ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിന്? വയനാട്ടിലേത് പാര്‍ട്ടി കാര്യം; എല്ലാം സംസാരിച്ച് ഒതുക്കിയതാണ്; എന്‍ എം വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല; കുടുംബത്തിന്റെ പരാതിയില്‍ പാര്‍ട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും കെ സുധാകരന്‍

ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിന്?

Update: 2025-01-07 09:46 GMT

കണ്ണൂര്‍: ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വയനാട്ടിലേത് പാര്‍ട്ടി കാര്യമാണ്. എല്ലാം സംസാരിച്ചു ഒതുക്കിയതാണ്. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ല. കുടുംബം നേരത്തെ വന്നുകണ്ടിരുന്നുവെന്നും അതില്‍ പാര്‍ട്ടി സമിതി അന്വേഷണം നടക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ പ്രതികരണം.

ഇന്ന് കണ്ണൂരില്‍ എത്തിയതേ ഉള്ളൂ. വിജയന്റെ കത്ത് ഇനി വായിക്കണം. കുടുംബം നേരത്തെ വന്നു കണ്ടിരുന്നു. അതില്‍ പാര്‍ട്ടി സമിതി അന്വേഷണം തീരുമാനിച്ചു, അത് നടക്കുകയാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, എന്‍എം വിജയന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മൂത്ത മകന്‍ വിജിലന്‍സിന് മൊഴി നല്‍കി. കുടുംബം പ്രശ്‌നങ്ങളല്ല, സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു മരണത്തിന് കാരണമെന്നും എന്നാല്‍ അച്ഛന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നേരിട്ടറിയില്ലെന്നും മകന്‍ വിജിലന്‍സിനോട് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം പരസ്യമായി ഉന്നയിച്ചതിന് പിന്നാലെയാണ് മകന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. എന്‍എം വിജയന്റെ കത്ത് വായിച്ചിട്ടില്ലെന്ന കെ സുധാകരന്റെ വാദം തെറ്റാണെന്ന് വിമര്‍ശിച്ചാണ് ഇന്നലെ കുടുംബം രംഗത്ത് വന്നത്. കത്തില്‍ വ്യക്തതയില്ലെന്നും പാര്‍ട്ടിക്കെതിരെയല്ല ആളുകള്‍ക്കെതിരെയാണ് പരാമര്‍ശങ്ങള്‍ എന്ന് വിഡി സതീശന്‍ പറഞ്ഞതായും കുടുംബം പ്രതികരിച്ചിരുന്നു. പാര്‍ട്ടിക്കുവേണ്ടി കടക്കാരന്‍ ആയിട്ടും എന്‍എം വിജയനെ കോണ്‍ഗ്രസ് തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം പറഞ്ഞത്.

ഡിസിസി ട്രഷര്‍ എന്‍എം വിജയന്റെ ആത്മഹത്യക്ക് കാരണം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകളെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് തള്ളിയ കോണ്‍ഗ്രസ് ആരോപണ സ്ഥാനത്തുള്ള ഐസി ബാലകൃഷ്ണന്‍ എംഎല്‍എക്ക് ശക്തമായ പിന്തുണയും നല്‍കി. എന്നാല്‍ ഇപ്പോള്‍ കുടുംബം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതോടെ പ്രതിരോധത്തില്‍ ആയിരിക്കുകയാണ് കോണ്‍ഗ്രസ്. ആത്മഹത്യ കുറുപ്പില്‍ പറയുന്നത് പ്രകാരം എന്‍എം വിജയന്‍ എഴുതിയ കത്തുകള്‍ കെ സുധാകരനും വിഡി സതീശനും വായിച്ചു കേള്‍പ്പിച്ചിരുന്നുവെന്നും എന്നിട്ടും നേതാക്കള്‍ കൈയൊഴിഞ്ഞുവെന്നും കുടുംബം കുറ്റപ്പെടുത്തി.

Tags:    

Similar News