'എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സിപിഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട്'; ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് വെള്ളാപ്പള്ളി; സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം; വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ് എന്നും പ്രതികരണം

Update: 2026-01-02 08:00 GMT

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്‌പോര് തുടരുന്നു. ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ തുടങ്ങിയ വിമര്‍ശനങ്ങള്‍ വെള്ളാപ്പള്ളി ഇന്നും ആവര്‍ത്തിച്ചു. ബിനോയ് വിശ്വത്തിന്റെ കാറില്‍ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമര്‍ശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നല്‍കിയത്. എം എന്‍ ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തന്റെ കാറില്‍ കയറിയിട്ടുണ്ട്. തന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ സി പി ഐ നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും സി പി ഐക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചു. ചതിയന്‍ ചന്തു പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പറഞ്ഞതില്‍ എല്ലാം ഉറച്ചു നില്‍ക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.

വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമര്‍ശനങ്ങള്‍ക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തര്‍ക്കത്തിന് താനില്ല എന്നായിരുന്നു വെള്ളിയാഴ്ച മാധ്യമങ്ങളോടുള്ള ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ കൈയില്‍ നിന്ന് സിപിഐക്കാര്‍ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്‍ ഒരു വ്യവസായിയാണ്. അതിനാല്‍ തിരഞ്ഞെടുപ്പിന്റെയും മറ്റും ഭാഗമായി അദ്ദേഹത്തില്‍ നിന്ന് സിപിഐക്കാര്‍ പണ്ട് പിരിച്ചു കാണും. അതല്ലാതെ ചീത്ത വഴിക്ക് കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസ പോലും പിരിക്കുന്ന പതിവ് സിപിഐക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തര്‍ക്കത്തിന് താനില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ഒരുപാട് മഹാന്‍മാര്‍ ഇരുന്ന കസേരയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് എല്ലാ കാര്യവും അറിയാം. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏല്‍പ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി ഇങ്ങനെ; '' ബിനോയ് വിശ്വമല്ല പിണറായി വിജയന്‍. വളരെ ശരിയാണത്. എന്റെ കാര്യവും നിലപാടും ഞാന്‍ പറയും. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും നിലപാടും അദ്ദേഹവും പറയും. ഇതിലെ ശരി ജനങ്ങള്‍ തീരുമാനിച്ചോട്ടെ. പിണറായി വിജയനും ബിനോയ് വിശ്വവും രണ്ടും രണ്ടു പേരാണ്. രണ്ട് കാഴ്ചപ്പാടാണ്. രണ്ട് നിലപാടാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ വാദങ്ങളെ ഞാന്‍ നിരാകരിക്കുന്നില്ല.'' കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാണ് ബിനോയ് വിശ്വം മടങ്ങിയത്.

'ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍'

ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സി പി ഐയുടെ വിമര്‍ശനങ്ങള്‍ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി, ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍ എന്ന പരാമര്‍ശം നടത്തിയത്. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് പിണറായി വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കില്‍ ഒരു കാരണവശാലും കാറില്‍ കയറ്റില്ലെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരാമര്‍ശത്തിലെ മാധ്യമ പ്രവര്‍ത്തകരുടോ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിന്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയന്റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരിക്കും, ഞാന്‍ എന്റെ നിലപാടിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല' - മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

Similar News