'ഇരട്ടചങ്കുണ്ടായാല്‍ പോര.. ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാന്‍ കഴിയു; മെയ് ദിനം ആചരിക്കുന്ന ഒരു പാര്‍ട്ടി സമരക്കാരെ പരിഹസിക്കുകയാണ്'; ആശവര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കെ കെ രമ
'ഇരട്ടചങ്കുണ്ടായാല്‍ പോര.. ചങ്കിലിത്തിരി മനുഷ്യത്വം വേണം
തിരുവനന്തപുരം: ഒരു മാസമായി ആശവര്‍ക്കര്‍മാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എല്‍.എ. ധനാഭ്യര്‍ഥനയെ എതിര്‍ത്ത് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കെ.കെ. രമ ആവശ്യം ഉന്നയിച്ചത്. സമരം തീര്‍ക്കാന്‍ മുന്‍കൈയെടുക്കാത്ത സര്‍ക്കാറിനെ അവര്‍ വിമര്‍ശിച്ചു. 26000ല്‍ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് തലസ്ഥാനത്ത് സമയം ചെയ്യുന്നതെന്ന് രമ പറഞ്ഞു.
'സംസ്ഥാനത്തെ മന്ത്രിമാരുടെ മൂക്കിന് താഴെ ഉജ്വലമായ ഒരു സ്ത്രീ മുന്നേറ്റം നടക്കുകയാണ്. സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ്. 26000ല്‍ അധികം വരുന്ന ആശാ തൊഴിലാളികളുടെ പ്രതിനിധികളാണ് അവര്‍. കര്‍ഷക തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കാന്‍ സമരം ചെയ്ത, മെയ് ദിനം ആചരിക്കുന്ന ഒരു പാര്‍ട്ടി സമരക്കാരെ പരിഹസിക്കുകയാണ്. ഇരട്ടചങ്കുണ്ടായാല്‍ പോര..ചങ്കിലിത്തിരി മനുഷ്യത്വം വേണം, എങ്കിലെ തൊഴിലാളി സമരങ്ങളെ കണ്ടെന്ന് നടിക്കാന്‍ കഴിയു '-കെ.കെ. രമ പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണാക്കാന്‍ വേണ്ടി രാവും പകലും പണിയെടുക്കുന്നവരാണ് ആശ വര്‍ക്കര്‍മാരെന്നും അവരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്നും കൂലി കൂടുതല്‍ ചോദിക്കുമ്പോള്‍ മാത്രം കേന്ദ്ര സര്‍ക്കാറിനെ പറയുന്നതിലെ ന്യായമെന്താണെന്നും രമ ചോദിച്ചു. തൊഴിലാളി വര്‍ഗത്തെ കണ്ടില്ലെന്ന് നടിച്ച് തൊഴിലാളി വര്‍ഗ പാര്‍ട്ടിയാണെന്ന് പറയാന്‍ എന്ത് ആവകാശമാണ് ഉള്ളതെന്ന് ചോദിച്ച് സി.പി.എമ്മിനെ വിമര്‍ശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി എടപെടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു.
അതേസമയം ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് സമര പന്തലില്‍ എത്തി. ആശ വര്‍ക്കര്‍മാരെ സംസ്ഥാന ആരോഗ്യമന്ത്രിയും സര്‍ക്കാരും വഞ്ചിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍ എന്ന് പരിഹസിച്ച സുരേഷ് ഗോപി ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ടു.
നിങ്ങള്‍ അങ്ങ് ഡല്‍ഹിയിലോട്ട് പോകൂ, ഞാനും വന്ന് സമരത്തിന് ഇരിക്കാമെന്ന് മന്ത്രി പറഞ്ഞത് വളരെ മോശമായിപ്പോയി. ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ കൂടെ വന്ന് സമരം ചെയ്യാന്‍ പറ, അത് അവര്‍ക്ക് സാധിക്കില്ലെന്നും അതും നിങ്ങളെ പറഞ്ഞു പറ്റിക്കുന്നതാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.
കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുവെന്ന് പറയുന്ന ഫണ്ട് കേരളം ചെലവഴിച്ചോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, അത് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളും അവരുടെ വക്താക്കളായ മാധ്യമങ്ങളുമില്ലേയെന്നും, അത് അന്വേഷിക്കാന്‍ ഇനി സി.ബി.ഐയെ കൊണ്ടുവരണോയെന്നുമാണ് സുരേഷ് ഗോപി ചോദിച്ചത്.
ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം ലഭിക്കണമെങ്കില്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയേ മതിയാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോള്‍ കേന്ദ്രം അനുവദിച്ചിട്ടുള്ള കാര്യം തന്നെയാണ് നാളുകളായി സംസ്ഥാനം ചോദിക്കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ഭാഷ മനസിലാകാത്തത് കൊണ്ടായിരിക്കുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.