ഗുരുവായൂരില്‍ തൊഴാന്‍ പോയെന്ന് പറഞ്ഞെങ്കിലും ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം സൂചനയായി; കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് നേതാക്കള്‍; വിശ്വാസ സംരക്ഷണ സംഗമത്തിലേക്ക് മടങ്ങിയെത്തി 'ക്യാപ്റ്റന്‍'
കെ മുരളീധരനെ അനുനയിപ്പിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും മുന്‍ നിശ്ചയപ്രകാരം കെ. മുരളീധരന്‍ പങ്കെടുക്കും. കെപിസിസി പുന: സംഘടനയിലെ അതൃപ്തിയുടെ പേരില്‍ ഇടഞ്ഞ അദ്ദേഹം നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നിലപാട് മാറ്റിയത്. ചെങ്ങന്നൂരില്‍ ശനിയാഴ്ച നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി ഗുരുവായൂരിലായിരുന്ന അദ്ദേഹം ഇതിനോടകം തന്നെ യാത്ര തിരിച്ചിട്ടുണ്ട്.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന അതൃപ്തി കാരണമാണ് കെ. മുരളീധരന്‍ യാത്രയില്‍ നിന്നും സംഗമത്തില്‍ നിന്നും വിട്ടുനിന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ, ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് പോയിരുന്നു. ക്ഷേത്രദര്‍ശനത്തിനാണ് പോകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചെങ്കിലും, ശനിയാഴ്ചത്തെ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹത്തിന്റെ തീരുമാനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കെ. മുരളീധരനുമായി ഫോണില്‍ സംസാരിച്ച് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. കൂടാതെ, 22-ന് കെ.സി. വേണുഗോപാലും മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതെന്ന് കരുതപ്പെടുന്നു.
വിശ്വാസ സംരക്ഷണ ജാഥകളുടെ ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കെ. മുരളീധരന്‍. നാല് മേഖലാ ജാഥകളും കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ സമാപിച്ചു. ഇതിന്റെ തുടര്‍ച്ചയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് പദയാത്രയും വിശ്വാസ സംരക്ഷണ സംഗമവും നടക്കും. കെപിസിസി പുനഃസംഘടനയില്‍ താന്‍ നിര്‍ദ്ദേശിച്ച പേര് പരിഗണിക്കാതിരുന്നതാണ് മുരളീധരനെ ചൊടിപ്പിച്ചതെന്നാണ് വിവരം. കെ.എം. ഹാരിസിന്റെ പേരാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്.