ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമര്‍ശനവും പാടില്ല; ആരുടെയെങ്കിലും പ്രസംഗത്തില്‍ അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല; തെരഞ്ഞെടുപ്പു കാലത്ത് ജമാഅത്തെ വിമര്‍ശനം മയപ്പെടുത്തി എം എ ബേബി

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമര്‍ശനവും പാടില്ല

Update: 2026-03-18 08:07 GMT

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ജമാഅത്തെ ഇസ്ലാമി വിമര്‍ശനം മയപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമര്‍ശനവും പാടില്ല എന്നാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാടെന്ന് ബേബി പറഞ്ഞു. ആരുടെയെങ്കിലും പ്രസംഗത്തില്‍ അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ലെന്നും അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ അനുവാദരഹിതമായി ഒരു വിമര്‍ശനം പാടില്ല എന്നുള്ളത് തന്നെയാണ് പാര്‍ട്ടിയുടെ കാഴ്ചപ്പാട്. ആരുടെയെങ്കിലും പ്രസംഗത്തില്‍ അങ്ങനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ കാഴ്ചപ്പാടല്ല. ആരുടെയെങ്കിലും പ്രതികരണത്തില്‍ അനുവാദരഹിതമായി ഏതെങ്കിലും കാര്യങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ പരിശോധിക്കുകയും തിരുത്തുകയും ചെയ്യും. പക്ഷെ മൃദു ഹിന്ദുത്വ സമീപനം എന്ന് പറയുന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും സാധ്യമല്ല.

പ്രഭാഷണങ്ങളിലുള്ള പരാമര്‍ശങ്ങള്‍ അല്ലാതെ ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ എന്തെങ്കിലും പ്രസ്താവന പാര്‍ട്ടി ഏതെങ്കിലും ഘട്ടത്തില്‍ ഇറക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ, വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്ന ചില വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ പിണറായി വിജയന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും അത് വെള്ളാപ്പള്ളിയെ ഉദ്ദേശിച്ചാണെന്ന് ആര്‍ക്കും മനസ്സിലാകുന്ന വിധത്തിലാണ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. വിദ്വേഷം വമിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുകയില്ല.

സിപിഎമ്മിന്റെ പരിപാടിയില്‍ ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതില്‍ വിമര്‍ശനം മുഴുവന്‍ ഫാഷിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് സൃഷ്ടിക്കുന്ന വര്‍ഗീയതയെ കുറിച്ചാണ്. ഈ വര്‍ഗീയതയെ എതിര്‍ക്കാന്‍ എന്ന മട്ടില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിക്കുമ്പോള്‍ അത് പലതും ന്യൂനപക്ഷ വര്‍ഗീയതയായി മാറുകയും ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യായീകരണമായി ഭവിക്കുകയും ചെയ്യുന്നു എന്ന നിലയിലാണ് ന്യൂനപക്ഷ വര്‍ഗീയതയെയും വിമര്‍ശിച്ചിരിക്കുന്നത്.

ഏത് സമൂഹത്തിലും ഉള്ള മത, ഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരുടെ ബാധ്യതയാണ്. ഹിന്ദു ക്ഷേത്രത്തിന്റെ അരികിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത കാലത്ത് എ.കെ.ജിയെ പോലുള്ളവര്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തിട്ടുണ്ട്. എവിടെയൊക്കെ മതപരമായ അവകാശങ്ങള്‍, ഭാഷാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടോ അവിടെ പോയി പൊരുതണം.

ഇപ്പോള്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയില്‍ ഒരു ബിജെപി എംപി ഉണ്ട്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്ന തൃശ്ശൂരില്‍ നിന്നാണ് ജയിച്ചത്. ടി.എന്‍. പ്രതാപനേക്കാള്‍ ഒരു ലക്ഷത്തിനടുത്ത വോട്ടാണ് കെ. മുരളീധരന് കുറഞ്ഞത്. 75000 വോട്ടിനാണ് ബിജെപിയുടെ എംപി തൃശൂരില്‍ നിന്നും ജയിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് ടിഎന്‍ പ്രതാപനെതിരായി മത്സരിക്കുമ്പോള്‍ കിട്ടിയതിനേക്കാളും 16000 വോട്ട് കൂടുതല്‍ കിട്ടി.

ഡല്‍ഹിയില്‍ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി എനിക്ക് സഹകരിക്കേണ്ട എന്റെ സുഹൃത്തുക്കള്‍ നിര്‍ഭാഗ്യവശാല്‍ എന്തെല്ലാം അബദ്ധങ്ങളാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ വന്ന് സിപിഎമ്മിനെ സി.ജെ.പി എന്ന് സംബോധന ചെയ്തുകൊണ്ട് പോയ സുഹൃത്ത്, ഗുജറാത്തില്‍ പോയി ഞാന്‍ പൂണൂല്‍ ധരിച്ച ബ്രാഹ്‌മിന്‍ ആണ് എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് പറയാന്‍ കഴിയുമോ എന്നുള്ളത് എനിക്ക് അറിഞ്ഞുകൂടാ. 'വി ആര്‍ എഗന്‍സ്റ്റ് ഹിന്ദു രാഷ്ട്ര, വി ആര്‍ ഫോര്‍ ഹിന്ദു രാജ്യ' എന്ന് അദ്ദേഹം ഒരു സന്ദര്‍ഭത്തില്‍ പറഞ്ഞു. അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുത്തയാളുടെ അബദ്ധമായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷെ അദ്ദേഹം പിന്നെ ഉത്തര്‍പ്രദേശില്‍ പോയി ഇത് തന്നെ പറഞ്ഞു. ഭരണഘടനയ്ക്ക് എതിരായിട്ടാണ് അദ്ദേഹം പറഞ്ഞത്.

ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷത്തിന് സംരക്ഷണം കൊടുക്കുമ്പോള്‍ ഭൂരിപക്ഷം നമ്മില്‍ അകന്നു പോകുമോ എന്നുള്ള ആധി ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ പല സംസ്ഥാനങ്ങളിലും നേതൃത്വത്തിനുണ്ട്. യഥാര്‍ത്ഥത്തില്‍ വര്‍ഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പൊതുവില്‍ ഇന്ത്യയിലാകെ പിന്തുടരുന്ന മൃതു ഹിന്ദുത്വ സമീപനമാണ് നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. അത് സിപിഎമ്മിനെ കേരളത്തില്‍ ബാധിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം -അദ്ദേഹം പറഞ്ഞു.

Tags:    

Similar News