'സിറ്റിക്കകത്ത് നാല് എണ്ണം ഇടാനുള്ള സ്ഥലം നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്; രണ്ട് എണ്ണം മേയര്‍ക്ക് പൈലറ്റ് പോകും; ഇനി 107 എണ്ണമല്ലേ ഉള്ളൂ'; കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ വി വി രാജേഷിനെ പരിഹസിച്ച് ഗായത്രി ബാബു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു. മാരാര്‍ജി ഭവനില്‍ ഇലക്ട്രിക് ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന എഐ ചിത്രം പങ്കുവച്ചാണ് ഗായത്രി ബാബുവിന്റെ പരിഹാസം. സിറ്റിക്കകത്ത് നാലെണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ടെണ്ണം മേയര്‍ക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂവെന്നുമാണ് ഗായത്രി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.
തിരുവനന്തപുരം നഗരം, ഒരു തലസ്ഥാന നഗരം, വളരെ ആക്സസിബിള്‍ ആയിരിക്കണം. 2 ലക്ഷത്തില്‍ പരം ആളുകള്‍ ദിനംപ്രതി വന്നു പോകുന്ന നഗരം എന്നത് തിരുവനന്തപുരത്തിന്റെ ചലനാത്മകതയുടെ പ്രത്യേകത കൂടിയാണ്. കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണമെങ്കില്‍ പൊതുഗതാഗത വാഹനങ്ങള്‍ നഗരത്തിനുള്ളില്‍ കിടന്ന് കറങ്ങിയത് കൊണ്ടായില്ലെന്നും ഗായത്രി ബാബു കൂട്ടിച്ചേര്‍ത്തു. സബ് അര്‍ബന്‍ മേഖലയെ നഗരത്തില്‍ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വര്‍ദ്ധിച്ച് വീര്‍പ്പുമുട്ടലുണ്ടാകുമെന്നും സബര്‍ബന്‍ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികള്‍ക്കും ഗുണപ്രദമാകൂവെന്നും അവര്‍ കുറിച്ചു.
'കരാറില്‍ തന്നെ സബര്‍ബന്‍ സേവനം (പീക്ക് ടൈമിന് ശേഷം) നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ, തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍,ആകെ മൂന്നോ നാലോ കിലോമീറ്റര്‍ ആണ് നഗരത്തിനുപുറത്ത് സ്മാര്‍ട്ട് സിറ്റി ബസുകള്‍ ഓടുന്നത്. നെയ്യാറ്റിന്‍കരയിലുള്ളവര്‍ക്ക് സിറ്റിയിലേക്ക് വരണ്ടേ? അതൊരു ചോദ്യമാണ്. ഇതെല്ലാം പറഞ്ഞ ശേഷവും, ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് പറ്റില്ലെങ്കില്‍ തിരിച്ചെടുത്തോളാന്‍ പറഞ്ഞത്. അതൊരു ഒന്നൊന്നര പറച്ചില്‍ ആയിരുന്നു'- ഗായത്രി ബാബു കുറിച്ചു.