്‍ട്ടി അറിയിച്ചിട്ടുണ്ട്. തെറ്റുകള്‍ തിരുത്തി ഇടതുമുന്നണി ശക്തമായി തിരിച്ചുവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Tags:    

Similar News